Connect with us

interview

പരിശീലനത്തിലൂടെ ആർജിക്കേണ്ടതല്ല എഴുത്ത്

സ്കൂൾ കാലത്തെ സാമൂഹിക പാഠത്തിനപ്പുറത്ത് ലോകചരിത്രത്തെ വായിക്കാനൊരു ശ്രമം ആരംഭിച്ചതോടെയാണ് ചരിത്രമുഹൂർത്തങ്ങളെ കഥയിലേക്ക് ആവാഹിക്കാനുള്ള ഊർജം ‌ലഭിച്ചത്. ഒന്നാം ലോകയുദ്ധകാലത്ത് ചെന്നൈയിലെ മറീനാ തീരത്തേക്ക് ജർമൻ പടക്കപ്പലിലെത്തി ആക്രമണമഴിച്ചുവിട്ട ചെമ്പകരാമൻ ‌പിള്ളയെ ആധാരമാക്കിയൊരു കഥയാണ് പിന്നീടെഴുതിയത്. "മരണസഹായി' എന്നായിരുന്നു അതിനിട്ട തലക്കെട്ട്. പിന്നീട് കഥകൾ തുടർച്ചയായി സംഭവിക്കുകയായിരുന്നു.

Published

|

Last Updated

? ദേവദാസ് വി എം എന്ന എഴുത്തുകാരൻ ജനിക്കുന്നതിനും മുമ്പേ ദേവദാസ് എന്ന കുട്ടിയെ കുറിച്ചും വീട്, നാട്, വായന എന്നിവയെ കുറിച്ചുമുള്ള ഓർമകൾ എന്തൊക്കെയാണ്?
ബാല്യത്തിൽ ഞാനൊരു അസുഖക്കാരൻ കുട്ടിയായിരുന്നു. കൂടുതൽ നേരം കളിച്ചാലോ വെയിലുകൊണ്ടാലോ മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന വിധം ആരോഗ്യമൊക്കെ മോശയമായതിനാൽ വെയിലുള്ള തുറസ്സുകൾ പലപ്പോഴും വിലക്കപ്പെട്ടു. ആ അവസ്ഥയിൽ വീട്ടിൽ തന്നെയുള്ള പഴഞ്ചൻ പുസ്തകങ്ങളായിരുന്നു കൂട്ട്. പുരാണേതിഹാസ ഗ്രന്ഥങ്ങളായിരുന്നു അക്കാലത്തെ വായനകളിൽ ഉൾപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മെറ്റാഫിക്്ഷൻ മഹാഭാരതമാണെന്നും ഫാന്റസിയുടെ കൊടുമുടി വിക്രമാദിത്യ കഥകളാണെന്നും കരുതുന്നു. ആ അഭിപ്രായത്തിന് ഈ പ്രായത്തിലും മാറ്റമൊന്നും വന്നിട്ടില്ല. വായന പതിവായിരുന്നെങ്കിലും യുവാവാകുന്നതുവരെ എഴുത്തിനെപ്പറ്റിയൊന്നും കാര്യമായി ചിന്തിച്ചിരുന്നതേയില്ല. വ്യക്തിപരമായി വലിയ താത്പര്യമില്ലാതിരുന്നിട്ടും ജോലിസാധ്യതയെ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ഉപദേശങ്ങളുടെ ഫലമായി സാങ്കേതിക വിഷയങ്ങൾ പഠിക്കേണ്ടിവന്ന ഒരാളാണ് ഞാൻ. അതിൽ നിന്നുള്ളൊരു മോചനമായാണ് സാഹിത്യവായനയെ പ്രാധാന്യത്തോടെ സമീപിക്കുന്നത്. പഠന ശേഷം ചെറിയ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് അടുത്ത സുഹൃത്തുക്കളുമായുള്ള സമ്പർക്കവും സംവാദങ്ങളുംകൊണ്ട് “എഴുതിയാലെന്താ?’യെന്ന ചോദ്യം സ്വയം ചോദിക്കുന്നത്. എഴുത്ത് രൂപപ്പെടുന്നത് അങ്ങനെയാണ്.

? ആദ്യമായി ഒരു കഥ ഉണ്ടായത് എന്നാകാം? എന്തായിരുന്നു പ്രമേയം? ആരെ കുറിച്ചായിരുന്നു? എന്നിട്ടത് പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തോ? ഏതു പ്രായത്തിലായിരുന്നു. ആ കഥകൾ പറയാമോ?
അക്കാലത്തിറങ്ങിയ സിനിമകളുടെ കഥയെ യൊക്കെ ആധാരമാക്കി സ്കൂൾ നോട്ടുബുക്കിൽ ചിലതെല്ലാം കുറിച്ചിരിക്കാം. പക്ഷേ, അതൊന്നും ഇപ്പോൾ ഓർമയിലില്ല. ഇരുപത്തിമൂന്നാം വയസ്സിൽ നാടുവിട്ട് ചെന്നൈയിലെത്തിയ ശേഷമാണ് കഥയെഴുത്തിനെ ഗൗരവമായി എടുക്കുന്നത്. മറീനാ ബീച്ചിലെ ഒരു വൈകുന്നേരത്ത് കൗമാരക്കാരായ ഒരു കൂട്ടം കളിക്കുന്നതിന്റെയും കുളിക്കുന്നതിന്റെയും ഇടയിൽ ഒരു ആമയെ തട്ടിമറിച്ചിട്ടും വടികൊണ്ട് കുത്തിയുമൊക്കെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽ പെട്ടു. നാടും ഭാഷയുമൊന്നും പരിചയമായി വരാത്തതിനാൽ ഞാനവരോട് തർക്കിക്കാനൊന്നും നിൽക്കാതെ നിസ്സഹായനായി കടൽത്തീരത്തു നിന്നു. അവർ കളികഴിഞ്ഞു പോയപ്പോഴേക്കും ആമ ചത്തിരുന്നു. അതിന്റെയടുത്തായി മുട്ടയുമുണ്ടായിരുന്നു. തുടർന്നുള്ള ഒന്നുരണ്ട് ദിവസത്തേക്ക് അതിന്റെ ആഘാതം മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. “സസ്തനിയുടെ മുട്ട’ എന്ന പേരിലൊരു കഥയെഴുതാൻ പ്രേരകമായത് ആ സംഭവമായിരുന്നു. സ്കൂൾ കാലത്തെ സാമൂഹിക പാഠത്തിനപ്പുറത്ത് ലോകചരിത്രത്തെ വായിക്കാനൊരു ശ്രമം ആരംഭിച്ചതോടെയാണ് ചരിത്രമുഹൂർത്തങ്ങളെ കഥയിലേക്ക് ആവാഹിക്കാനുള്ള ഊർജം ‌ലഭിച്ചത്. ഒന്നാം ലോകയുദ്ധകാലത്ത് ചെന്നൈയിലെ മറീനാ തീരത്തേക്ക് ജർമൻ പടക്കപ്പലിലെത്തി ആക്രമണമഴിച്ചുവിട്ട ചെമ്പകരാമൻ ‌പിള്ളയെ ആധാരമാക്കിയൊരു കഥയാണ് പിന്നീടെഴുതിയത്. “മരണസഹായി’ എന്നായിരുന്നു അതിനിട്ട തലക്കെട്ട്. പിന്നീട് കഥകൾ തുടർച്ചയായി സംഭവിക്കുകയായിരുന്നു. അതിപ്പോൾ ആറ് കഥാസമാഹാരങ്ങളിലെത്തി നിൽക്കുന്നു.

? കഥയെഴുത്തിലേക്ക് വരുന്നവർ ഒരു കാലത്ത് ആർത്തിയോടെ വായിച്ചിരുന്ന പുസ്തകമായിരുന്നു എം ടിയുടെ കാഥികന്റെ പണിപ്പുര. കഥ എങ്ങനെ എഴുതാമെന്നും കഥ എങ്ങനെ ജനിക്കുന്നുവെന്നും പുതുക്കക്കാരെ പഠിപ്പിച്ചു കൊണ്ടിരുന്ന ഈ പുസ്തകം കഥയെഴുത്തിലേക്ക് വരുന്നവർ ഇനി വായിക്കേണ്ടതില്ലെന്ന് എം ടി തന്നെ ഈയിടെ പറഞ്ഞതായോർക്കുന്നു. എന്തായിരിക്കാം കാരണം ? കഥ പിന്നേയും മാറുകയാണോ?
കാഥികന്റെ പണിപ്പുരയിലെ ഒരു ഭാഗം ഹൈസ്കൂൾ തലത്തിൽ പഠിക്കാനുണ്ടായിരുന്നു. പിന്നീടൊരിക്കൽ അത് മുഴുവനായും വായിച്ചിട്ടുണ്ട്. എം ടി എന്ന എഴുത്തുകാരന്റെ ഉള്ളറിയാനും എഴുത്ത് എന്ന പ്രക്രിയയെ സാങ്കേതികമായി കാണാനുമൊക്കെ ആ പുസ്തകം സഹായകരമാണ്. പക്ഷേ, അത്തരം സാങ്കേതികതയും സർഗാത്മകതയും രണ്ടാണെന്ന് അദ്ദേഹം തന്നെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടല്ലോ. എഴുത്ത് പരിശീലനത്തിലൂടെ ആർജിക്കാമെന്ന് കരുതുന്ന ഒരാളല്ല ഞാൻ. അതുകൊണ്ട് തന്നെ നാളിതുവരെ അത്തരം ശിൽപ്പശാലകളിലൊന്നും പങ്കെടുത്തിട്ടുമില്ല. അത്തരം സംഗതികൾ മോശമെന്നല്ല ഉദ്ദേശിച്ചത്. എന്റെ എഴുത്തുവഴി അത്തരത്തിലല്ല എന്നാണ് പറഞ്ഞുവന്നത്. പകരം മലയാളത്തിലെയും മറ്റു ഭാഷകളിലേയും മികച്ച പുസ്തകങ്ങൾ വായിച്ചും, നേരിട്ടനുഭവമുള്ള കൗതുകകരമായ സംഗതികളെയും സന്ദർഭങ്ങളെയുമൊക്കെ ഓർത്തെടുത്തും… അതിന്റെയൊക്കെ ഒരു പശ്ചാത്തലത്തിലാണ് എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് സംഭവിക്കുന്നത്. അതൊരുതരം മാജിക്ക് തന്നെയാണ്. കാഥികന്റെ പണിപ്പുര എഴുതിയ ഒരു കാലമല്ലല്ലോ ഇപ്പോഴുള്ളത്.

? ശ്രീധരൻ എന്ന പോലീസുകാരന്റെ വീടിനു നേരെ ഇരുട്ടിന്റെ മറവിൽ പാഞ്ഞുവരുന്ന കല്ലുകൾ ഓർമയുടെ മൂർച്ചയുള്ള തുണ്ടുകളാണെന്ന് “ഏറ് ‘ എന്ന പുതിയ നോവലിൽ താങ്കൾ പറയുന്നുണ്ട്. കാലൻ ശ്രീധരൻ എന്ന കഥാപാത്രത്തെ കണ്ടെത്തിയത് എങ്ങനെയാണ്? “ഏറി’ ന്റെ രചനാ പശ്ചാത്തലം വിശദമാക്കാമോ?
സ്വപ്നങ്ങൾ കാണുന്നതിനിടെ ഞെട്ടിയെഴുന്നേൽക്കുമ്പോഴാണ് പലപ്പോഴും കഥകളുടെ ആശയങ്ങൾ തെളിഞ്ഞുകിട്ടാറുള്ളത്. അങ്ങനെയൊരു ഉച്ചമയക്കത്തിലാണ് കിടക്കുന്നതിന്റെ നേരെ മീതെ മേൽക്കൂരയിലൊരു ദ്വാരം വീണതായി സ്വപ്നം കാണുന്നത്. ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോഴുണ്ട് ജനൽ വഴിയുള്ള വെയിലേറ്റു തറയിൽ കിടക്കുന്നൊരു കളിപ്പാട്ടത്തിന്റെ തിളക്കം മേൽക്കൂരയിൽ പ്രതിഫലിക്കുന്നു. കണ്ടത് സ്വപ്നം തന്നെയാണോ അല്ലയോ എന്നറിയാൻ കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു. ഏറ് എഴുതി തുടങ്ങുന്നതങ്ങനെയാണ്. നമ്മുടെയൊക്കെ സ്വസ്ഥതയിലേക്ക് ഏതു നിമിഷവും ഒരു ഏറ് വന്നുവീഴാവുന്നതേയുള്ളൂ എന്നതാണ് ‌വാസ്തവം. എത്രയൊക്കെ സുരക്ഷിതരെന്ന് കരുതിയാലും ശരി മേൽക്കൂരക്കും മൂടുപടത്തിനുമെല്ലാം തുളയിടാൻ തക്കവിധമൊരു ആധി ഏവരുടെയും ഉള്ളിൽ ബാക്കിയുണ്ടാകും. ഈ മഹാമാരിയേയും അത്തരത്തിലാണ് ഞാൻ പരിഗണിക്കുന്നത്.

? കഥയിലും നോവലിലും വേറിട്ട വഴി സ്വീകരിച്ച എഴുത്തുകാരനാണല്ലോ താങ്കൾ. വ്യത്യസ്ത പ്രമേയങ്ങളിലൂടെയും പേരുകളിലൂടെയും കുറഞ്ഞ കാലം കൊണ്ട് വി എം വായനക്കാരുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പന്നിവേട്ട, ചെപ്പും പന്തും , മരണ സഹായി, അവനവൻ തുരുത്ത്, കീഴ്ക്കാം തൂക്ക്, കാടിനു നടുക്കൊരു മരം തുടങ്ങിയവ ഉദാഹരണം. ചെന്നൈ നഗരവും അവിടുത്തെ ജീവിതവും താങ്കളുടെ എഴുത്തിനെ മുന്നോട്ടു നടത്തിക്കുന്നത് എങ്ങനെയാണ്?
ജോലിയുടെ ഭാഗമായി ഇന്ത്യയിലെ പല നഗരങ്ങളിൽ താമസിച്ചിട്ടുണ്ടെങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ട നഗരങ്ങൾ ചെന്നൈയും ഹൈദരാബാദുമാണ്. ജനിച്ചുവളർന്ന നാടിനോട് ഇഷ്ടമുണ്ടെങ്കിലും, നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നൊന്നും കരുതുന്നില്ല. വ്യക്തിപരമായി ഞാനൊരു നഗരജീവിയാണെന്നാണ് തോന്നിയിട്ടുള്ളത്. നമ്മളാരാണ് എന്താണ് ഏതാണ് എന്നൊന്നും വ്യക്തമാക്കാതെ ‌ സ്വാഭാവികമായൊരു അപരിചിതത്വത്തോടെ നഗരത്തിൽ നമുക്ക് ‌ജീവിക്കാനാകും. ഒരുദാഹരണം പറഞ്ഞാൽ, ചെന്നൈ നഗരത്തിൽ ഞാനൊരു ക്യാബ് ‌വിളിച്ചു യാത്ര ചെയ്യുന്നു. ഞാൻ ആരാണെന്നോ എങ്ങനെയാണെന്നോ ഒന്നും തന്നെ ടാക്‌സി ഡ്രൈവറുടെ ബാധ്യതയല്ല, അയാളതിൽ ഇടപെടാറുമില്ല. എന്നാൽ നാട്ടിലെ ഒരു ഓട്ടോറിക്ഷക്കാരൻ എന്റെ കുടുംബവും കുലവും ജാതിയുമൊക്കെ ഒന്നെത്തിനോക്കാനെങ്കിലും ശ്രമിക്കും. ഇനി എന്നിൽ നിന്നല്ലെങ്കിലും മറ്റൊരു സ്രോതസ്സിൽ നിന്ന് അതയാൾക്ക് അറിയാനാകും. നഗരത്തിൽ നിങ്ങൾക്ക് അവനവന്റേതായ വ്യത്യസ്തതകളോടെ ജീവിക്കാനത്ര ബുദ്ധിമുട്ടില്ല. നാട്ടിൻപുറങ്ങളിലത് താരതമ്യേന ‌പ്രയാസമാണ്. അവിടെയുള്ള പൊതുവായ സംഭാഷണശൈലി, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവ പാലിക്കാത്തൊരാളെ എളുപ്പം ഒറ്റപ്പെടുത്തും. നമ്മളിലേക്കുള്ള കടന്നുകയറ്റവും കൂടുതലായിരിക്കും. പത്തുപതിനെട്ട് കൊല്ലമായി നഗരങ്ങളിൽ തന്നെ താമസിക്കുന്നതിനാൽ എഴുത്ത് കൂടുതൽ സംഭവിച്ചിരിക്കുന്നത് അവിടങ്ങളിൽ വെച്ചാണ്. ഏറ് ഒഴിച്ചാൽ, എന്റെ ആദ്യത്തെ മൂന്ന് ‌നോവലുകളും നഗരങ്ങളെ ആധാരമാക്കിത്തന്നെയായിരുന്നു. ചെന്നൈ നഗരവും അവിടത്തെ താമസവുമൊക്കെ അതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് കരുതാം.

ദേവദാസ് വി എം /
സജിത് കെ കൊടക്കാട്ട്
sajithkkodakkatt@gmail.com