Connect with us

National

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളപ്പണം പിടിച്ചെടുത്തു

Published

|

Last Updated

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനെന്ന് കരുതുന്ന 8.5 കോടി രൂപയുടെ രേഖകളില്ലാത്ത പണം പിടിച്ചെടുത്തു. ബെല്ലാരിയിലെ ധനകാര്യ ഇടപാടുകാരന്റെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. ദാബു ലാല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആയിരം, അഞ്ഞൂറ് രൂപയുടെ കെട്ടുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 4.5 കോടി രൂപ മതിക്കുന്ന ചെക്കുകളും പിടിച്ചെടുത്തുവെന്ന് ബെല്ലാരി എ എസ് പി പറഞ്ഞു.
പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബാബുവിനെ ചോദ്യം ചെയ്തുവരികയാണ്. ബെല്ലാരിയിലെ സംവരണ മണ്ഡലത്തിലേക്ക് ഈ മാസം പതിനേഴിനാണ് തിരഞ്ഞെടുപ്പ്. പണത്തോടൊപ്പം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും പിടിച്ചെടുത്തു. താമരയുടെ സ്റ്റിക്കറുകളാണ് ഉണ്ടായിരുന്നത്. ബി ജെ പി നേതാവ് ബി ആര്‍ ശ്രീരാമലുവാണ് ഇവിടെ മത്സരിക്കുന്നത്. 2009ല്‍ ഈ സീറ്റിലും ബി ജെ പിയാണ് വിജയിച്ചിരുന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയാണ് ഇവിടുത്തെ സിറ്റിംഗ് എം പി.
ബെല്ലാരിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹൊസെപ്പട്ടില്‍ നടന്ന റെയ്ഡില്‍ 1.2 കോടി രൂപ പിടിച്ചെടുത്തു. വ്യവസായിയുടെ വീട്ടിലായിരുന്നു റെയ്ഡ്. ഇയാളെയും കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണോ പിടിച്ചെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബെല്ലാരി കര്‍ണാടകയിലെ ഖനന മേഖലയാണ്. ഇവിടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവര്‍ പണം നല്‍കുന്നത് പതിവാണ്. ഖനന മാഫിയയുമായി ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഖനന രാജാക്കന്മാരായ റെഡ്ഢി സഹോദരങ്ങളുമായി അടുത്ത ബന്ധമുള്ള ശ്രീരാമുലുവിന് ടിക്കറ്റ് നല്‍കിയതിനെ സുഷമാ സ്വരാജ് ഉള്‍പ്പെടെ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തിരുന്നു.

---- facebook comment plugin here -----

Latest