Connect with us

Articles

തെരുവിലെ വെള്ളക്കടലാസ്

ഒരു എഴുത്തുമില്ലാത്ത വെള്ളക്കടലാസ് ഉയർത്തിയാണ് ജനം മുദ്രാവാക്യം മുഴക്കിയത്. ചിലപ്പോൾ മൗനം അട്ടഹാസത്തേക്കാൾ ഭീകരമാകും. എഴുതപ്പെടാതെ പോയത് എഴുതിയതിനേക്കാൾ മാരകമാകും. ആ വെള്ളക്കടലാസ് ചൈനീസ് രാഷ്ട്രീയ സാഹചര്യത്തെ അത്രമേൽ സർഗാത്മകമായി പ്രതിനിധാനം ചെയ്യുന്നുണ്ട്.

Published

|

Last Updated

വാർത്ത ന്യൂസ് റൂമിൽ നിന്ന് സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് പുറത്ത് സംഭവിക്കുന്നതാണ്. എന്നാൽ ഹൈപ്പ് അങ്ങനെയല്ല. അത് സൃഷ്ടിച്ചെടുക്കുന്നതാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ചൈനീസ് പ്രവിശ്യകളിൽ ജനം തെരുവിലിറങ്ങിയെന്നത് വാർത്ത. മൂന്നാമതും പ്രസിഡന്റായി നിശ്ചയിക്കപ്പെട്ട സി ജിൻപിംഗിനെതിരായ ഹിതപരിശോധനയാണ് ഈ പ്രക്ഷോഭമെന്നും ചൈനയുടെ ചരിത്രം തിരുത്തിയെഴുതുന്ന മഹാപ്രക്ഷോഭമായി അത് വളരുമെന്നും പറയുന്നത് ഹൈപ്പ്. റോയിട്ടേഴ്‌സ് പോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ നൽകിയ വാർത്തകളിൽ നിറയെ അതിഭാവുകത്വം കലർന്നിരുന്നു. ചൈനയെക്കുറിച്ചാകുമ്പോൾ ഈ നിലവിട്ട് ചാട്ടം സ്ഥിരം പ്രവണതയാണ്. ചൈനയിൽ എന്തു നടക്കുന്നുവെന്ന് കൃത്യമായി അറിയാതിരിക്കുകയോ പുറത്ത് പ്രചരിക്കുന്നവയിൽ വിശ്വാസ്യത നഷ്ടപ്പെടുകയോ ചെയ്യുന്നുവെന്നതാണ് ഈ പ്രവണതയുടെ ആത്യന്തിക ഫലം.
തലസ്ഥാനമായ ബീജിംഗ്, വ്യാപാരകേന്ദ്രമായ ഷാംഗ്ഹായ്, കൊവിഡ് വൈറസ് ആദ്യം കണ്ടെത്തിയ വുഹാൻ, സിൻജിയാംഗ്, ഗ്വാംഗ്‌ഴൗ, ചൈനയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന ഹോംഗ്‌കോംഗ് എന്നിവിടങ്ങളിലാണ് സീറോ കൊവിഡ് നയത്തിനെതിരായ പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും ജനങ്ങൾ ഒരു എഴുത്തുമില്ലാത്ത വെള്ളക്കടലാസ് ഉയർത്തിയാണ് മുദ്രാവാക്യം മുഴക്കിയത്. ചിലപ്പോൾ മൗനം അട്ടഹാസത്തേക്കാൾ ഭീകരമാകും. എഴുതപ്പെടാതെ പോയത് എഴുതിയതിനേക്കാൾ മാരകമാകും. ശൂന്യമായ ആ വെള്ളക്കടലാസ് ചൈനീസ് രാഷ്ട്രീയ സാഹചര്യത്തെ അത്രമേൽ സർഗാത്മകമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് പറയാനുണ്ട്, പറയുന്നില്ല എന്നതാണ് ആ വെള്ളക്കടലാസ് വിളിച്ചു പറയുന്നത്.

സിൻജിയാംഗിലെ തീ

സി ജിൻ പിംഗ് താഴെയിറങ്ങുക, ചൈനീസ് കമ്മ്യൂണിസ്റ്റ് വാഴ്ച അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ചിലയിടങ്ങളിൽ മുഴങ്ങിയതായി പാശ്ചാത്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്‌തെങ്കിലും അതിന് സ്ഥിരീകരണമില്ല. മുസ്‌ലിംകൾ കടുത്ത വിവേചനത്തിനും ഭരണകൂട അതിക്രമത്തിനും ഇരയാകുന്ന സിൻജിയാംഗ് പ്രവിശ്യയിലെ ഉറുംഖിയിൽ ബഹുനില കെട്ടിടത്തിൽ തീപ്പിടിക്കുകയും 10 പേർ മരിക്കുകയും ചെയ്തതോടെയാണ് ജനരോഷം ഇരമ്പിയത്. കടുത്ത പ്രോട്ടോകോൾ നിലനിന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സമയത്തിന് എത്താൻ സാധിക്കാതിരുന്നതാണ് ദുരന്തത്തിന് യഥാർഥ കാരണമെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ സംഘടിക്കുകയായിരുന്നു. സ്വാഭാവികമായും പോലീസിറങ്ങി. നിരവധി പേർ അറസ്റ്റിലായി. അതോടെ മറ്റിടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറുകയായിരുന്നു. 1989ലെ ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായി നടക്കുന്ന ജനകീയ മുന്നേറ്റമായും ചൈനീസ് ജനതയിൽ ഏത് നിമിഷവും കത്തിപ്പടരാവുന്ന അമർഷത്തിന്റെ തീപ്പൊരിയുണ്ടെന്നതിന്റെ തെളിവായും ഈ പ്രതിഷേധങ്ങളെ വിലയിരുത്തുന്നവരുണ്ട്.
എന്നാൽ ജനറൽ സെക്രട്ടറിയുടെ സ്ഥാനത്യാഗത്തോളം വളരാവുന്ന ഒന്നല്ല ഇപ്പോഴത്തെ ഈ സമരാവേശമെന്നതാണ് സത്യം. മാത്രമല്ല, അന്നത്തെപ്പോലെ അക്രമോത്സുകമല്ല ഭരണകൂടമിപ്പോൾ. ബലപ്രയോഗം പരമാവധി കുറച്ച് വരുതിയിലാക്കാനാണ് സി ജിൻപിംഗിന്റെ നിർദേശം. ഇപ്പോൾ ചിലിയിൽ കഴിയുന്ന ഷാംഗ്ഹായി സർവകലാശാല മുൻ അസിസ്റ്റന്റ് പ്രൊഫസർ ഷെൻ ഡയോലിൻ പറഞ്ഞതാണ് ശരി: “സമരം നടന്നുവെന്നത് സത്യമാണ്. അത് വ്യക്തപരമായ പരാതികളുടെ പുറത്ത് മാത്രമാണ്. ആ ആവശ്യങ്ങൾ നിവർത്തിച്ചാൽ തീരുന്നതാണ് ഈ സമരാവേശം. അതുകൊണ്ട് സർക്കാറിനറിയാം എന്ത് ചെയ്യണമെന്ന്’. ഇപ്പറഞ്ഞതിൽ നേരുണ്ടെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തയ്യാറാകുകയും ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിൽ പഴുതടച്ച ജാഗ്രത പുലർത്തുകയുമാണ് സർക്കാർ ചെയ്യുന്നത്. പ്രക്ഷോഭം പടരാതിരിക്കാൻ അടിച്ചമർത്തൽ മാത്രമല്ല വഴിയെന്ന നിലപാടിൽ ചൈനീസ് സർക്കാർ എത്തിച്ചേർന്നുവെന്ന് വേണം മനസ്സിലാക്കാൻ.
മറിച്ചുള്ള ആഖ്യാനങ്ങൾ പലതും വന്നെങ്കിലും മുന്നിട്ടു നിൽക്കുന്ന പൊതുബോധം കൊവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈനയെന്നത് തന്നെയാണല്ലോ. അക്കാലത്ത് ചില കൗശലങ്ങൾ ചൈന കാണിച്ചുവെന്നതും എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിന്റെ നേരിട്ടുള്ള ഇരയാണ് കേരളം. വുഹാനിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയപ്പോൾ ചൈന അതിർത്തിയടച്ചു. വിമാനം തടഞ്ഞു. ആരെയും പുറത്തു വിട്ടില്ല. വൈറസ് നിയന്ത്രണാതീതമായി പടർന്നപ്പോൾ ഒരു വിദേശിയെയും അവിടെ തുടരാൻ അനുവദിച്ചുമില്ല. അങ്ങനെ വൈറസ് വാഹകരായി മനുഷ്യർ പല നാടുകളിൽ വന്നിറങ്ങി. തുടക്കത്തിൽ കാണിച്ച മണ്ടത്തരങ്ങൾ മൂലം ചൈന മഹാമാരിയുടെ അതിവേഗ പെരുക്കത്തിന് ഇരയായി. മരണം ഗേറ്റ് കടന്നു വരുന്നത് കണ്ട മനുഷ്യർ അന്ന് സർക്കാർ പറഞ്ഞത് മുഴുവൻ അനുസരിച്ചു. ഇന്ന് സ്ഥിതി തികച്ചും വിഭിന്നമാണ്. രോഗം നിയന്ത്രണ വിധേയമാണ്. ഒമിക്രോൺ വകഭേദവും അതി ശക്തമല്ല. വാക്‌സീനേഷൻ ഏറെക്കുറെ പൂർണമാണ്. ഈ സാഹചര്യത്തിൽ ന്യൂ നോർമൽ ജീവിതമെങ്കിലും അനുവദിക്കാവുന്നതാണ്. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒക്‌ടോബറിൽ ചേർന്ന കോൺഗ്രസ്സ് തീരുമനിച്ചത് “സീറോ കൊവിഡ്’ നയം തുടരണമെന്നാണ്. പാർട്ടിയിലും സൈന്യത്തിലും ഭരണത്തിന്റെ സർവ തലങ്ങളിലും പിടിമുറുക്കിയ സി ജിൻപിംഗിന്റെ ആശയമെന്ന നിലയിലാണ് ഈ നയം നടപ്പാക്കുന്നത്. രോഗം പടരാൻ ഇനി ഒരു നിലക്കും അനുവദിച്ചു കൂടാ. രാജ്യത്തിന്റെ ആശുപത്രി സംവിധാനത്തെ വെല്ലുവിളിക്കുന്ന തരത്തിൽ രോഗം പടർന്നാൽ അത് ദേശീയ അഭിമാനത്തിനും പ്രതിച്ഛായക്കും മങ്ങലേൽപ്പിക്കും. ഉത്പാദന രംഗത്തെ മെല്ലെപ്പോക്ക് മറികടക്കാനും കൊവിഡ് മഹാമാരിയെ പൂജ്യത്തിലേക്ക് ചുരുക്കിയേ തീരൂ. ജനങ്ങൾ സഹകരിക്കണം. ഇതാണ് നയം. എന്നാൽ ലോകം തുറക്കുന്നത് ചൈനീസ് ജനത കാണുന്നുണ്ട്. ആ കാഴ്ചകൾ അവരെ അസ്വസ്ഥരാക്കുന്നുമുണ്ട്. അവർ സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്നു. ഉള്ളിലടക്കിയ അമർഷത്തിന്റെ പുറത്തേക്ക് ചാടലാണ് ചൈനീസ് നഗരങ്ങളിൽ കണ്ടത്.

മഹാമാരിക്കാലത്തെ ഭരണകൂടം

ചൈനയിൽ മാത്രമല്ല, സർവ രാജ്യങ്ങളിലും പൗരാവകാശങ്ങളും ജനാധിപത്യ ആവിഷ്‌കാരങ്ങളും അടച്ചു പൂട്ടിയ കാലത്തെയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. ഭരണകൂടങ്ങൾ അതിശക്തരായി. പൗരൻമാർ നിവർന്നു നിൽക്കാനാകാത്ത ആജ്ഞാനുവർത്തികൾ മാത്രമായി. പ്രതിഷേധങ്ങളും അഭിപ്രായങ്ങളും നിലച്ചു. ഒരുമിച്ച് നിൽക്കാനും മുദ്രാവാക്യം മുഴക്കാനും പാടാനും പറയാനും സാധിക്കാതെ മനുഷ്യർ തുറന്ന ജയിലുകളിൽ കഴിഞ്ഞു. ജനാധിപത്യമെന്നോ, അർധ ജനാധിപത്യമെന്നോ, രാജഭരണമെന്നോ വ്യത്യാസമില്ലാതെ സർവ ഭരണമേധാവികളും ഫാസിസ്റ്റുകളായി. തിരുവായ്ക്ക് എതിർ വാ ഇല്ലാതായി. അപ്രഖ്യാപിത അടിയന്തിരാവസ്ഥയായിരുന്നു എല്ലായിടത്തും.
പൗരൻ ഇല്ലാതായി. പൗരാവകാശമില്ലാതെ പിന്നെന്ത് പൗരത്വം. രോഗി, രോഗം വരാൻ സാധ്യതയുള്ളയാൾ എന്നീ രണ്ട് കൂട്ടരായി പൗരൻമാർ ചുരുങ്ങി. രക്ഷകന്റെ ആധികാരികത എടുത്തണിഞ്ഞ ഭരണക്കാർ അമിതാധികാര പ്രയോഗം ആസ്വദിച്ചു. പുറം തല്ലിപ്പൊളിച്ചാലും സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറിയാലും തോന്നിയപോലെ അടച്ചുപൂട്ടലുകൾ പ്രഖ്യാപിച്ചാലും ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഉദ്‌ബോധനങ്ങൾ എഴുന്നള്ളിച്ചാലും ആരും ചോദിക്കാനില്ല. ആരെങ്കിലും മിണ്ടിയാൽ അവൻ രോഗം പടർത്തുന്ന സാമൂഹിക ദ്രോഹിയായി മാറും. പ്രജകളെ ജയിലുകളിൽ അടച്ചിട്ട് ഭരണകർത്താക്കൾ എല്ലാ ദിവസവും വൈകുന്നേരം ആശ്വാസ വചനങ്ങളുമായി വന്നു. പ്രതിപക്ഷം ഒരു അശ്ലീല പദമായി. അവർ അപഹസിക്കപ്പെട്ടു.
പൗരൻമാർക്ക് മാത്രമേ നിയന്ത്രണങ്ങളും പെരുമാറ്റ ചട്ടവും ഉണ്ടായിരുന്നുള്ളൂ. ഭരിക്കുന്നവർ മഹാമാരിക്കാലത്തും അവരുടെ രാഷ്ട്രീയം നടപ്പാക്കി. രാജ്യത്തിന്റെ സമ്പത്ത് വിറ്റഴിക്കാനുള്ള തീരുമാനങ്ങൾ കൈകൊണ്ടു. പുതിയ മാരക നിയമങ്ങൾ കൊണ്ടുവന്നു. ഉത്തേജക പാക്കേജിനെന്ന പേരിൽ വൻ തുക വകമാറ്റി ചെലവഴിച്ചു. സ്വന്തം പേരിൽ ഫണ്ട് പിരിച്ചു. പുതിയ നിരീക്ഷണ ആപ്പുകൾ പരീക്ഷിച്ചു. ചരിത്രകാരൻ യുവാൽ നോഹ ഹരാരി ചൂണ്ടിക്കാണിക്കുന്നത് പോലെ, സർവ കാലത്തേക്കുമുള്ള നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിക്കാനുള്ള അവസരമായാണ് മഹാമാരിക്കാലത്തെ ഭരണകർത്താക്കൾ ഉപയോഗിച്ചത്. സെൻസറുകൾ സർവവ്യാപിയായി. പരിധിയില്ലാത്ത അധികാരത്തിന്റെ ആ നല്ല കാലം തുടരണമെന്ന് ഭരണാധികാരികൾ ആഗ്രഹിച്ചു.

അധികാരം ആർക്കാണ് മടുക്കുക?

മഹാമാരിക്കാലത്ത് കൊണ്ടുവന്ന മാരക നിയമങ്ങളെല്ലാം അതേ പടി തുടരും. പി പി ഇ കിറ്റ് അഴിമതിയാരോപണം ഹൈക്കോടതിക്ക് മുമ്പിലെത്തിയപ്പോൾ സംസ്ഥാന ആരോഗ്യ സെക്രട്ടറി വാദിച്ചത്, മഹാമാരിക്കാലത്തെ ഇടപാടുകൾ പരിശോധനക്ക് പുറത്താണ് എന്നായിരുന്നവല്ലോ. നിലച്ചുപോയ പ്രക്ഷോഭങ്ങളാണ് മഹാമാരിക്കാലത്തിന്റെ യഥാർഥ ദുരന്തമെന്ന് സാമൂഹിക വിദഗ്ധർ പറയുന്നുണ്ട്. ഇന്ത്യയിലെ സി എ എ പ്രക്ഷോഭത്തെ ഉദാഹരിച്ചു കൊണ്ടാണ് ഈ ആശയം മുന്നോട്ട് വെക്കുന്നത്.
അത്‌കൊണ്ട്, ചൈനയിലെ ജനങ്ങൾ തെരുവിലിറങ്ങുന്നത് ലോകത്തിനാകെയുള്ള ആഹ്വാനമായാണ് കാണേണ്ടത്. മഹാമാരിയെ മറയാക്കി സർക്കാറുകൾ എടുത്ത മുഴുവൻ തീരുമാനങ്ങളും കർശനമായ പരിശോധനക്ക് വിധേയമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വത്തിലേക്ക് പൗരസമൂഹം ഉണരണം. നിലച്ചു പോയ സർവ പ്രക്ഷോഭങ്ങളും പുനരുജ്ജീവിപ്പിക്കണം. കൊവിഡ് നിയന്ത്രണ വിധേയമായാൽ താങ്കൾ എന്താണ് ആദ്യം ചെയ്യുകയെന്ന് പുറത്തിറങ്ങാനാകാത്ത ഭീതിയുടെ നാളുകളിൽ നടന്ന ഓൺലൈൻ അഭുമുഖത്തിൽ അരുന്ധതി റോയിയോട് ചോദിക്കുന്നുണ്ട്. അവർ നൽകുന്ന മറുപടി: രോഗ വ്യാപനത്തിന്റെ കാലത്ത് സർക്കാറുകൾ എന്തു ചെയ്തുവെന്ന് ഓഡിറ്റ് ചെയ്യുന്ന സന്നദ്ധ സംഘത്തോടൊപ്പം ചേരുമെന്നാണ്.
കാലത്തിന്റെ ചുവരെഴുത്ത് വായിക്കണമെന്നത് ക്ലീഷേയായിപ്പോയ പ്രയോഗമാണ്. ചൈനീസ് നഗരങ്ങളിൽ ജനങ്ങൾ ഉയർത്തിയ വെള്ള ക്കടലാസിൽ ഒന്നും എഴുതാത്തതിനാൽ എല്ലാ ഭാഷക്കാർക്കും അത് വായിക്കാവുന്നതാണ്!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest