Connect with us

Kannur

ജാതിമത ഭേദമില്ലാതെ ദക്ഷിണ കന്നടയും ഒഴുകിയെത്തി

Published

|

Last Updated

പയ്യന്നൂര്‍: ജാതിമത ഭഭേദമന്യേ ജനങ്ങളെ സ്‌നേഹിച്ച മഹാപണ്ഡിതന് യാത്രാമൊഴിയേകാന്‍ ദക്ഷിണ കന്നട ഒന്നടങ്കം പയ്യന്നൂരിലേക്ക് ഒഴുകിയെത്തി. ദക്ഷിണ കന്നടയുടെ പ്രധാന കേന്ദ്രമായ മംഗലാപുരത്ത് നിന്നും കുടക്, മൈസൂര്‍, ഷിമോഗ, ചിക്മംഗ്ലൂര്‍ ജില്ലകളില്‍ നിന്നുമെല്ലാം നൂറുകണക്കിനാളുകളാണ് ഇന്നലെ പുലരുമ്പോഴേക്കും എട്ടിക്കുളത്തെത്തിയത്. പണ്ഡിതകുലത്തിന്റെ പ്രൗഢിയും നീതിബോധവും എന്നും കാത്തുസൂക്ഷിച്ച വിശ്വാസി സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിച്ച പണ്ഡിതശ്രേഷ്ഠനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി പിന്നീട് വാഹനം പിടിച്ചും ട്രെയിന്‍മാര്‍ഗവുമെല്ലാമാണ് ആളുകള്‍ എത്തിക്കൊണ്ടിരുന്നത്. രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയില്‍ ഒരു തവണയെങ്കിലും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്കും ഉള്ളാള്‍ തങ്ങളെ മറക്കാനാകില്ലെന്ന് മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെളിച്ചം പകര്‍ന്ന് ഏത് പ്രതിസന്ധി ഘട്ടത്തിലും സാന്ത്വനം പകരുന്ന മഹാനായിരുന്നു തങ്ങളെന്ന് ഭാഷക്കും ജാതിഭേദങ്ങള്‍ക്കുമെല്ലാമപ്പുറം ഇന്നലെയിവിടെയെത്തിയ ജനക്കൂട്ടം തെളിയിച്ചു. ഉള്ളാള്‍ ഖാസിയായി തങ്ങള്‍ ചുമതലയേല്‍ക്കുന്നത് 1978 കാലഘട്ടത്തിലാണെങ്കിലും 1950ല്‍ തന്നെ കര്‍മമേഖല ഉള്ളാളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടു തന്നെ കര്‍ണാടകത്തിന്റെ ഒട്ടുമിക്ക മേഖലകളിലെയും പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഉള്ളാള്‍ തങ്ങള്‍ സുപരിചിതനായിരുന്നു. ഇന്ദിരാഗാന്ധിയും നരസിംഹ റാവുവും പോലുള്ള പ്രമുഖരെയും ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായവരെയുമെല്ലാം തങ്ങളുടെ വ്യക്തിപ്രഭാവം ഒരുപോലെ സ്വാധീനിച്ചിരുന്നുവെന്നതിന് തെളിവായിരുന്നു ഇന്നലെ വൈകീട്ടുപോലും ഇവിടെയെത്തിയ ജനസഞ്ചയം.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാഴ്ന്ന തനിക്കും കുടുംബത്തിനും ഉള്ളാള്‍ ദര്‍ഗയില്‍ നിന്ന് തങ്ങള്‍ പകര്‍ന്നുനല്‍കിയ വെളിച്ചമാണ് ജീവിതത്തിലേക്ക് പുതിയ വഴിയായി മാറിയതെന്ന് കര്‍ണാടക സ്വദേശി സുധീര്‍ പറഞ്ഞതുപോലെ, നിരവധിയാളുകള്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുടെ സൂക്ഷിപ്പുമായാണ് മഹാപണ്ഡിതന്റെ എട്ടിക്കുളത്തെ വസതിയിലെത്തിച്ചേര്‍ന്നത്.

---- facebook comment plugin here -----

Latest