Connect with us

Editorial

രാജ്യദ്രോഹ നിയമം മരവിപ്പിക്കുമ്പോള്‍

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കരിനിയമം ബ്രിട്ടീഷ് ഭരണാധികാരികള്‍ പ്രയോഗിച്ചതു പോലെ പൗരാവകാശം സംബന്ധിച്ചുള്ള വിയോജന ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി ദുരുപയോഗം ചെയ്തു വരികയാണിന്ന്.

Published

|

Last Updated

ചരിത്രപരമാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതിയുടെ ഇന്നലത്തെ വിധിപ്രസ്താവം. 124 എ വകുപ്പ് പുനഃപരിശോധിക്കുന്നത് വരെ കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണം. നിയമം പുനഃപരിശോധിക്കുന്നതില്‍ കേന്ദ്രം തീരുമാനമെടുക്കുകയും വേണം. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് വിധി പ്രസ്താവമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124എ പ്രകാരം ചുമത്തപ്പെടുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക വിധി.

രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കിയ 124 എ വകുപ്പ് റദ്ദാക്കരുതെന്നും വകുപ്പിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നുമായിരുന്നു സര്‍ക്കാര്‍ ആദ്യം സുപ്രീം കോടതിയില്‍ നിലപാടറിയിച്ചിരുന്നത്. 1962ല്‍ കേദാര്‍നാഥ് കേസില്‍, 124 എ വകുപ്പ് നിലനിര്‍ത്താനായിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പിന്നീട് കേന്ദ്രം സമര്‍പ്പിച്ച മറ്റൊരു സത്യവാങ്മൂലത്തില്‍ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ സന്നദ്ധമാണെന്നറിയിക്കുകയുണ്ടായി. കൊളോണിയല്‍ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിഷയത്തില്‍ തങ്ങള്‍ നിലപാട് എടുക്കുന്നതു വരെ കോടതി രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികളില്‍ അന്തിമ തീരുമാനം എടുക്കരുതെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

1837-39 കാലഘട്ടത്തില്‍ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ പീനല്‍ കോഡിലെ 113ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആദി രൂപം. 1860ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇതിനെ സെക്ഷന്‍ 124 എ ആയി ഉള്‍പ്പെടുത്തി. എഴുത്തിലൂടെയോ സംഭാഷണത്തിലൂടെയോ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷമോ അനാദരവോ ഉയര്‍ത്തുകയോ അസംതൃപ്തി വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് രാജ്യദ്രോഹമായി ഈ വകുപ്പ് നിര്‍വചിക്കുന്നു. ദേശീയ സമരത്തെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരവും ഈ നിയമം രാജ്യത്ത് നിലനിര്‍ത്തുകയായിരുന്നു.

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കരിനിയമം ബ്രിട്ടീഷ് ഭരണാധികാരികള്‍ പ്രയോഗിച്ചതു പോലെ പൗരാവകാശം സംബന്ധിച്ചുള്ള വിയോജന ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി ദുരുപയോഗം ചെയ്തു വരികയാണിന്ന്. സര്‍ക്കാറിന്റെ നടപടികളില്‍ വിയോജിക്കുന്നത് രാജ്യദ്രോഹമാക്കി മുദ്രകുത്തി എഴുത്തുകാര്‍, ചിന്തകന്മാര്‍, രാഷ്ട്രീയ നായകന്മാര്‍, വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെ ഇത് പ്രയോഗിച്ചു വരുന്നു. അസമിലെ പ്രമുഖ എഴുത്തുകാരനും സാഹിത്യ പുരസ്‌കാര ജേതാവുമായ ഹിരണ്‍ ഗോഹയിക്കെതിരെ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസ്താവന നടത്തിയതിനായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ 124 എ വകുപ്പ് ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോപിച്ചിരുന്നത് സര്‍വകലാശാലാ ക്യാമ്പസില്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയെന്നാണ്.

ഇന്ത്യന്‍ പീനല്‍ കോഡ് 124 എ വകുപ്പിന്റെ പിതൃത്വം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കാണെങ്കിലും 2010ല്‍ ഇംഗ്ലണ്ടില്‍ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച നിയമം റദ്ദ് ചെയ്യുകയുണ്ടായി. അമേരിക്ക, ആസ്ത്രേലിയ, നൈജീരിയ, മലേഷ്യ, ന്യൂസിലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളും രാജ്യദ്രോഹവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ എടുത്ത് കളയുകയോ അത്തരം നിയമങ്ങള്‍ പ്രയോഗിക്കേണ്ടതിനെക്കുറിച്ചുള്ള തത്ത്വങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയോ ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ പക്ഷേ ഈ വകുപ്പ് യാതൊരു മാറ്റവും കൂടാതെ നിലനില്‍ക്കുകയാണ്. ഇത് എടുത്തുകളയണമെന്ന ആവശ്യം നിയമവൃത്തങ്ങളില്‍ നിന്ന് തന്നെ ശക്തമാണ്. രാജ്യദ്രോഹ നിയമത്തിലെ സെക്ഷന്‍ 124 എയും യു എ പി എയിലെ കുറ്റകരമായ വ്യവസ്ഥകളും റദ്ദാക്കാന്‍ കോടതി അതിന്റെ അധികാരം ഉപയോഗിക്കണമെന്നാണ് അന്തരിച്ച ജഡ്ജി വിശ്വനാഥ പസായത്തിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2021 ഒക്ടോബറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ ആവശ്യപ്പെട്ടത്. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യദ്രോഹ നിയമം, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഇനിയും തുടരേണ്ടതുണ്ടോയെന്ന് കഴിഞ്ഞ ജൂലൈയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചും ചോദിച്ചിരുന്നു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാര്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് അന്ന് ഓര്‍മിപ്പിച്ചു. പൗരന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിച്ച വകുപ്പ് എന്നാണ് ഗാന്ധിജി 124 എ വകുപ്പിനെക്കുറിച്ച് വിശേഷിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഈ വകുപ്പ് ഇനിയും വെച്ചുകൊണ്ടിരിക്കുന്നത് ശരിയാണോ? അതെത്രയും വേഗം എടുത്തു കളയേണ്ടതുണ്ട്. ഇതിന്റെ മുന്നോടിയാകട്ടെ രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കുകയും വകുപ്പ് ഉപയോഗിച്ച് പുതിയ എഫ് ഐ ആര്‍ ചുമത്തുന്നത് തടയുകയും ചെയ്തു കൊണ്ടുള്ള പരമോന്നത കോടതി വിധി.

 

Latest