Connect with us

Editorial

വരുന്നു റെയില്‍വേയിലും യൂസര്‍ഫീ

പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. അതില്‍ 75 ശതമാനവും സാധാരണക്കാരാണ്. വികസനത്തിന്റെ പേരില്‍ ഇനിയും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ അത് സാധാരണക്കാരനു കൂടുതല്‍ ആഘാതമാകും.

Published

|

Last Updated

ഇനിയും ചെലവേറുകയാണ് ട്രെയിന്‍ യാത്രക്ക്. വിമാനത്താവളങ്ങളുടെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് യൂസര്‍ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് റെയില്‍വേ വകുപ്പ്. അടുത്ത കാലത്ത് നവീകരിച്ചതോ പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ കയറുന്നവര്‍ക്കും ഇറങ്ങുന്നവര്‍ക്കുമാണ് 10 മുതല്‍ 50 രൂപ വരെ യൂസര്‍ഫീ ഏര്‍പ്പെടുത്തുക. സ്റ്റേഷനിലെത്തി ടിക്കറ്റെടുക്കുന്നവര്‍ക്ക് പത്ത് രൂപ, ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് 25 രൂപ, ബുക്ക് ചെയ്ത് എ സി കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 50 രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്. സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരും സീസന്‍ ടിക്കറ്റുകാരുമൊഴികെയുള്ളവരെല്ലാം ഈ അധിക ചാര്‍ജ് നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച ശിപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നാണറിയുന്നത്. രാജ്യത്ത് ഏതൊക്കെ സ്റ്റേഷനുകളാണ് നവീകരിക്കേണ്ടതെന്ന് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും കേരളത്തിലെ പ്രധാന സ്റ്റേഷനുകളെല്ലാം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പരിഗണിക്കുന്നതിനാല്‍ ഈ സ്റ്റേഷനുകളില്‍ നിന്ന് യാത്ര ചെയ്യുന്നവരും വന്നിറങ്ങുന്നവരും ഇത് നല്‍കേണ്ടി വരും.
റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇത് വരുമാനം ഉറപ്പാക്കുമെന്നും അതുവഴി കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്റ്റേഷന്‍ വികസനത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വരുമെന്നുമാണ് റെയില്‍വേ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. നഷ്ടം നികത്തലിന്റെയും വികസനത്തിന്റെയും പേരില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ക്കു പുറമെ ഇടക്കിടെ യാത്രക്കാരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നത് പതിവാക്കിയിരിക്കുകയാണ് അടുത്ത കാലത്തായി റെയില്‍വേ. പാസ്സഞ്ചര്‍ തീവണ്ടിയില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ചിനു പകരം പത്ത് രൂപയാക്കി. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി ഉയര്‍ത്തി. അഞ്ച് മുതല്‍ 12ല്‍ താഴെ വയസ്സുള്ള കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റില്‍ റിസര്‍വേഷന്‍ ബര്‍ത്ത് ലഭ്യമായിരുന്നത് നിര്‍ത്തലാക്കി. ടിക്കറ്റ് ക്യാന്‍സലേഷന്‍ ചാര്‍ജും തത്കാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിരക്കും വര്‍ധിപ്പിച്ചു. പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. അതില്‍ 75 ശതമാനവും സാധാരണക്കാരാണ്. വികസനത്തിന്റെ പേരില്‍ ഇനിയും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ അത് സാധാരണക്കാരനു കൂടുതല്‍ ആഘാതമാകും.

റെയില്‍വേയില്‍ പി പി പി മോഡല്‍ (പൊതുമേഖല-സ്വകാര്യമേഖല- സംയുക്തം) വികസനം കൊണ്ടു വരുമെന്നും അതുവഴി അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുമെന്നുമായിരുന്നു മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ റെയില്‍വേയുടെ നഷ്ടം 2004ല്‍ 8,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 55,000 കോടി രൂപയായി കുത്തനെ ഉയര്‍ന്നുവെന്നാണ് 2020ലെ ബജറ്റ് അവതരണ വേളയില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വെളിപ്പെടുത്തിയത്. 2019-20 വര്‍ഷത്തില്‍ 2,16,935 കോടി രൂപയായിരുന്നു റെയില്‍വേയുടെ പ്രതീക്ഷിത വരുമാനം. ലഭിച്ചത് 1,74,694 കോടി രൂപയും. റെയില്‍വേയുടെ വികസനത്തിന് ആവശ്യമായ മൂലധന ചെലവിന്റെ 3.01 ശതമാനം മാത്രമേ അതിന്റെ വരുമാനത്തില്‍ നിന്ന് കണ്ടെത്താനാകുന്നുള്ളൂവെന്നും ബാക്കി മുഴുവനും കേന്ദ്ര ബജറ്റിനെ ആശ്രയിച്ചോ കടമെടുത്തോ ആണ് നിര്‍വഹിക്കുന്നതെന്നും 2019ലെ സി എ ജി റിപ്പോര്‍ട്ടിലും പറയുന്നു. ആഭ്യന്തരമായി വരുമാനം വര്‍ധിപ്പിക്കാന്‍ റെയില്‍വേ സ്വയം അടിയന്തര നടപടികളെടുക്കണമെന്നും തീവണ്ടിയോടാന്‍ ബജറ്റ് വിഹിതത്തെ ആശ്രയിക്കേണ്ട അവസ്ഥ മാറണമെന്നും സി എ ജി നിര്‍ദേശിക്കുന്നു.

യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തിലുപരി ചരക്കു കടത്താണ് വരുമാനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സഹായകമാവുകയെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ചരക്കുകടത്തില്‍ നിന്നുള്ള വരുമാനത്തിലെ ഈ സാമ്പത്തിക വര്‍ഷത്തെ വര്‍ധന. ചരക്കു ഗതാഗതത്തില്‍ ഈ വര്‍ഷം മികച്ച നേട്ടം കൈവരിച്ചതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായും റെയില്‍വേ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത് 184.88 മെട്രിക് ടണ്‍ ആയിരുന്നെങ്കില്‍ 2021-22 വര്‍ഷത്തില്‍ ഇത് 203.88 ദശലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തിന്റെ 70 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. ഇളവുകളും പ്രോത്സാഹനങ്ങളും നല്‍കിയും റോള്‍ ഓണ്‍- റോള്‍ ഓഫ് സര്‍വീസ് മുഖേനയും മറ്റുമാണ് ഇത് സാധ്യമായത്. ഗുഡ്സ് വാഗണുകള്‍ കയറ്റുന്ന റാക്കില്‍ അതിനു പകരം ഗുഡ്സ് ട്രക്കുകള്‍ കയറ്റി എത്തിക്കുന്ന പദ്ധതിയാണ് റോള്‍ ഓണ്‍ – റോള്‍ ഓഫ്. ഓരോ ട്രെയിനിലും 30 മുതല്‍ 40 വരെ ട്രക്കുകള്‍ കയറ്റാനാകും. ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതില്‍ ഇത് ഏറെ സഹായകമായിരുന്നു.

ഭക്ഷ്യധാന്യങ്ങള്‍, കല്‍ക്കരി, പെട്രോളിയം ഉത്പന്നങ്ങള്‍, സിമന്റ്, വാഹനങ്ങള്‍ തുടങ്ങിയവയാണ് റെയില്‍വേ കൈകാര്യം ചെയ്യുന്ന ചരക്കുകളില്‍ മുഖ്യമായവ. 2019-20 വര്‍ഷത്തെ ചരക്കു വരുമാനത്തിന്റെ 49 ശതമാനവും കല്‍ക്കരി കയറ്റിറക്കലില്‍ നിന്നാണ് ലഭ്യമായത്. സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കും വരേണ്യ വര്‍ഗക്കാര്‍ക്കും മാത്രം യാത്ര ചെയ്യാനുള്ളതല്ല റെയില്‍വേ. തൊഴിലാളികള്‍, കര്‍ഷകര്‍, അധഃസ്ഥിത വിഭാഗങ്ങള്‍ തുടങ്ങി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുറഞ്ഞ നിരക്കിലുള്ള യാത്ര ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട് പൊതുസ്ഥാപനമായ റെയില്‍വേക്ക്. ഇവര്‍ക്കൊന്നും കൂടുതല്‍ ഭാരമേല്‍പ്പിക്കാത്ത മാര്‍ഗങ്ങളാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രാലയം ആശ്രയിക്കേണ്ടത്. ഇടക്കിടെ വിവിധ പേരില്‍ യാത്രക്കാര്‍ക്ക് മേല്‍ അധിക ഭാരമേല്‍പ്പിക്കുന്ന നടപടികളില്‍ നിന്ന് റെയില്‍വേ പിന്തിരിയേണ്ടതുണ്ട്.