Connect with us

International

വോട്ടിംഗ് ശതമാനം കുറവ്; ഈജിപ്തില്‍ വോട്ടെടുപ്പ് വീണ്ടും നീട്ടി

Published

|

Last Updated

കൈറോ: ഈജിപ്തില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഒരു ദിവസം കൂടി നീട്ടി. വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് വോട്ടെടുപ്പ് നീട്ടാന്‍ കാരണം. കടത്ത ചൂടാണ് മോശം വോട്ടിംഗിന് കാരണമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണവും നിസ്സഹകരണവുമാണ് മോശം പ്രതികരണത്തിന് കാരണമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസമായി നടക്കുന്ന വോട്ടെടുപ്പാണ് വീണ്ടും നീട്ടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോളിംഗ് ബൂത്തുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 37 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി പറഞ്ഞു. 53 ദശലക്ഷം പേര്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അന്താരാഷ്ട്ര തലത്തില്‍ തിരഞ്ഞെടുപ്പിന് ജനാധിപത്യ മുഖമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് തിരഞ്ഞെടുപ്പ് മൂന്നാം ദിവസത്തിലേക്ക് നീട്ടിയതെന്ന് ആരോപണമുണ്ട്.
സീസിക്ക് മുന്നിലെ ഏക എതിര്‍ സ്ഥാനാര്‍ഥിയായ ഹംദീന്‍ സ്വബാഹി വോട്ടെടുപ്പ് നീട്ടിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മോശമല്ലാത്ത വോട്ടെടുപ്പ് നടന്നിട്ടുണ്ടെന്ന് താത്കാലിക പ്രധാനമന്ത്രി ഇബ്‌റാഹീം മഹലബ് അവകാശപ്പെട്ടു. സൈനിക തിരഞ്ഞെടുപ്പെന്ന് ആക്ഷേപിച്ച് വിമര്‍ശകര്‍ രംഗത്തുവന്നിരുന്നു. രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പില്‍ കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാ പ്രവിശ്യകളിലും ശക്തമായ സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്.
ഈജിപ്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ രാജ്യത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈനിക മേധാവി പുറത്താക്കുകയും അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പില്‍ സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ള അബ്ദുല്‍ ഫത്താഹ് അല്‍സീസി അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഹമ്മദ് മുര്‍സിയുടെ അനുകൂലികള്‍ തിരഞ്ഞെടുപ്പ് പൂര്‍ണമായും ബഹിഷ്‌കരിക്കുകയും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Latest