Connect with us

Kollam

ടി പി വധം: പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായെന്ന് എസ് ആര്‍ പി

Published

|

Last Updated

ടി പി വധത്തെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കൊല്ലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്താറായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സി പി എം നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ഉത്തരവാദിത്വം പാര്‍ട്ടിയിലെ എല്ലാ അംഗങ്ങള്‍ക്കും ഉണ്ടെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സി ബി ഐയെ ഉപയോഗപ്പെടുത്തി ഈ കേസ് സി പി എമ്മിനെതിരെ രാഷ്ട്രീയമായി പ്രയോഗിക്കുകയാണ്. ഈ വിഷയം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിശദമായ ചര്‍ച്ചക്കു ശേഷം വ്യക്തമായ തീരുമാനത്തില്‍ എത്തിയതാണ്. അത് പാര്‍ട്ടിയിലാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.സംസ്ഥാനത്തെ ഭരണമാറ്റത്തെപ്പറ്റിയുള്ള പ്രചാരണങ്ങള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും യു ഡി എഫിന് നിയമസഭയില്‍ ഇപ്പോള്‍ ഭൂരിപക്ഷമുണ്ടെന്നും അതിലെ ഘടക കക്ഷികള്‍ ആരെങ്കിലും പിന്മാറുന്ന ഘട്ടത്തിലേ ഭരണമാറ്റം ആലോചനയില്‍ വരികയുള്ളുവെന്നും എസ് ആര്‍ പി പറഞ്ഞു. യു ഡി എഫില്‍ തര്‍ക്കങ്ങളുണ്ടെന്നത് നേരാണ്. ഇനി അവര്‍ വ്യക്തമായ നിലപാട് എടുക്കട്ടെ, അപ്പോള്‍ തങ്ങള്‍ അറച്ചുനില്‍ക്കില്ല. ഉചിതമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കും. കെ എം മാണിയുമായി സി പി ഐ നേതാവ് സി ദിവാകരന്‍ സംസാരിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് പിള്ള പ്രതികരിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജാഥാംഗങ്ങളായ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം ശ്രീനിവാസ റാവു, കേന്ദ്ര കമ്മിറ്റി അംഗം സുധാ സുന്ദര്‍രാമന്‍, ജാഥയുടെ കേരള മാനേജര്‍ എ കെ ബാലന്‍, ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.