Connect with us

interview

കൺമുമ്പില്‍ നടന്നത് കഥയായി

അഭിമുഖം: യാസര്‍ അറഫാത്ത്/ സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? എഴുത്തിനോട് അടുപ്പം വന്നത് എങ്ങനെയാണ്? കുട്ടിക്കാലത്തെ വായന എങ്ങനെയായിരുന്നു.
– യാദൃച്ഛികം എന്ന വാക്കു മാത്രം ഞാനിവിടെ ഉപയോഗിക്കട്ടെ. പതിനേഴാം വയസ്സ് വരെ വായനയോടോ എഴുത്തിനോടോ ഒന്നും വലിയ താത്പര്യമുണ്ടായിരുന്നില്ല. കായിക വിനോദങ്ങളോടായിരുന്നു ആഭിമുഖ്യം. പാഠപുസ്തകങ്ങളും ബാലപ്രസിദ്ധീകരണങ്ങളുമല്ലാതെ ഒന്നും തുറന്നു നോക്കുക പോലും ചെയ്യാറില്ല. പതിനേഴാം വയസ്സില്‍ ആദ്യ കഥ എഴുതിയതിനു ശേഷമാണ് ഞാന്‍ വായനയിലേക്ക് കടക്കുന്നത്. അതിന് കാരണമുണ്ടായിരുന്നു. ആ കഥ വായിച്ച ചിലര്‍ അത് ബഷീറിനെ അനുകരിച്ചെഴുതിയതാണെന്ന് പറയുകയുണ്ടായി. എന്നാല്‍, ബഷീറിന്റെ എഴുത്തുരീതിയെക്കുറിച്ച് എനിക്കന്ന് ധാരണയൊന്നുമുണ്ടായിരുന്നില്ല. എന്റെ പരിമിതമായ ഭാഷയില്‍, എന്റെ കണ്ണിനു മുമ്പില്‍ നടന്ന സംഭവം ഞാനൊരു കഥയാക്കിയതായിരുന്നു. ഏതായാലും ബഷീറിനെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യമായി വായനശാലയിലേക്ക് ചെല്ലുന്നത്. പുതുക്കോട് വായനശാലയുടെ മരയലമാരിയില്‍ നിന്ന് പരതിയെടുത്ത “മുച്ചീട്ടുകളിക്കാരന്റെ മകള്‍’ ആണ് ആദ്യമായി വായിച്ച പുസ്തകം.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എന്റെ നാടായ പുതുക്കോട് നിന്നും ഗ്രാമിക എന്ന പേരില്‍ ഒരു കൈയെഴുത്തു മാസിക ഇറങ്ങിയിരുന്നു. ഗ്രാമികയാണ് എന്തെങ്കിലുമൊക്കെ എഴുതണമെന്ന ആഗ്രഹം എന്നിലുണര്‍ത്തിയത്.

? ആദ്യമെഴുതിയ കഥ ഓർമയില്ലേ? അതു തന്നെയാണോ അച്ചടി മഷി പുരണ്ടു വന്ന ആദ്യ കഥ? എങ്കില്‍ ആ കഥ ഉണ്ടായതെങ്ങനെയാണ് ?
– നാട്ടിലെ ഗതാഗതപ്രശ്‌നത്തെ ആസ്പദമാക്കി എഴുതിയ “ഒരു പുതുക്കോട്ടുകാരന്റെ ദുര്യോഗം’ എന്ന കഥയാണ് ആദ്യ കഥ. ഇന്നാലോചിക്കുമ്പോള്‍ അതൊരു കഥയാണെന്ന് പറയാനാകില്ല. നര്‍മലേഖനം പോലെ ചിലതെന്തോ കുറിച്ചു. അത്രമാത്രം. പുതുക്കോടിന് തൊട്ടടുത്തുള്ള പാറമ്മല്‍ വായനശാലയുടെ “സർഗ’ യിലാണ് ആദ്യമായി എന്റെ വരികള്‍ക്ക് അച്ചടിമഷി പുരളുന്നത്. അതും ഒരു പൊട്ടക്കഥയായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്.

? എഴുതാന്‍ പരിപൂർണ നിശ്ശബ്ദതയും ഏകാന്തതയും നിറഞ്ഞ ഒരിടം വേണമെന്ന് ഒരാള്‍. മറ്റൊരാള്‍ക്ക് രാത്രി മാത്രമാണ് എഴുത്ത് സമയം. വേറൊരെഴുത്തുകാരന് പുലര്‍ക്കാലം. താങ്കള്‍ക്ക് എഴുത്തിന്റെ സന്ദര്‍ഭവും സമയവും എപ്പോഴാണ്?
– എനിക്ക് എഴുതണമെങ്കില്‍ നിശബ്ദവും ഏകാന്തവുമായ അന്തരീക്ഷം അത്യാവശ്യമാണ്. വലിയ ബഹളങ്ങള്‍ക്കിടയില്‍ എനിക്കൊന്നും എഴുതാനാകില്ല. എഴുത്തിന് പ്രത്യേകിച്ച് സമയമൊന്നുമില്ല.

