Connect with us

Editors Pick

ഭരണ പ്രതിസന്ധിയില്‍ നിന്ന് കരകയറുമോ ഇറാന്‍

കടുത്ത നിലപാടെടുക്കുന്ന നേതാവ്. ബഹുമുഖ ഏറ്റുമുട്ടലുകള്‍ക്കിടയിലും ഇറാനെ നിയന്ത്രിക്കുന്ന പ്രധാന വ്യക്തി. ആ നിര്‍ണായക സ്വത്വമാണ് കവര്‍ന്നെടുക്കപ്പെട്ടത്.

Published

|

Last Updated

ഇബ്രാഹിം റഈസിയുടെ മരണ വാര്‍ത്തയറിഞ്ഞ് ടെഹ്‌റാനില്‍ തടിച്ചുകൂടിയവര്‍.

പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ വേര്‍പാട് ഇറാന് വലിയ ആഘാതമാണ്. ഇറാന്റെ പ്രസിഡന്റ് മാത്രമായിരുന്നില്ല അദ്ദേഹം. പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുടെ പിന്‍ഗാമിയെന്നു നിശ്ചയിക്കപ്പെട്ട നേതാവ് കൂടിയാണ്. ഖുമൈനിക്ക് പ്രായമായി. ഉടന്‍ പിന്‍ഗാമിയെ കണ്ടെത്തണമെന്ന് ഭരണകൂടത്തിനും മത പണ്ഡിതര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഇറാന്റെ ഭരണ സംവിധാനത്തെ തകിടം മറിക്കാന്‍ രാജ്യത്തിന് പുറത്തു ഗൂഢാലോചന ശക്തിപ്പെട്ടു വരികയുമാണ്. രാജ്യത്തിനകത്ത്, ആധുനികവാദികളുടെ പ്രതിഷേധം കനക്കുന്നുണ്ട്. ഇതിനെയെല്ലാം നേരിടാന്‍ കെല്‍പുള്ള നേതാവായിരുന്നു ഇബ്രാഹിം റഈസി.

കടുത്ത നിലപാടെടുക്കുന്ന നേതാവ്. ബഹുമുഖ ഏറ്റുമുട്ടലുകള്‍ക്കിടയിലും ഇറാനെ നിയന്ത്രിക്കുന്ന പ്രധാന വ്യക്തി. ആ നിര്‍ണായക സ്വത്വമാണ് കവര്‍ന്നെടുക്കപ്പെട്ടത്. ഇരുമ്പ് മുഷ്ടിയുള്ള ഭരണ വ്യവസ്ഥയില്‍ പരിചയ സമ്പന്നനും നടത്തിപ്പുകാരനും ആയിരുന്നു. ചൈനയുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചു. ഇത് യു എസ് ഉപരോധങ്ങളെ ചെറുക്കാന്‍ സഹായിച്ചു. 2020ല്‍ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു എസ് വധിച്ചതിന് ശേഷം ഇറാനില്‍ ഇത്രയും പ്രാധാന്യമുള്ള ഒരാളുടെ പൊടുന്നനെയുള്ള മരണമാണ് സംഭവിച്ചിരിക്കുന്നത്. വിടവ് നികത്തുക എളുപ്പമല്ല. ഇറാന്റെ സൈദ്ധാന്തിക നേതാക്കള്‍ എല്ലാവരും പങ്കെടുത്തിരുന്നു, മേജര്‍ ജനറല്‍ സുലൈമാനിയുടെ ഖബറടക്ക ചടങ്ങില്‍.

റഈസിയുടെ മരണം ആഭ്യന്തര ആഘാതം വര്‍ധിപ്പിക്കും. നിരീക്ഷകര്‍ പറയുന്നത്, ഇറാന്റെ പുറം ഭാവം മാറ്റിസ്ഥാപിക്കുന്നതിനു റഈസി ഊന്നല്‍ നല്‍കിയിരുന്നു എന്നാണ്. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ശ്രമിച്ചിരുന്നു. സഊദി അറേബ്യയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന പക്ഷക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പം മരണപ്പെട്ട വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലാഹിക്ക് വലിയ പിന്തുണ നല്‍കി. അസര്‍ബൈജാനുമായി ചേര്‍ന്ന് അണക്കെട്ട് പണിതത് മുഖം മിനുക്കലിന്റെ ഭാഗം.

85 വയസ്സുള്ള ഖുമൈനിയുടെ പിന്‍ഗാമിയായി മകന്‍ സയ്യിദ് മുജ്തബ എത്തും. എന്നിരുന്നാലും, ഒരു പിതാവ്-മകന്‍ കീഴ്‌വഴക്കം വേണ്ടെന്ന അഭിപ്രായവുമുണ്ട്. ഈജിപ്തില്‍, 2010-2011 ലെ അറബ് കലാപം ആരംഭിക്കുന്നതിന് മുമ്പ്, സൈന്യത്തില്‍ നിന്ന് എതിര്‍പ്പ് നേരിട്ടതിനാല്‍, അന്തരിച്ച പ്രസിഡന്റ് ഹുസ്നി മുബാറക്കിന് മകന്‍ ജമാലിനെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞില്ല. ഇതേ സാഹചര്യം ഇറാനിലുമുണ്ട്. ‘ഖുമൈനിയുടെ പിന്‍ഗാമിയാകാനുള്ള പ്രധാന സ്ഥാനാര്‍ഥി എന്ന നിലയില്‍, ആഭ്യന്തരവും ബാഹ്യവുമായ നയങ്ങളില്‍ റഈസിക്ക് വലിയ അഭിപ്രായമുണ്ടായിരുന്നു.’ -ഇസ്താംബൂളിലെ ജുസൂര്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഗവേഷകനായ വൈല്‍ ഓള്‍വാന്‍ പറഞ്ഞു.

റഈസിയും വിദേശകാര്യ മന്ത്രിയും ‘ഇറാനിലെ രാഷ്ട്രീയ അടുക്കളയുടെ ഭാഗം മാത്രമായിരുന്നില്ല. അവര്‍ രംഗം മുഴുവന്‍ കൈകാര്യം ചെയ്തു. ഗസ്സയിലെ യുദ്ധത്തിനിടയില്‍ ഇസ്‌റാഈലുമായും യു എസുമായും നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനത്തില്‍ ഇറാന്റെ നിലയെ ദുര്‍ബലപ്പെടുത്തുന്ന മഹാദുരന്തമായിപ്പോയി സംഭവിച്ചത്. ഇത് പരിവര്‍ത്തനത്തെയും തടസ്സപ്പെടുത്തും. പുതിയ ടെഹ്റാന്‍ വിദേശകാര്യ മന്ത്രിയെയും പരമോന്നത നേതാവിന്റെ പിന്‍ഗാമിയെയും നിയമിക്കുക പ്രയാസകരമാകും.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തീയതി കുറിക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ 28നാണിത്. ഇന്നത്തെ സാഹചര്യത്തില്‍ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മുഖബര്‍ സ്ഥാനാര്‍ഥിയാകും.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest