Connect with us

Kerala

ഉമ്മയോടൊപ്പം: അപൂര്‍വ സംഗമത്തിനൊരുങ്ങി മര്‍കസ്, പരിപാടി നാളെ റൈഹാന്‍വാലിയില്‍

'ഉമ്മയോടൊപ്പം' എന്ന പേരിലുള്ള ഉമ്മമാരുടെ സമ്പൂര്‍ണ സംഗമത്തോടനുബന്ധിച്ച പരിപാടികള്‍ നാളെ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | അനാഥത്വത്തില്‍ നിന്ന് ജീവിത വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ മുറ്റത്ത് ഉമ്മമാര്‍ക്കൊപ്പം ഒത്തുചേരാന്‍ തയ്യാറെടുത്ത് മര്‍കസ് യതീംഖാനയിലെ പൂര്‍വ വിദ്യാര്‍ഥികള്‍. 45 വര്‍ഷത്തിനിടക്ക് നാലായിരത്തോളം പേരാണ് മര്‍കസ് യതീംഖാനയില്‍ നിന്ന് അറിവ് നേടി ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് പറന്നത്.
ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ട ശേഷം മക്കളുടെയും കുടുംബത്തിന്റെയും ജീവിതം ചോദ്യചിഹ്നമായി മാറിയ സാഹചര്യത്തില്‍ കൈപിടിക്കാനെത്തിയ മര്‍കസിന്റെ തണലില്‍ വളര്‍ന്ന മക്കളോടൊപ്പം അവരുടെ ഉമ്മമാര്‍ നാളെ മര്‍കസിന്റെ തിരുമുറ്റത്തേക്കെത്തുന്ന അഭിമാന നിമിഷം ഇത്രയും വിധവകളെ ഒരുമിച്ചു കൂട്ടിയുള്ള രാജ്യത്തെ അത്യപൂര്‍വ ചടങ്ങ് കൂടിയായി മാറും.

‘ഉമ്മയോടൊപ്പം’ എന്ന പേരിലുള്ള ഉമ്മമാരുടെ സമ്പൂര്‍ണ സംഗമത്തോടനുബന്ധിച്ച പരിപാടികള്‍ നാളെ മര്‍കസ് റൈഹാന്‍വാലിയില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി അധ്യക്ഷത വഹിക്കും.

രാവിലെ ഒമ്പതോടെ രജിസ്ട്രേഷന്‍ ആരംഭിക്കും. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിക്കും. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍സൂഖ് സഅദി അല്‍കാമിലി, അബ്ദുസ്സമദ് യൂനിവേഴ്സിറ്റി തുടങ്ങിയവര്‍ കീനോട്ടുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് അനുഭവ ചീന്ത് സെഷനില്‍ റൈഹാന്‍വാലിയില്‍ പഠിച്ചിറങ്ങി വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന പ്രമുഖര്‍ സംബന്ധിക്കും.

ഉപഹാര സമര്‍പ്പണത്തിന് അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, കെ കെ ശമീം, സി പി സിറാജ് സഖാഫി, അശ്‌റഫ് അരയങ്കോട്, ബശീര്‍ പാലാഴി, സഈദ് ഇര്‍ഫാനി നേതൃത്വം നല്‍കും. ഉച്ചക്ക് 12.30ന് നടക്കുന്ന സമാപന സംഗമം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സ്വാലിഹ് ജിഫ്രി, സി പി ഉബൈദ് സഖാഫി പ്രസംഗിക്കും.

പരിപാടിയുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികളുടെ യു പി, ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി ‘ടീന്‍സ് ക്യാമ്പ്’ രാവിലെ പത്ത് മുതല്‍ മര്‍കസ് കാമിലി ഓഡിറ്റോറിയത്തില്‍ നടക്കും. സലാമുദ്ദീന്‍ നെല്ലാങ്കണ്ടിയുടെ അധ്യക്ഷതയില്‍ സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഇഖ്ബാല്‍ മൂന്നിയൂര്‍, റിയാസ് ചുങ്കത്തറ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

‘ഉമ്മയോടൊപ്പം’ സ്വാഗതസംഘം ജന. കണ്‍വീനര്‍ അബ്ദുസ്സമദ് യൂനിവേഴ്സിറ്റി, ഓസ്മോ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് ഇര്‍ഫാനി, കണ്‍വീനര്‍മാരായ ടി ടി അബ്ദുല്‍ ഗഫൂര്‍ ലത്വീഫി, ശിഹാബ് ഈങ്ങാപ്പുഴ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest