Connect with us

flight protest

മുദ്രാവാക്യവുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു; ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും

Published

|

Last Updated

തിരുവനന്തപുരം| വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിന്റെ വാദങ്ങളെല്ലാം തള്ളിയും പോലീസിന്റെ എഫ് ഐ ആര്‍ ശരിവെക്കുന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുമായി വിമാനകമ്പനിയായ ഇന്‍ഡിഗോ. മൂന്നു പേര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ ഇവരെ തടഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിനകത്ത് മുഖ്യമന്ത്രി ഉള്ളപ്പോള്‍ തന്നെയാണ് പ്രതിഷേധമുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ പ്രതിഷേധക്കാര്‍ മുന്നോട്ട് പാഞ്ഞടുക്കുകയാണ്. ഇവരെ മുഖ്യമന്ത്രിയുടെ കൂടെയുള്ള ആളുകള്‍ തടയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഇന്‍ഡിഗോ റിപ്പോര്‍ട്ടിലില്ല.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മൂന്നാമത്തെ പ്രതിക്കായുള്ള ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കും.

മുഖ്യമന്ത്രിയെ വിമാനത്തില്‍വച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ഇതിനകം പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന് ഡി ജി പി നല്‍കിയ നിര്‍ദേശം.