Connect with us

International

സുഡാനില്‍ 70 ലക്ഷം പേര്‍ അടിയന്തര സഹായം ലഭിക്കേണ്ടവര്‍: യു എന്‍

Published

|

Last Updated

ഖാര്‍ത്തൂം: ദര്‍ഫൂറിലെ ശക്തമായ സംഘര്‍ഷവും ദക്ഷിണ സുഡാനിലെ യുദ്ധവും കാരണം സുഡാനിലെ 70 ലക്ഷം പേര്‍ക്ക് സഹായം ആവശ്യമാണെന്ന് യു എന്‍. 61 ലക്ഷം പേര്‍ അടിയന്തര സഹായം ലഭിക്കേണ്ടവരാണെന്നും യു എന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം യു എന്‍ പുറത്തുവിട്ട കണക്ക് 61 ലക്ഷം പേര്‍ക്ക് സഹായം വേണമെന്നായിരുന്നു.
ഭീകരമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സുഡാനിലെ യു എന്‍ മനുഷ്യാവകാശ കോഓഡിനേറ്റര്‍ അലി അല്‍ സാതാരി പറഞ്ഞു. അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മാനുഷികമായ പരിഗണനകള്‍ പോലും പലര്‍ക്കും ലഭിക്കുന്നില്ല. അഭയാര്‍ഥികളില്‍ നല്ലൊരു ഭാഗം പോഷകാഹാര കുറവ് കാരണം രോഗാവസ്ഥയിലാണ്. ഫെബ്രൂവരി മുതല്‍ ഏപ്രില്‍ വരെ ദര്‍ഫുറിലെ കലാപം മൂലം മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 11 വര്‍ഷം മുമ്പ് സംഘര്‍ഷം ഉടലെടുത്ത ദര്‍ഫുറിലെ ക്യാമ്പുകളില്‍ 22 ലക്ഷം പേരുണ്ട്.
ദക്ഷിണ സുഡാനില്‍ പ്രസിഡന്റ് സല്‍വ കീറും റീക് മാച്ചറും തമ്മില്‍ അധികാരത്തിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് കലാപമാകുന്നത്. ഡിസംബര്‍ മുതല്‍ ദക്ഷിണ സുഡാനിന്റെ അതിര്‍ത്തിയില്‍ 85000 പേര്‍ അഭയം തേടിയെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് ഇവിടെ കലാപത്തില്‍ മരിച്ചത്.
സുഡാനില്‍ വ്യാപകമായി നടത്തിയ സര്‍വേയില്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികളില്‍ വലിയ അളവിലുള്ള പോഷകാഹാരക്കുറവാണ് കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണ കോര്‍ദുഫാനിലും ബ്ലൂ നൈലിലും മാനുഷിക സഹായം നല്‍കുന്നതിന് ബുദ്ധിമുട്ടായി സംഘടനകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Latest