Connect with us

book review

ചരിത്രവും ഭാവനയും ചേരുന്നിടം

ഇന്ത്യയിലെ നിരവധി ചരിത്ര സംഭവങ്ങളിലൂടെ വികസിക്കുന്ന നോവലായതിനാൽ കേവലം ആഖ്യാന ശൈലി വായിച്ച് രസിക്കുന്നതിലുപരി ധാരാളം അറിവുകളും ഈ പുസ്തകം വായിക്കുന്നതിലൂടെ വായനക്കാരന് ലഭിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Published

|

Last Updated

ളരെ വേഗത്തിലും എളുപ്പത്തിലും വായിച്ചു തീർക്കാൻ പറ്റിയ രസകരവും ഹൃദ്യവും ശക്തവുമായ ഒരു നോവലാണ് ജുഫ്രി ജീർപ്പിങ്ങൽ എഴുതിയ വാ… സമ്പന്നവും സമൃദ്ധവുമായ ഇന്ത്യൻ ചരിത്രത്തെ വളച്ചൊടിച്ചും തിരുത്തി എഴുതിയും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ വെറുപ്പ് ഉത്പാദിപ്പിച്ച് വിഭജന രാഷ്ട്രീയം കളിക്കാൻ ഒരുമ്പെടുന്ന ഭരണകൂടത്തെയും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധിയാളുകളെയും നോവലിൽ മികച്ച രീതിയിലാണ് നോവലിസ്റ്റ് തുറന്നു കാട്ടുന്നത്.

ഇന്ത്യയിലെ നിരവധി ചരിത്ര സംഭവങ്ങളിലൂടെ വികസിക്കുന്ന നോവലായതിനാൽ കേവലം ആഖ്യാന ശൈലി വായിച്ച് രസിക്കുന്നതിലുപരി ധാരാളം അറിവുകളും ഈ പുസ്തകം വായിക്കുന്നതിലൂടെ വായനക്കാരന് ലഭിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സുഹൃത്തുക്കളായ വേദയും ഫിദയും അവരുടെ അധ്യാപകരായ നന്ദന ടീച്ചറും അധീശൻ മാഷുമൊക്കെയാണ് നോവലിലെ പ്രധാനപ്പെട്ട, ശക്തമായ കഥാപാത്രങ്ങൾ.
വിദ്യാർഥികൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥകൾ പറഞ്ഞു തുടങ്ങി സ്കൂളിലെ വിദ്യാർഥികളെല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നന്ദന ടീച്ചർക്ക് പകരമായി വന്ന അധീശൻ എന്ന അധ്യാപകനിലൂടെയാണ് നോവൽ വികസിക്കുന്നത്.

അധീശൻ സ്കൂളിലെ അധ്യാപകനായി വരുന്നത് തന്നെ പലവിധ രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമായിട്ടാണ്.തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലെ വിവിധ നേതാക്കളുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കുമനുസരിച്ച് സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ വെറുപ്പും വിദ്വേഷവും കലർത്തുക എന്നതാണ് അധീശൻ എന്ന അധ്യാപകന്റെ ലക്ഷ്യം. വായനയിലും എഴുത്തിലും സാഹിത്യത്തിലും തത്പരരായ വിദ്യാർഥികളെ അത്തരം നല്ല പ്രവൃത്തികളിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതും അതുപോലെ ചരിത്രത്തെ വളച്ചൊടിച്ചും തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്കനുസരിച്ച് പുതിയ ചരിത്രം നിർമിച്ചും വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ തമ്മിലുള്ള ഐക്യം തകർക്കുക എന്നതും അധീശൻ എന്ന അധ്യാപകന്റെയും അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയ പാർട്ടിയുടെയും നയമാണെന്ന് നോവൽ സമർഥിക്കുന്നു.

അധീശൻ എന്ന അധ്യാപകനും വെറുപ്പും വിദ്വേഷവും മാത്രം കൈമുതലാക്കിയ അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും കിടഞ്ഞു പരിശ്രമിച്ചിട്ടും സ്കൂളിലെ വിദ്യാർഥികളെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടുള്ള വഴികളിലേക്കെത്തിക്കാനാകുന്നില്ല.പുസ്തക വായന മുടക്കിയും ഇല്ലാത്ത ചരിത്രങ്ങൾ നിർമിച്ചും ഉള്ള ചരിത്രങ്ങളിൽ തന്നെ വെള്ളം ചേർത്തും വിദ്യാർഥികളിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന അധീശൻ എന്ന അധ്യാപകൻ വിദ്യാർഥികൾക്ക് മുന്നിൽ പരാജയം സമ്മതിക്കുന്നുണ്ട്.വായന അവസാന പേജുകളിലെത്തുമ്പോൾ വായന എന്ന മഹത്തായ പ്രവൃത്തി കൊണ്ട് നമുക്ക് പല വെറുപ്പുകളെയും മുളയിലേ നുള്ളിക്കളയാം എന്നൊരു ബോധ്യം പിറവിയെടുക്കുന്നു.96 പേജ് വരുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മഴത്തുള്ളി പബ്ലിക്കേഷനാണ്. 120 രൂപയാണ് വില.

---- facebook comment plugin here -----

Latest