Connect with us

Articles

റിജിജു "ദൗത്യ'മൊഴിയുമ്പോള്‍

വാക്കിലും പ്രവൃത്തിയിലും ഏകാധിപത്യം പുലര്‍ത്തികൊണ്ടിരിക്കുന്ന സമഗ്രാധിപത്യ പ്രവണതകളുള്ള ഒരു ഭരണകൂടം. അതിന് പൂര്‍ണ വഴക്കം പ്രഖ്യാപിക്കാത്ത നീതിപീഠത്തെ എങ്ങനെയും വരുതിയിലാക്കാനുള്ള അശ്രാന്ത പരിശ്രമമായിരുന്നു നിയമ മന്ത്രി പദവിയിലെ റിജിജു ദൗത്യമെന്ന് തോന്നുംവിധം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

Published

|

Last Updated

നിയമ മന്ത്രിയായി രണ്ട് വര്‍ഷം തികക്കാനിരിക്കെയാണ് കിരണ്‍ റിജിജുവിന്റെ അപ്രതീക്ഷിത സ്ഥാനചലനം. ഡോ. ബി ആര്‍ അംബേദ്കര്‍ മുതല്‍ വലിയ പേരുകാര്‍ ഇരുന്ന കസേരയില്‍ അദ്ദേഹത്തിന്റെ പ്രകടനം എവ്വിധമായിരുന്നുവെന്ന് രാജ്യം കണ്ടതാണ്. ജുഡീഷ്യറിയുമായി നിരന്തരം കലഹിച്ചു കൊണ്ടിരുന്നു കേന്ദ്ര നിയമ മന്ത്രി. വാക്കിലും പ്രവൃത്തിയിലും ഏകാധിപത്യം പുലര്‍ത്തി കൊണ്ടിരിക്കുന്ന സമഗ്രാധിപത്യ പ്രവണതകളുള്ള ഒരു ഭരണകൂടം. അതിന് പൂര്‍ണ വഴക്കം പ്രഖ്യാപിക്കാത്ത നീതിപീഠത്തെ എങ്ങനെയും വരുതിയിലാക്കാനുള്ള അശ്രാന്ത പരിശ്രമമായിരുന്നു നിയമ മന്ത്രി പദവിയിലെ റിജിജു ദൗത്യമെന്ന് തോന്നുംവിധം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്നിട്ടുമെന്തേ മാറ്റിയത് എന്ന അമ്പരപ്പിന്റെ ചോദ്യം രാജ്യത്തെ രാഷ്ട്രീയ, നിയമ രംഗങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് ഇപ്പോള്‍.
അരുണാചല്‍ പ്രദേശില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയ കിരണ്‍ റിജിജു നിയമ ബിരുദധാരിയാണ്. ഭരണകക്ഷിയുടെ നേതൃരംഗത്തും കേന്ദ്ര മന്ത്രിസഭയിലും താരതമ്യേനെ ജൂനിയറായ അദ്ദേഹം നിയമ മന്ത്രാലയം പോലെ ശ്രദ്ധേയമായ ഒരിടത്ത് ക്യാബിനറ്റ് പദവിയോടെ നിയമിതനായത് തന്നെ അസാധാരണമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അസാധാരണത്വം നിറഞ്ഞ ഏറ്റുമുട്ടലായിരുന്നു അദ്ദേഹം ജുഡീഷ്യറിയുമായി നടത്തിയത്.
രാജ്യത്തെ ജനങ്ങള്‍ കൊളീജിയം സംവിധാനത്തില്‍ തൃപ്തരല്ലെന്ന് പറഞ്ഞുകൊണ്ടാണ് കിരണ്‍ റിജിജു സുപ്രീം കോടതിയുമായുള്ള പ്രത്യക്ഷ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ന്യായാധിപരെ നിയമിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ ജോലിയാണെന്നും ന്യായാധിപരെ ന്യായാധിപര്‍ തന്നെ നിയമിക്കുന്ന പതിവ് ലോകത്തൊരിടത്തും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. നീതി ലഭ്യമാക്കലാണ് സുപ്രീം കോടതിയുടെ പ്രാഥമിക കര്‍ത്തവ്യം. എന്നാല്‍ അടുത്ത ജഡ്ജി ആരായിരിക്കണമെന്ന ആലോചനയില്‍ സമയത്തിന്റെ പകുതിയും മനസ്സും ചെലവഴിക്കുകയാണ് നമ്മുടെ ന്യായാധിപരെന്ന വിമര്‍ശവും അദ്ദേഹം നടത്തുകയുണ്ടായി.

കൊളീജിയം സംവിധാനം മാത്രമായിരുന്നു കേന്ദ്ര നിയമ മന്ത്രിയുടെ ലക്ഷ്യമെന്നും കരുതാനാകില്ല. ഭരണകൂട ഇംഗിതങ്ങള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ കുടപിടിക്കുന്ന നീതിപീഠം എന്ന കൃത്യമായ അജന്‍ഡയുടെ പുറത്ത് ജുഡീഷ്യറിക്കെതിരെ കാടടച്ച് വെടിവെക്കുകയായിരുന്നു കിരണ്‍ റിജിജു. അതുകൊണ്ടാണ് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച സുപ്രീം കോടതി വിധിക്കെതിരെ പോലും അദ്ദേഹം രംഗത്തെത്തിയത്. പരമോന്നത നീതിപീഠം രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതില്‍ താന്‍ അസ്വസ്ഥനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിരമിച്ച ചില ന്യായാധിപര്‍ക്കെതിരെ ഭീഷണി സ്വരത്തിലായിരുന്നു കേന്ദ്ര നിയമ മന്ത്രിയുടെ അഭിപ്രായപ്രകടനം. രാജ്യവിരുദ്ധരായ വിരമിച്ച ചില ന്യായാധിപര്‍ ജുഡീഷ്യറിയെ കൊണ്ട് പ്രതിപക്ഷത്തിന്റെ പണിയെടുപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നമ്മുടെ സര്‍ക്കാറിനുമൊപ്പമാണ്. രാജ്യവിരുദ്ധരായ അത്തരം തുക്ടെ തുക്ടെ ഗ്യാംഗിനെ രാജ്യത്തെ തകര്‍ക്കാന്‍ നാം അനുവദിക്കില്ല. നിയമപരമായ നടപടി സ്വീകരിക്കും. ഒരുത്തനും രക്ഷപ്പെടില്ല. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ അതിന് വില നല്‍കേണ്ടി വരും എന്നായിരുന്നു സുപ്രീം കോടതിയില്‍ നിന്നടക്കം വിരമിച്ച ന്യായാധിപര്‍ക്കെതിരെ കേന്ദ്ര നിയമ മന്ത്രിയുടെ ആക്രോശം. എന്നാല്‍ ശക്തമായ പ്രതിഷേധമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഉയര്‍ന്നുവന്നത്. സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും 300ല്‍ പരം അഭിഭാഷകരാണ് പ്രതിഷേധ പ്രസ്താവന പുറപ്പെടുവിച്ചത്. വിരമിച്ച ന്യായാധിപരെ ഇന്ത്യയുടെ നിയമ മന്ത്രി മോശമായ രീതിയില്‍ വിശദീകരിക്കുമ്പോള്‍ അതിനെ നിസ്സാരമായി കാണാനാകില്ല. ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യുന്ന വിരമിച്ച ന്യായാധിപര്‍ക്ക് രാജ്യവിരുദ്ധരെന്ന മുദ്ര പതിപ്പിക്കുമ്പോള്‍ അത് രാജ്യത്തെ പൗരന്‍മാരെ ബാധിക്കുന്ന കാര്യമാണെന്നായിരുന്നു ഇന്നലെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ പ്രതികരിച്ചത്.

