Connect with us

Ongoing News

കൊച്ചി മെട്രോ 2016 ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി കെ എസ് ഇ ബി 8.7 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊച്ചി മെട്രോയില്‍ 2015 ഡിസംബറോടെ പരീക്ഷണ ഓട്ടം നടത്താനാകുമെന്നും 2016 ഏപ്രിലില്‍ മെട്രോ കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ 676 ന് കീഴില്‍ വൈദ്യുതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ട്. ഇതിനാവശ്യമായ തുക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയത് സര്‍ക്കാറിന്റെ വീഴ്ചയല്ല. കരാറുകാരുടെ വീഴ്ച മൂലമുണ്ടായ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയനുസരിച്ച് 200 കോടി രൂപ ചെലവില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ സമ്പൂര്‍ണ വൈദ്യുതീകരണം ഈ സെപ്തംബറില്‍ പൂര്‍ത്തിയാക്കും.
സംസ്ഥാനത്തെ 43 നഗരങ്ങളില്‍ 1375 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കും. ഇതില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പുനലൂര്‍, പറവൂര്‍, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ ടൗണുകളിലെ പ്രവൃത്തികള്‍ ആഗസ്റ്റിനുള്ളില്‍ പൂര്‍ത്തീകരിക്കും. ബി പി സി എല്ലിന്റെ കൊച്ചി റിഫൈനറിയുടെ വികസനത്തോടനുബന്ധിച്ച് പെറ്റ്‌കോക്ക് ഇന്ധനമാക്കി 500 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ പ്ലാന്റ് കൊച്ചിയില്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. 128 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റ് എല്‍ എന്‍ ജി ഇന്ധനത്തെ അധിഷ്ഠിതമാക്കി കമ്മീഷന്‍ ചെയ്യും. രണ്ട് 220 കെ പി സബ് സ്റ്റേഷനുകളും പതിനാറ് 110 കെ വി സബ് സ്റ്റേഷനുകളും നാല് 66 കെ വി സബ് സ്റ്റേഷനുകളും പതിനേഴ് 33 കെ വി സബ്‌സ്റ്റേഷനുകളും ഉള്‍പ്പെടെ 39 സബ് സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യും.
74 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പി വി പവര്‍ പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്യും. കൊച്ചി മെട്രോയുടെ പണികള്‍ 2015 ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വണ്ടികളുടെ പരീക്ഷണ ഓട്ടം നടത്തും. കൊല്ലം പടിഞ്ഞാറേ കല്ലടയില്‍ 300 ഏക്കറില്‍ 50 മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും വീടുകളില്‍ 3600 ഗ്രിഡ് കണക്ട് സോളാര്‍ പ്ലാന്റുകളും സ്ഥാപിക്കും.
110 .5 മെഗാവാട്ട് ശേഷിയുള്ള 25 ചെറുകിട ജലവൈദ്യുത പദ്ധതികളും 31 മൊഗാവാട്ട് ശേഷിയുള്ള ഏഴ് ചെറുകിട ജല വൈദ്യുത പദ്ധതികളും നടപ്പാക്കും. ചീമേനിയില്‍ കല്‍ക്കരിയോ എല്‍ എന്‍ ജിയോ അടിസ്ഥാനമാക്കിയുള്ള പവര്‍ പ്ലാന്റ് സ്ഥാപിക്കും.

 

---- facebook comment plugin here -----

Latest