Connect with us

Malappuram

ഇ സാക്ഷരതാ യജ്ഞം: കമ്പ്യൂട്ടറുകള്‍ തൊഴിലിടങ്ങളിലേക്ക്

Published

|

Last Updated

മലപ്പുറം: “വായനയും ടെക്‌നോളജിയും നവകേരള പുരോഗതിക്ക്” എന്ന സന്ദേശം യാഥാര്‍ഥ്യമാക്കാന്‍ തൊഴിലിടങ്ങളില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയൊരുങ്ങുന്നു. കേരളത്തെ സമ്പൂര്‍ണ ഇ സാക്ഷരതാ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര നടത്തുന്ന സമ്പൂര്‍ണ ഇ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായാണിത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗ്രന്ഥശാലാ – സാക്ഷരതാ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച പി എന്‍ പണിക്കരുടെ ചരമ വാര്‍ഷികദിനമായ ജൂണ്‍ 19 മുതല്‍ 25 വരെ നടക്കുന്ന വായനാവാരത്തോടനുബന്ധിച്ച് ഇ സാക്ഷരതാ യജ്ഞ പരിപാടികള്‍ക്കും ജില്ലയില്‍ തുടക്കം കുറിക്കാന്‍ തീരുമാനിച്ചു.
ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് ആലങ്കോട്, വളാഞ്ചേരി, പൊന്മുണ്ടം, തിരൂരങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി ചുങ്കത്തറ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. “അക്ഷയ” പദ്ധതി നടപ്പാക്കിയതില്‍ നിന്നും വ്യത്യസ്തമായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലിടങ്ങള്‍, മാര്‍ക്കറ്റിലും ചന്തകളിലുള്ള കച്ചവടക്കാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, കൃഷി സ്ഥലങ്ങള്‍, കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍, ടാക്‌സി-ടെമ്പോ സ്റ്റാന്‍ഡുകള്‍ ചുമട്ട് തൊഴിലാളികള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശീലകര്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമായി ചെന്ന് 10 ദിവസമാണ് അടിസ്ഥാന കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുക.
കേന്ദ്ര വിഹിതമായി മൂന്ന് ലക്ഷവും സംസ്ഥാന വിഹിതമായി രണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷവുമായി പരമാവധി ആറ് ലക്ഷമാണ് പദ്ധതിക്കായി വിനിയോഗിക്കുക. ഇ സാക്ഷരതാ പ്രവര്‍ത്തനങ്ങളുള്‍പ്പെടുത്തി നിലവിലുള്ള പദ്ധതികളില്‍ ഭേദഗതി വരുത്തുകയാണെങ്കില്‍ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ വാങ്ങുന്നതും പരിശീലനം നടത്തുന്നതും പഞ്ചായത്തുകളുടെ ചുമതലയാണ്. ജില്ലാതല ഇ ഗവേണന്‍സ് സൊസൈറ്റിക്കനുവദിച്ച ഫണ്ടും ഇതിനായി വിനിയോഗിക്കാമെന്ന് പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി ജില്ലാതലത്തില്‍ ജില്ലാ കലക്ടറും പഞ്ചായത്ത്തലത്തില്‍ പ്രസിഡന്റും അധ്യക്ഷന്മാരായ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. പരിശീലനം നല്‍കാന്‍ താത്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ വിനിയോഗിച്ച് മറ്റ് പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാമെന്ന് കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ ജാഫര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കോണ്‍ഫഡറേഷന്‍ ഓഫ് എന്‍ ജി ഒ ഇന്‍ റൂറല്‍ ഇന്ത്യ (സി എന്‍ ആര്‍ ഐ) പ്രതിനിധികളായ യൂസഫലി വലിയോറ, കെ ആര്‍ രവി, ടി ശശിധരന്‍ മാസ്റ്റര്‍, മാധവന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest