Connect with us

International

ഇറാനുമായുള്ള സമാധാനക്കരാര്‍; വൈകിട്ടോടെ ശുഭവാര്‍ത്തയെത്തുമെന്ന് ഇന്ത്യയിലെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ

ഇറാന് ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് യു എസിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ കൂടിയായ റൂബിയോ

Published

|

Last Updated

ന്യൂഡല്‍ഹി  |ഇറാനുമായുള്ള സമാധാനക്കരാറുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടോടെ ശുഭവാര്‍ത്തയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയെ മാര്‍ക്കോ റൂബിയോ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യു എസ്-ഇസ്‌റാഈല്‍ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാന്‍ വലിയ തോതില്‍ ഉപരോധിച്ച ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് നിര്‍ദ്ദിഷ്ട സമാധാനക്കരാര്‍ പരിഹാരം കാണുമെന്ന് റൂബിയോ പറഞ്ഞു. ഇറാന്റെ ആണവായുധത്തെക്കുറിച്ച് ലോകത്തിന് ഇനി ഭയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ടാത്ത ഒരു അവസ്ഥയിലേക്ക് ആത്യന്തികമായി നമ്മെ എത്തിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയ്ക്ക് ഈ കരാര്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന് ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് യു എസിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ കൂടിയായ റൂബിയോ വ്യക്തമാക്കി.

ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയില്ല. ഹോര്‍മുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും വിരുദ്ധമായി, ആ അന്താരാഷ്ട്ര ജലപാതയിലൂടെ പോകുന്ന വാണിജ്യ കപ്പലുകളെ തകര്‍ക്കുമെന്നാണ് അവര്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. ഇത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ- അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് റൂബിയോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനം ഏകദേശം 53 മിനിറ്റോളം നീണ്ടുനിന്നു.

ഇറാനുമായുള്ള സമാധാനക്കരാര്‍ ‘വലിയ തോതില്‍ ചര്‍ച്ച ചെയ്ത് ഉറപ്പിച്ചിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിക്കുന്നതിലേക്ക് വഴിതുറന്നേക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കരാറിന്റെ അന്തിമ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി താന്‍ വ്യക്തിപരമായി സംസാരിച്ചുവെന്നും ചര്‍ച്ച ‘വളരെ വിജയകരമായിരുന്നു’ എന്നും ട്രംപ് അറിയിച്ചു.

ഈ ചര്‍ച്ചകളെ ‘സമാധാനവുമായി ബന്ധപ്പെട്ട ധാരണാപത്രം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, നിര്‍ദ്ദിഷ്ട ധാരണയുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദം തള്ളിയ ഇറാന്‍, ഹോര്‍മുസിന് മേലുള്ള നിയന്ത്രണം ടെഹ്റാന്‍ തന്നെ തുടര്‍ന്നും നിലനിര്‍ത്തുമെന്ന് വ്യക്തമാക്കി.

കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാന്‍ മാത്രമേ ഇറാന്‍ സമ്മതിച്ചിട്ടുള്ളൂവെന്നും, എന്നാല്‍ ഇത് യുദ്ധത്തിന് മുമ്പുണ്ടായിരുന്നതുപോലെയുള്ള സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യത്തെ അര്‍ത്ഥമാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്

Latest