Connect with us

From the print

താഴ്‌വര ശാന്തതയിലേക്ക്; അതിർത്തി ഗ്രാമങ്ങളിലേക്ക് മടക്കം

ബാരാമുല്ലയിലെ ഉറി സെക്ടർ മുതൽ കുപ്‌വാരയിലെ നൊഗാം, താംഗ്ധർ, ബന്ദിപ്പോരയിലെ ഗുരേസ് വരെയുള്ള അതിർത്തികൾ ശനിയാഴ്ച രാത്രി മുതൽ ശാന്തമായിരുന്നു

Published

|

Last Updated

ശ്രീനഗർ | ദിവസങ്ങൾ നീണ്ട ആശങ്കകൾക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉൾപ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തി ജനങ്ങൾ. സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവരും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി.
ജമ്മുവിലെ ഉദംപൂരിൽ ശനിയാഴ്ച രാത്രി ഡ്രോൺ ആക്രമണം ഉണ്ടായെങ്കിലും മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഷെൽ, ഡ്രോൺ ആക്രമണത്തിന് ശേഷം ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ശനിയാഴ്ച രാത്രി മുതൽ പൊതുവേ ശാന്തമായിരുന്നു.
പാക് ഷെല്ലാക്രമണത്തിൽ കശ്മീരിലെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെടിനിർത്തൽ നിലവിൽ വന്നതോടെ ശനിയാഴ്ച വൈകിട്ട് തന്നെ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിയെന്ന് ഉറിയിലെ ഗാർക്കോട്ട് സ്വദേശി മുശ്താഖ് അഹ്്മദ് പറഞ്ഞു. ഷെൽ ആക്രമണത്തെ തുടർന്ന് വ്യാഴാഴ്ചയാണ് വീടുവിട്ട് പോയത്. എല്ലാം ശാന്തമായതോടെ വീണ്ടും മടങ്ങിയെത്തി. ഇനി സമാധാനം പുലരുമെന്നാണ് പ്രതീക്ഷ- മുശ്താഖ് പറഞ്ഞു. ബാരാമുല്ലയിലെ ഉറി സെക്ടർ മുതൽ കുപ്‌വാരയിലെ നൊഗാം, താംഗ്ധർ, ബന്ദിപ്പോരയിലെ ഗുരേസ് വരെയുള്ള അതിർത്തികൾ ശനിയാഴ്ച രാത്രി മുതൽ ശാന്തമായിരുന്നു. എങ്കിലും സൈന്യത്തിന്റെ കനത്ത പട്രോളിംഗ് തുടരുന്നുണ്ട്.
പൂഞ്ചിലേക്ക് അതിർത്തി ഗ്രാമങ്ങളിലുള്ള 20 പേരെയും കൊണ്ട് തിരിച്ചെത്തിയതായി 26കാരനായ ബസ് ഡ്രൈവർ താരീഖ് അഹ്്മദ് പറഞ്ഞു. മടങ്ങിയെത്തിയവരിൽ പലരും ഭയത്തിലാണെന്നും കരാർ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും താരീഖ് പറഞ്ഞു.
പൂഞ്ച് മാർക്കറ്റിൽ 46കാരനായ ഹസൂർ ശൈഖ് തന്റെ കട തുറന്നു. ഇന്നലെ ഏതാനും പേർ മാത്രമാണ് തങ്ങളുടെ കടകൾ തുറന്നിരുന്നത്. ദിവസങ്ങൾക്ക് ശേഷം സമാധാനത്തോടെ ഇന്നലെ രാത്രി ഉറങ്ങിയെന്ന് ഹസൂർ ശൈഖ് പറഞ്ഞു.

പഞ്ചാബിലും ശനിയാഴ്ച വൈകിട്ട് മുതൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇന്നലെ പുലർച്ചെ അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ പിൻവലിച്ചു. പത്താൻകോട്ടിലും അമൃത്സറിലും സ്ഫോടന ശബ്ദങ്ങൾ കേട്ടെങ്കിലും അവ നേരത്തേയുള്ള ആക്രമണങ്ങളിൽ പതിച്ച വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
രാവിലെയോടെ പഞ്ചാബിലെ അതിർത്തി ജില്ലകളിലെല്ലാം വൈദ്യുതി പുനഃസ്ഥാപിച്ചു. ഫിറോസ്പൂർ, ജലന്ധർ, ഹോഷിയാർപൂർ, ചണ്ഡീഗഢ് എന്നിവടങ്ങളിലെല്ലാം ഇന്നലെ രാവിലെ മുതൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു.
രാജസ്ഥാനിൽ ജയ്‌സാൽമീർ ജില്ലയിൽ ഡ്രോൺ ആക്രമണ ഭീഷണി ഉണ്ടായിരുന്നതിനാൽ ജാഗ്രത തുടർന്നു. എന്നാൽ, ഇന്നലെ രാവിലെയോടെ ഇവിടെയും സ്ഥിതിഗതികൾ ശാന്തമായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

---- facebook comment plugin here -----

Latest