Connect with us

National

രാജ്യത്ത് 65 തീവ്രവാദ ഗ്രൂപ്പുകള്‍ സജീവം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് 65 തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 34 എണ്ണവും വേരൂന്നിയിരിക്കുന്നത് മണിപ്പൂരിലാണ്. ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് ആണ് ഇന്റലിജന്‍സ് വിവരങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. മിക്ക തീവ്രവാദ ഗ്രൂപ്പുകളുടെയും അടിത്തറ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് പുറത്താണ്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ തീവ്രവാദ സംഘടനകളുടെയും പ്രവര്‍ത്തനം. സാമ്പത്തികവും താവളവും പരിശീലനവുമെല്ലാം തീവ്രവാദികള്‍ക്ക് ലഭിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണ്.
തീവ്രവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഫണ്ട് ലഭിക്കുന്നത് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്നും നിലവിലുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിലാണ് അഞ്ച് പ്രധാന തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ പറയുന്നു. ലശ്കറെ ത്വയ്യിബ, ജെയ്‌ശെ മുഹമ്മദ്, ഹര്‍കത്തെ മുജാഹിദീന്‍, അല്‍ ബദര്‍ എന്നിവ ഇതില്‍ പെടുന്നു.
വടക്കുകിഴക്ക് അസമില്‍ 11 ഉം, മേഘാലയയില്‍ നാലും, ത്രിപുരയില്‍ രണ്ടും, നാഗാലാന്‍ഡില്‍ നാലും, മിസോറാമില്‍ രണ്ടും, മണിപ്പൂരില്‍ 34ഉം തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളാണ് പഞ്ചാബില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലും തീവ്രവാദ സാന്നിധ്യമുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 36 സംഘടനകളെ നിരോധിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളും നക്‌സലുകളും ഉള്‍പ്പെടെ ഇടതു തീവ്രവാദ ഗ്രൂപ്പുകളും ലിസ്റ്റിലുണ്ട്.

---- facebook comment plugin here -----

Latest