Connect with us

Alappuzha

ജെ എസ് എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കം: യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ആലപ്പുഴ: യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി ജെ എസ് എസ് ആറാം സംസ്ഥാനസമ്മേളനത്തിന് തുടക്കമായി. സ്വാഗത പ്രസംഗത്തിലും കെ ആര്‍ ഗൗരിയമ്മയുടെ ഉദ്ഘാടന പ്രസംഗത്തിലും യു ഡി എഫിനെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെയും സമ്മേളനം കടന്നാക്രമിച്ചു. ജനറല്‍ സെക്രട്ടറി അവതരിപ്പച്ച റിപ്പോര്‍ട്ടിലും യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശമാണുയര്‍ത്തിയത്.
മുന്നണി വിടാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറ്റമില്ലെന്ന സൂചനയും ഗൗരിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ നല്‍കി. തീരുമാനം തന്റെതു മാത്രമായി പ്രചരിപ്പിക്കുന്നതിനെതിരെയും ഗൗരിയമ്മ പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ ബാബു പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്തോഷത്തോടും എന്നാല്‍ ചില വിഷമങ്ങളോടും കൂടിയാണ് ഈ സംസ്ഥാന സമ്മേളനം ചേരുന്നതെന്ന മുഖവുരയോടെയാണ് ഗൗരിയമ്മ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഒരു മുന്നണിയുടെയും പടിവാതില്‍ക്കല്‍ താന്‍ പോയിട്ടില്ല. യു ഡി എഫ് വിടണമെന്ന തീരുമാനം സംസ്ഥാന കമ്മിറ്റി പാസാക്കിയതിനു ശേഷം തന്നെ ഉന്നം വെച്ചുള്ള പ്രചരണങ്ങളാണ് ഉയര്‍ന്നത്. താന്‍ യു ഡി എഫ് മുന്നണി വിട്ട് സി പി എമ്മിന്റെ പടിവാതില്‍ക്കല്‍ ചെന്നുനില്‍ക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായി. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമായിരുന്നെന്ന് ഗൗരിയമ്മ പറഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുന്നണി വിടുന്നതിനെ കുറിച്ച് ജെ എസ് എസ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കാത്തവര്‍ പുറത്തുപോകേണ്ടിവരുമെന്ന മുന്നറിയിപ്പും ഗൗരിയമ്മ നല്‍കി.
സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. വി എച്ച് സത്ജിത്, ശ്യാമപ്രസാദ് പ്രസംഗിച്ചു. എ എന്‍ രാജന്‍ബാബു ചെയര്‍മാനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

 

Latest