Connect with us

Gulf

എക്‌സ്‌പോ 2020: ശൈഖ് മുഹമ്മദ് ഒരുക്കങ്ങള്‍ വിലയിരുത്തി

Published

|

Last Updated

ദുബൈ: രാജ്യം ഉറ്റുനോക്കുന്ന ലോക വ്യാപാര മേളയായ എക്‌സ്‌പോ 2020ന് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി 2.77 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് എക്‌സ്‌പോ സംഘാടക സമിതി. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ ഉണ്ടാവുക.
180 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്‌സ്‌പോ ആറു മാസം നീണ്ടുനില്‍ക്കും. 2.5 കോടി ജനങ്ങള്‍ ദുബൈയിലെത്തും. എക്‌സ്‌പോ പ്രമാണിച്ച് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ അധികവും വ്യാപാര മേളയുടെ സമാപനത്തോടെ അവസാനിക്കും.
എക്‌സ്‌പോയുടെ നടത്തിപ്പിന് രൂപീകരിക്കപ്പെട്ട പ്രത്യേക സമിതിയുടെ യോഗം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ദുബൈയില്‍ നടന്നു. സമിതി നടത്തിയ ഒരുക്കങ്ങള്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വിശദീകരിക്കപ്പെട്ടു.
“ഞാന്‍ നിങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നു. നമ്മുടെ നാടിന്റെ സ്‌നേഹവും സഹിഷ്ണുതയും എല്ലാറ്റിനുമുപരി നമ്മുടെ പൈതൃകവും ലോകത്തിന്റെ മുമ്പില്‍ കാഴ്ച വെക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ പ്രത്യേക നന്ദി അര്‍ഹിക്കുന്നു.” ശൈഖ് മുഹമ്മദ് പറഞ്ഞു.
“ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ആതിഥ്യം തീര്‍ച്ചയായും പുതിയ അനുഭവമായിരിക്കും. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യകള്‍ ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ഉപയോഗപ്പെടുത്തും” കഴിഞ്ഞ 160 വര്‍ഷങ്ങളായി നടന്നു വരുന്ന എക്‌സ്‌പോ മുന്‍ കാലങ്ങളില്‍ നടത്തിയ രാജ്യങ്ങളില്‍ ഉള്ള പോലെ 2020 ലെ മേളക്ക് ആഥിത്യമരുളുന്ന യു എ ഇയും ഒരു പാട് അവിസ്മരണീയ ചരിത്രങ്ങള്‍ ബാക്കി വെക്കും. യു എ ഇ മന്ത്രിയും എക്‌സ്‌പോ 2020യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റീം അല്‍ ഹാശിമി പറഞ്ഞു.
ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, ചൈന തുടങ്ങിയ മുന്‍കാലങ്ങളില്‍ ലോക വ്യാപാരമേളക്ക് ആതിഥ്യം നല്‍കിയ വന്‍ രാജ്യങ്ങളില്‍ മേളയുടെ ചരിത്ര ശേഷിപ്പുകള്‍ ഇന്നും കാണാവുന്നതാണ്. മേളയുടെ നടത്തിപ്പിന്റെ ആദ്യ പരിപാടിയായി മുപ്പതിനായിരം സ്വദേശി യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. അതിഥികളെ സ്വീകരിക്കുന്നതിലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. അതിഥികള്‍ക്ക് അവര്‍ക്ക് രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും പകര്‍ന്നു നല്‍കാനും ഈ സംഘത്തെ പ്രാപ്തരാക്കും.
ഗവണ്‍മെന്റിന്റെയും മറ്റു ഗവണ്‍മെന്റേതര സ്ഥാപനങ്ങളില്‍ നിന്നും അന്താരാഷ്ട്ര സ്വഭാവമുള്ള സംഘടനകളില്‍ നിന്നും വ്യാപാര മേളക്കുള്ള പങ്കാളികളെ നിശ്ചയിക്കുന്നതും ഒന്നാം ഘട്ട ഒരുക്കത്തിന്റെ ഭാഗമായി നടക്കും.
വ്യാപാരമേളയും തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട പ്രദേശിക- ദേശീയ സര്‍ക്കാരുകളുമായുള്ള സഹകരണത്തിനാണ് സമിതിയുടെ അവസാനത്തെ ഘട്ട പ്രവര്‍ത്തനം. റിം അല്‍ ഹാശിമി വിശദീകരിച്ചു.

---- facebook comment plugin here -----

Latest