ജുഡീഷ്യറിക്കെതിരെ ഭീഷണിയും ആക്രോ ശവും പരിഹാസവുമെല്ലാം നിരന്തരം നടത്തി കളംവാഴുക തന്നെയായിരുന്നു കിരണ്‍ റിജിജു. കൊളീജിയം ശിപാര്‍ശയില്‍ ഒപ്പിടാന്‍ മാത്രമെങ്കില്‍ പിന്നെ ഭരണകൂടത്തിന്റെ റോളെന്താണ്. ഭരണകൂടം ഫയലുകളില്‍ അടയിരിക്കുന്നു എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് ഫയലുകള്‍ സര്‍ക്കാറിന് അയക്കുന്നത്. നിങ്ങള്‍ തന്നെ സ്വന്തമായി നിയമിച്ച് വേണ്ടത് ചെയ്‌തോളൂ എന്നായിരുന്നു ഒരുവേള കിരണ്‍ റിജിജുവിന്റെ ആക്രോശം. മറ്റൊരു ഘട്ടത്തില്‍ സുപ്രീം കോടതി ജാമ്യാപേക്ഷകള്‍ കേള്‍ക്കുന്നതിനെതിരെയും പൊതുതാത്പര്യ ഹരജികള്‍ പരിഗണിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. അത്തരം “നിസ്സാര’ കാര്യങ്ങള്‍ക്ക് വേണ്ടി കോടതി സമയം നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു പരിഭവം. വൈദ്യുതി മോഷ്ടിച്ചതിന് 18 വര്‍ഷം തടവില്‍ കിടന്നയാളുടെ ഹരജി പരിഗണിക്കവെ തൊട്ടടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതിന് മറുപടി നല്‍കുകയും ചെയ്തു. ഒരു കേസും സുപ്രീം കോടതിക്ക് വളരെ ചെറുതോ വളരെ വലുതോ അല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

എക്‌സിക്യൂട്ടീവിന്റെ ഭാഗമായി നിന്ന് ജുഡീഷ്യറിക്കെതിരെ കേന്ദ്ര നിയമ മന്ത്രിയും ഉപരാഷ്ട്രപതിയും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമെതിരെ ലോയേഴ്‌സ് അസ്സോസിയേഷന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്. ഭരണഘടനയുടെ മൗലിക ഘടനയെ തന്നെ ചോദ്യം ചെയ്യുക വഴി ഭരണഘടനയില്‍ അവിശ്വാസം പ്രകടിപ്പിച്ച ഉപരാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും പദവികളില്‍ തുടരാന്‍ അര്‍ഹരല്ലെന്നും പുറത്താക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ഹരജി. എന്നാല്‍ പ്രസ്തുത ഹരജി ബോംബെ ഹൈക്കോടതി തള്ളുകയാണുണ്ടായത്. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ പരമോന്നത നീതിപീഠം ഹൈക്കോടതി വിധി ശരിവെച്ചതിന്റെ നാലാം നാള്‍ കിരണ്‍ റിജിജു റണ്ണൗട്ടാകുകയായിരുന്നു എന്നു വേണം കരുതാന്‍. നേരത്തേ കിരണ്‍ റിജിജുവിന്റെ ജുഡീഷ്യറിക്കെതിരായ നീക്കങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു സുപ്രീം കോടതി എങ്കിലും കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്ന ഭരണഘടനാപരമായി സാധുതയുള്ള ഹരജി അംഗീകരിച്ചില്ല. തുടര്‍ന്നും നിയമ മന്ത്രിയായി അദ്ദേഹം തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുന്നതിന് പകരം റിജിജുവിനെ മാറ്റി ജുഡീഷ്യറിയുമായി ഒരു സോഫ്റ്റ് കോര്‍ണറിനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അപ്പോള്‍ പിന്നെ കേന്ദ്ര നിയമ മന്ത്രിയെ മാറ്റിയത് ജുഡീഷ്യറിയെ വിമര്‍ശിച്ചതിനാലാണെന്ന് തന്നെയാകും ഭരണകൂടം പറയുക. അതിനര്‍ഥം നീതിപീഠത്തിലെ ഭരണകൂട താത്പര്യങ്ങള്‍ അടിയറ വെച്ചെന്നോ അവസാനിച്ചെന്നോ അല്ല. പ്രത്യുത അതൊരു അടവു നയമാണ്. അര്‍ജുന്‍ റാം മേഘ് വാളിനെ വെച്ച് നീതിപീഠവുമായി അടുപ്പം കൂടാന്‍ പറ്റുമോ എന്നായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നോക്കുക. അതെന്താകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Latest