Connect with us

Editorial

മാലിന്യ സംസ്‌കരണവും തദ്ദേശസ്ഥാപനങ്ങളും

സർക്കാറും തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികൾക്ക് ജനങ്ങളുടെ സഹകരണവും കൂടി ഇക്കാര്യത്തിൽ അനിവാര്യമാണ്. "എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന തത്ത്വം ഓരോ പൗരനും ബാധകമാണ്.

Published

|

Last Updated

സംസ്ഥാനം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണ് മാലിന്യ കൂമ്പാരം. സംസ്ഥാനത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്താലും അവിടെയെല്ലാം കാണാനാകും മാലിന്യക്കൂമ്പാരങ്ങള്‍. പലയിടങ്ങളിലും മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതി. സമുദ്രങ്ങളെയും നദികളെയും തടാകങ്ങളെയും നിരത്തുകളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയുമെല്ലാം മലീമസമാക്കിക്കൊണ്ടിരിക്കുന്നു മാലിന്യങ്ങള്‍. മിക്ക സാംക്രമിക രോഗങ്ങളുടെയും ഉറവിടം ഇത്തരം മാലിന്യ കൂമ്പാരങ്ങളാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയായ്കയല്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ നൂറാം ദിവസം മുഖ്യമന്ത്രി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു: അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കും. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കും. കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. കേരളത്തെ ദക്ഷിണേന്ത്യയിലെ ആദ്യ പരസ്യവിസര്‍ജന വിമുക്തസംസ്ഥാനമായി മാറ്റും. ഈ ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഹരിത കേരളം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയത്. പക്ഷേ സംസ്ഥാനത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്ക് ഇന്നും കുറവില്ല.

സംസ്ഥാനത്തെ മാലിന്യമുക്തമാക്കാന്‍ തദ്ദേശ വകുപ്പ് ചില സമയബന്ധിത നടപടികള്‍ പ്രഖ്യാപിക്കുകയും പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും റോഡുകളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശുചിത്വമിഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസറായി എല്ലാ ജില്ലകളിലും പ്രത്യേക പരാതി പരിഹാര സെല്ലുകള്‍ രൂപവത്കരിക്കും. മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ച് പരിഹാര സെല്ലുകള്‍ക്ക് നവമാധ്യമങ്ങളിലൂടെ ആര്‍ക്കും പരാതി നല്‍കാം. ഉടനടി പരിശോധന നടത്തി ബന്ധപ്പെട്ട പരാതിക്കാരന് രണ്ടാഴ്ചക്കകം മുറുപടി നല്‍കാനാണ് സംവിധാനമൊരുക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ സ്പോട്ട് ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനപ്പെരുപ്പത്തിനും ജീവിത സൗകര്യങ്ങളുടെ വര്‍ധനവിനും അനുസരിച്ച് മാലിന്യം വര്‍ധിക്കും. മാലിന്യങ്ങള്‍ എവിടെയെങ്കിലും വലിച്ചെറിയാതെ പ്രത്യേക സ്ഥലങ്ങളില്‍ നിക്ഷേപിക്കാനും ശരിയായ രീതിയില്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളുമാണ് ഇതിനു പരിഹാരം. വികസിത രാജ്യങ്ങളിലും ഗള്‍ഫ് രാഷ്ട്രങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും എയ്റോബിനുകളോ മറ്റു സംവിധാനങ്ങളോ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവരും അവിടെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. അവിടങ്ങളിലൊന്നും റോഡുകളിലും, പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളോ മറ്റു മാലിന്യങ്ങളോ കാണില്ല.

നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അത്തരം സംവിധാനങ്ങളില്ലാത്തതിനാല്‍ ആളുകള്‍ എവിടെയോ വലിച്ചെറിയുകയോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ആണ് ചെയ്യുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക. ക്യാന്‍സര്‍ തുടങ്ങി മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന മാരക വിഷവാതകങ്ങളാണ് പ്ലാസ്റ്റിക് പുകയിലൂടെ പുറത്തു വരുന്നത്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കത്തിക്കുന്നത് നിരോധിച്ച് 2018 മെയില്‍ ഹൈക്കോടതി ഉത്തരവിറക്കിയത് ഈ പശ്ചാത്തലത്തിലാണ്. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മാലിന്യം ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ബാധ്യതയാണ്. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സാംസ്‌കരിക്കാനും മറ്റുള്ളവ വൃത്തിയാക്കി തരംതിരിച്ച് ഹരിത കര്‍മസേനയെ ഏല്‍പ്പിക്കാനും മാര്‍ഗങ്ങള്‍ കൈക്കൊള്ളണം. പിന്നീട് അവ സംസ്‌കരിക്കാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. പഞ്ചായത്തിന്റെയും നഗരസഭയുടെയും വികസന പരിപാടി പ്ലാന്‍ ചെയ്യുമ്പോള്‍, ഒന്നാമതായി എടുക്കേണ്ടത് മാലിന്യ സംസ്‌കരണമാണ്. ഹരിതകേരളം പദ്ധതി ആവിഷ്‌കരിച്ചത് തദ്ദേശസ്ഥാപനങ്ങളിലൂടെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം രൂപപ്പെടുത്തി നടപ്പാക്കാനാണ്.
ശുചിത്വ മാലിന്യ പദ്ധതിക്ക് നഗര പ്രദേശങ്ങളില്‍ ആകെ പദ്ധതി തുകയുടെ പതിനഞ്ച് ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ പത്ത് ശതമാനവും നീക്കിവെക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്.

ഇത്തരം ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ മുന്നോട്ടു വരേണ്ടതാണെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും ഇതു കൃത്യമായി നടക്കുന്നില്ല. ഹരിത സേനാംഗങ്ങള്‍ വീടുകളില്‍ മാലിന്യശേഖരണത്തിനെത്തുന്നത് വല്ലപ്പോഴുമാണ്. ഇതിനൊരു കൃത്യതയോ വ്യവസ്ഥാപിത രൂപമോ ഇല്ല. ചില ജില്ലകളും നഗരസഭകളും പ്ലാസ്റ്റിക്ക് പാടേ നിരോധിച്ച് മാലിന്യപ്രശ്നം നിയന്ത്രിക്കാന്‍ നോക്കുന്നുണ്ട്. അതുകൊണ്ടുമാത്രം നേരിടാവുന്ന പ്രശ്നമല്ലിത്. മാലിന്യ നിക്ഷേപത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുകയുമാണ് ഫലപ്രദ മാര്‍ഗം.

സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങളുടെ സഹകരണവും കൂടി ഇക്കാര്യത്തില്‍ അനിവാര്യമാണ്. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം’ എന്ന തത്ത്വം ഓരോ പൗരനും ബാധകമാണ്. മാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ബാധ്യത നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ വിവരം അറിയിച്ച് പരിഹാരം കാണുകയല്ലാതെ പ്ലാസ്റ്റിക് കത്തിക്കല്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

 

 

Latest