Connect with us

Malappuram

രശീതി തീര്‍ന്നു; ഭൂനികുതി പിരിക്കല്‍ അനിശ്ചിതാവസ്ഥയില്‍

Published

|

Last Updated

മഞ്ചേരി: വില്ലേജ് ഓഫീസുകളില്‍ ഭൂനികുതി അടക്കുന്നവര്‍ക്ക് നല്‍കാന്‍ രശീത് ബുക്ക് ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളിലും കരംപിരിവ് മുടങ്ങി. സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകളിലേക്ക് സര്‍ക്കാര്‍ പ്രസ്സുകളിലടിക്കുന്ന രശീതി ബുക്കുകളാണ് എത്തുന്നത്. തിരുവനന്തപുരം, കാക്കനാട്, ഷൊര്‍ണൂര്‍, കണ്ണൂര്‍, തൃക്കാക്കര തുടങ്ങിയ സര്‍ക്കാര്‍ പ്രസുകളിലാണ് രശീതി ബുക്കുകള്‍ അച്ചടിക്കുന്നത്. ഇത് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ വഴി താലൂക്ക് ഓഫീസുകളിലെത്തുന്നു. ബുക്കുകളിലെ ലീഫുകള്‍ തീരുന്ന മുറക്ക് വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയാണ് ഇവ ലഭ്യമാക്കുന്നത്.
എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് മുതല്‍ കലക്ടറേറ്റുകളില്‍ ആവശ്യമുള്ള രശീതി ബുക്കുകള്‍ എത്തുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം പാലക്കാട് ജില്ലയില്‍ നിന്നാണ് മലപ്പുറത്തേക്ക് രശീതി ബുക്കുകള്‍ ലഭ്യമാക്കിയത്. മഞ്ചേരി വില്ലേജ് ഓഫീസില്‍ പ്രതിദിനം ശരാശരി എഴുപത് കരമടച്ച രശീതികള്‍ നല്‍കി വരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ രണ്ടായിരം പേരാണ് ഇവിടെ കരമടച്ചത്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കരം സ്വീകരിക്കുന്നില്ല. രശീതി നല്‍കാനില്ലാത്തതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. കോടതിയില്‍ ജാമ്യമെടുക്കുന്നതിനും മറ്റുമായി കരമടച്ച രശീതി നിര്‍ബ്ബന്ധമാണ്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഈ രശീതി ഹാജരാക്കണമെന്നതിലാല്‍ പലരും വെട്ടിലായിരിക്കയാണ്. ബുക്ക് ലഭിച്ചാല്‍ തന്നെ റീസര്‍വെ കഴിഞ്ഞതിനാല്‍ കരമടച്ച് രശീതി നല്‍കുന്നത് ഏറെ ശ്രമകരമാണെന്ന് ജീവനക്കാര്‍ പറയുന്നു. പഴയ ബുക്കുകള്‍ കൂടി പരിശോധിക്കണമെന്നതാണ് ഇതിനു കാരണം.