? സാഹിത്യവുമായി ബന്ധപ്പെടുത്തി പിതാവുമായുള്ള ധാരാളം ഓർമകള്‍, അനുഭവങ്ങള്‍ താങ്കള്‍ക്കുണ്ട്. മുതാര്‍ക്കുന്നിലെ മുസല്ലകള്‍ എന്ന ആദ്യ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നതും പിതാവിനാണ്. യാസറിന് എഴുത്തിന്റെ ശക്തിയും വഴികാട്ടിയും പിതാവായിരുന്നോ?
-എന്റെ ഉപ്പ ഒരുകാലത്ത് നന്നായി വായിച്ചിരുന്നു. എഴുതാന്‍ ശ്രമിച്ചിരുന്നു. പരാജയപ്പെട്ട ഒരെഴുത്തുകാരനായിരുന്നു. ഉപ്പ എഴുതി വെച്ച ഒരു നോവലിന്റെ കൈയെഴുത്തു പ്രതി എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടെപ്പോഴോ അത് കളഞ്ഞുപോയി. ഇതൊക്കെയാണെങ്കിലും ഞാന്‍ എഴുതുന്ന വിവരം ഉപ്പക്ക് അറിയില്ലായിരുന്നു. അലച്ചിലിനിടയില്‍ ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ എന്റെ കവിതയുള്ളൊരു പുസ്തകം അദ്ദേഹം സന്തോഷത്തോടെ തന്റെ സഞ്ചിയില്‍ തിരുകിക്കൊണ്ടുപോയിട്ടുണ്ട്. പിന്നീട് യാത്രകള്‍ക്കൊടുവില്‍ പുതുക്കോട്ടേക്ക് വീണ്ടും തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം എന്നോട് ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു. അതിനെക്കുറിച്ചെല്ലാം എഴുതണം എന്ന് എന്നെ നിര്‍ബന്ധിക്കുമായിരുന്നു. എന്റെ ആദ്യ നോവലായ മുതാര്‍ക്കുന്നിലെ മുസല്ലകളില്‍ ഉപ്പയുടെ ജീവിതമുണ്ട്. ഉപ്പ പറഞ്ഞ കുറേ കഥകളുണ്ട്. പ്രത്യേകിച്ച് തൊണ്ണൂറുകളിലെ ബോംബെ കലാപത്തിന്റെ നടുക്കുന്ന ചിത്രം ഞാന്‍ ഉപ്പയുടെ വാക്കുകളിലൂടെയാണ് പൂരിപ്പിച്ചിട്ടുള്ളത്. ആ അധ്യായം ഞാന്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുത്തിരുന്നു. അദ്ദേഹം രോഗശയ്യയിലാകുന്നതിനും മുന്നെയായിരുന്നു അത്. നന്നായിട്ടുണ്ട് എന്നു തന്നെയാണ് പറഞ്ഞത്. നോവല്‍ ഖണ്ഡശ്ശ വരുന്നതിനിടയില്‍ കിടപ്പിലാകുകയും മരണപ്പെടുകയും ചെയ്തു. താനൂര്‍ക്കാരന്‍ എന്ന കഥയിലും അദ്ദേഹത്തിന്റെ ജീവിതമുണ്ട്.

? ‘പ എന്ന ദേശം’ ചരിത്രത്തിലേക്കും കാലത്തിലേക്കും പടര്‍ന്നു കയറുന്നതിന്റെ ആവിഷ്‌കാരമാണല്ലോ മുതാര്‍ക്കുന്നിന്റെ ഇതിവൃത്തം. മറവിയിലേക്ക് ചവിട്ടിത്താഴ്ത്തിക്കളഞ്ഞ കുറേ മനുഷ്യരുടെ , ജീവജാലങ്ങളുടെ ചരിത്രം സർഗാത്മകമായി അടയാളപ്പെടുത്തിയതിന്റെ രചനാ പശ്ചാത്തലം വിശദമാക്കാമോ?
– നോവലെഴുതുക എന്നത് വലിയൊരു സ്വപ്‌നമായിരുന്നു. എസ് കെ പൊറ്റക്കാട്ടിന്റെ ദേശത്തിന്റെ കഥയൊക്കെ വായിച്ചു കഴിഞ്ഞ നാള്‍ മുതലേ അത് പിറകെയുണ്ട്. ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം നോവല്‍സ്വപ്‌നം മനസ്സില്‍ കിടന്നു തിളച്ചു. ഏഴ് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. എന്നിട്ടും വിചാരിച്ച പോലെ എഴുതാന്‍ കഴിഞ്ഞോ എന്നെനിക്ക് സംശയമുണ്ട്. കഥയെയും കഥാപാത്രങ്ങളെയുമെല്ലാം തേടി എനിക്കേറെ അലയേണ്ടി വന്നിട്ടില്ല. എന്റെ മുന്നില്‍ തന്നെ അവരുണ്ടായിരുന്നു എന്നതാണ് സത്യം. ആന്‍ഡമാനിലേക്ക് (മലബാര്‍ കലാപ സംബന്ധിയല്ലാതെ തന്നെ) നാടുകടത്തപ്പെട്ടവരും ഒരു ഗതിയും പിടിക്കാതെ രാജ്യം മുഴുവന്‍ അലഞ്ഞു നടക്കേണ്ടി വന്നവരും എന്റെ കുടുംബത്തില്‍ തന്നെയുണ്ട്. അവരുടെ ജീവിതമെല്ലാം കുറച്ചൊക്കെ ഭാവന ചേര്‍ത്ത് ഞാനീ നോവലില്‍ ഉപയോഗിച്ചിട്ടുണ്ട്. നാട്ടുമനുഷ്യരിലെ നർമം, തൊണ്ണൂറുകളിലെ സാമൂഹികബന്ധങ്ങള്‍, ചരിത്രത്തിന്റെ ചെറിയ ചെറിയ അടരുകള്‍, വാമൊഴിയുടെ സാധ്യതകള്‍…ഇതൊക്കെയാണെങ്കിലും ഈ നോവല്‍ ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണെന്ന് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

Latest