Connect with us

Kerala

വീണയുടെ തോല്‍വി പാര്‍ട്ടിയില്‍ തന്നെ ചിലര്‍ ആഗ്രഹിച്ചിരുന്നു; തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത്

പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് 267 സജീവ അംഗങ്ങള്‍ വിട്ടു നിന്നതായി തിരഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ട്.  ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പേരെടുത്ത് പറഞ്ഞ് നടപടിക്ക് ശിപാര്‍ശയും ചെയ്തിട്ടുണ്ട് റിപ്പോര്‍ട്ടില്‍. റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ താഴേത്തട്ടില്‍ പുരോഗമിക്കുകയാണ്. തുടര്‍ഭരണം ഉണ്ടാകില്ലെന്ന് കരുതിയാണ് പലരും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങള്‍ക്ക് കത്ത് നല്‍കരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരവിപേരൂര്‍, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സി പി എം പ്രവര്‍ത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നതായുള്ള അവലോകന റിപ്പോര്‍ട്ട്.

കുമ്പഴ, കുളനട, ഇരവിപേരൂര്‍, വള്ളംകുളം, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേഡര്‍മാർ വിട്ടുനിന്നത്. ഇരവിപേരൂര്‍ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി 3, കിടങ്ങന്നൂര്‍ 6, മല്ലപ്പുഴശ്ശേരി, 9, കോഴഞ്ചേരി 3, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം 9, പ്രക്കാനം 5, ഓമല്ലൂര്‍ 15, പത്തനംതിട്ട സൗത്ത് 3, പത്തനംതിട്ട നോര്‍ത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിട്ടുനിന്ന പാര്‍ട്ടി അംഗങ്ങളുടെ കണക്ക്. കൂടാതെ ഇലന്തൂരില്‍ രണ്ട് എല്‍ സി അംഗങ്ങള്‍ വിട്ടുനിന്നതായും മല്ലപ്പുഴശ്ശേരിയില്‍ എല്‍ സി അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഇത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ അനന്തഗോപന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ദിവസം കണ്ടെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.

മല്ലപ്പുഴശേരിയില്‍ ലോക്കല്‍ കമ്മറ്റി അംഗം ആര്‍ ശ്രീകുമാര്‍ തിരഞ്ഞെടുപ്പ് ദിവസം സ്ലിപ്പ് വിതരണം ചെയ്യേണ്ടന്ന് ബൂത്ത് സെക്രട്ടറിയോട് പറഞ്ഞു. ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും ഉണ്ടായിരുന്നില്ല. ശ്രീകുമാറിന്റെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നാരങ്ങാനം എല്‍ സി അംഗം ഷമീര്‍കുമാര്‍ തന്റെ ചുമതല നിര്‍വഹിക്കാതിരുന്നത് പത്തനംതിട്ട ഏരിയാ കമ്മറ്റി പരിശോധിക്കണം. ഇലന്തൂരില്‍ കെ പി രാഗേഷ്‌കുമാര്‍, എം കെ രാഘവന്‍ എന്നീ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ രംഗത്തില്ലായിരുന്നു. പ്രക്കാനം എല്‍ സിയില്‍ നളിനി കമലന്‍ വിട്ടു നിന്നു. കുളനടയില്‍ എല്‍ സി അംഗം എന്‍ ജീവരാജ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഒടുവില്‍ പാര്‍ട്ടി മേല്‍ഘടകം നേരിട്ടിറങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്.

---- facebook comment plugin here -----

Latest