Connect with us

Attack Against Doctors

തിരുവനന്തപുരത്ത് വീണ്ടും വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം; അസഭ്യം, ചെരിപ്പേറ്

ചികിത്സ മുറിയിലേക്ക് കയറുന്നതിന് മുമ്പ് ചെരിപ്പ് ഊരാന്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമം തുടര്‍ക്കഥയാകുന്നു. തിരുവനന്തപുരത്ത് ഒരു വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറെയാണ് ചികിത്സക്ക് എത്തിയ രണ്ട് പേര്‍ ആക്രമിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.

അക്രമികള്‍ ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പൂരി എറിയുകയും ചെയ്തായി പരാതിയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ നഴ്‌സിന് നേരെയും അതിക്രമമുണ്ടായി. ചികിത്സ മുറിയിലേക്ക് കയറുന്നതിന് മുമ്പ് ചെരിപ്പ് ഊരാന്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ച പ്രതികളെ സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് തടഞ്ഞത്.

സംഭവത്തില്‍ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശികളായ അനസ്, സമദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെ എറണാകുളം ആലുവയിലും ഡോക്ടര്‍ക്ക് നേരേ ആക്രമണമുണ്ടായി.