Connect with us

Story

മായാതെ മറയാതെ...

ജനിച്ചുവളർന്ന നാട്ടിൽനിന്നും ദൂരത്തേക്ക് പറിച്ചുനട്ടെങ്കിലും വേരോടെ പിഴുതെടുക്കുവാൻ കഴിയാത്തതിനാലാവും അയാളുടെ മനസ്സിനെ ആ ഗ്രാമത്തിനെക്കുറിച്ചുള്ള ഓർമകൾ ഇടക്ക് വന്ന് വരിഞ്ഞുമുറുക്കുന്നത്.

Published

|

Last Updated

ജനിച്ചുവളർന്ന നാട്ടിൽനിന്നും ദൂരത്തേക്ക് പറിച്ചുനട്ടെങ്കിലും വേരോടെ പിഴുതെടുക്കുവാൻ കഴിയാത്തതിനാലാവും അയാളുടെ മനസ്സിനെ ആ ഗ്രാമത്തിനെക്കുറിച്ചുള്ള ഓർമകൾ ഇടക്ക് വന്ന് വരിഞ്ഞുമുറുക്കുന്നത്.
വർഷങ്ങൾക്കുശേഷം ചുരുങ്ങിയ ലീവിന് നാട്ടിലെത്തിയപ്പോഴും ആ ഗ്രാമത്തിലേക്കായി ഒരു ദിവസം അയാൾ നീക്കിവെച്ചിരുന്നു.
ആദ്യം കണ്ട കാഴ്ചകൾ, ആദ്യമായി നടന്ന വഴികൾ, മുഖങ്ങൾ, എല്ലാമെല്ലാം വീണ്ടും കാണുവാനുള്ള മോഹമാവാം ഉള്ളിലിരുന്ന് അയാളെ അങ്ങോട്ടേക്ക് തള്ളി വിടുന്നത്.
“അവിടെ ആരെക്കാണാനാ ഈ ഓട്ടം.’
“ഒരാളെല്ലടീ..ഒരുപാട് പേരുണ്ട്.’
“അതില് പഴയ കൂട്ടുകാരികളുമുണ്ടാവും ല്ലേ.. അതാണീ അണിഞ്ഞൊരുങ്ങിയുള്ള പോക്ക്.. എനിക്ക് മനസ്സിലാവുന്നുണ്ട്.’
കണ്ണാടിയുടെ മുമ്പിൽനിന്ന് കഷ്ടപ്പെട്ടു തലമുടിയിലെ തെറിച്ചുനിൽക്കുന്ന വെള്ളമുടികളെ കൈകാര്യം ചെയ്യുമ്പോൾ ഭാര്യയിൽനിന്ന് ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിച്ചതാണ്.
“സത്യം നീയിതെങ്ങനെ കണ്ടുപിടിച്ചു.’
അതിന് മറുപടിയുണ്ടായില്ല ഭാഗ്യം.. എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചയൊരു നോട്ടംകൊണ്ട് ഭാര്യ സംസാരം അവിടെനിർത്തി.
നീണ്ട യാത്ര കഴിഞ്ഞു അവിടേക്കെത്തി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് താൻ കളിച്ചുവളർന്ന, നാടിന്റെ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്ന സ്കൂളിനോട് ചേർന്ന മൈതാനമായിരുന്ന സ്ഥലം കണ്ട് അയാൾ പരിസരം മറന്ന് ഗേറ്റിനുള്ളിലൂടെ അങ്ങോട്ടേക്ക് നോക്കിനിന്നു. അന്നത്തെ ആ മൈതാനം ഇന്നില്ല. പകരം പുതിയ കെട്ടിടങ്ങൾവന്ന് വലിയ ഗേറ്റ് വെച്ചു അടച്ചുപൂട്ടിയിട്ടും അയാളുടെ മനസ്സ് ആ പഴയ കാലഘട്ടത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അതോടെ മതിലും ഗേറ്റും പുതിയ കെട്ടിടവുമെല്ലാം മാഞ്ഞുപോയി പകരം ആ പഴയ മൈതാനം കൺമുമ്പിൽ തെളിഞ്ഞു. മാത്രമല്ല, മൈതാനത്തിന് വടക്കുഭാഗത്തായി തോരണങ്ങൾ ചാർത്തിയ പന്തലിനുള്ളിൽനിന്ന് അറവന മുട്ടും പാട്ടും കേൾക്കുന്നു…സൂക്ഷിച്ചുനോക്കി.
അതെ.. അവിടെ കുത്ത്റാത്തീബ് നടക്കുകയാണ്. ഏതാണ്ട് അമ്പതോളം വർഷം മുമ്പ് നടന്നത് ഏറെ സന്തോഷത്തോടെ അയാൾ വീണ്ടും കാണുകയായിരുന്നു.
പന്തലിനു അകത്തും പുറത്തുമായി ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നുണ്ട്. അപ്പോൾ എന്തായാലും കുട്ടികളുടെ കൂട്ടത്തിൽ താനുമുണ്ടാകും; തീർച്ച. സൂക്ഷിച്ചു നോക്കിയപ്പോൾ മുന്നിലെ വരിയിൽത്തന്നെ അന്നത്തെ ആ പത്ത് വയസ്സുകാരൻ കൂട്ടുകാരുമായി കാര്യമായിട്ടെന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു. അതെന്താണെന്ന് കാതോർത്തു.
“കുറച്ചു കഴിയുമ്പൊ നല്ല മൂർച്ചയുള്ള വാളും കത്തിയൊക്കെ എടുത്ത് വയറിലൊക്കെ മുറിക്കും ചോരവരും നമുക്കത് കഴിഞ്ഞു പോയാമതി.’
അതൊന്ന് കാണുവാനായി
ആകാംക്ഷയോടെ അയാൾ നോക്കിയനേരം എല്ലാം ഒരു നിമിഷംകൊണ്ട് മാറി പകരം വലിയൊരു സ്റ്റേജ് മൈതാനത്തിന് പടിഞ്ഞാറ് ഭാഗത്തായി ഉയർന്നു. സ്റ്റേജിനു മുന്നിൽ രണ്ട് ഭാഗത്തായി വെച്ചിരിക്കുന്ന സൗണ്ട്ബോക്സിൽനിന്നും പാട്ട് കേൾക്കുന്നു.കുറച്ചുകഴിഞ്ഞതും മൈക്കിലൂടെ വിളിച്ചുപറയുന്നത് കേട്ടു.
“ഏതാനും നിമിഷങ്ങൾക്കകം ത്രിവേണീ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റ കലാപരിപാടികൾ ആരംഭിക്കുന്നതാണ്. ആദ്യമായി ഏകാങ്കനാടക മത്സരത്തിന് തുടക്കമാവുകയാണ്. അതുകഴിഞ്ഞു എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടകം തുടങ്ങുന്നതായിരിക്കും.’
അതുകേട്ടതും മൈതാനം നിറഞ്ഞു കവിഞ്ഞിരിക്കുന്ന ജനങ്ങളുടെ ഹർഷാരവം മുഴങ്ങിക്കേട്ടു.
“ഏതാ നാടകം.’
“നാടകം ജ്വലനം’, എഴുതിയതും അഭിനയിക്കുന്നതുമൊക്കെ ഇവിടൊള്ളോര് തന്നെ. നടി മാത്രം പൊറത്തുന്നാത്രെ.”
“ആരാ..’
“ഏതോ എൽസിയാണത്രേ..ടൗണീന്ന് എറക്ക്യതാന്ന് പറയണകേട്ടു.’
അടുത്തുനിൽക്കുന്നവർ പറയുന്നത് ചെവിയോർത്തു.
“നടിയെക്കാണാൻ എന്തൊരു ഭംഗ്യാ.’
“നമുക്ക് മേക്കപ്പ് ചെയ്യിനോടത്തുപോയി നോക്കിയാലോ.’
“ആടാ..പിന്നാംമ്പറത്തീക്കൂടെ പോയി ജനലിലൂടെ നോക്കാ എന്താ.’
ആ പറഞ്ഞത് അന്നത്തെ പതിനാല് വയസ്സുകാരനായ താൻ തന്നെയാണെന്ന് അയാൾ കണ്ടു.
എന്തായാലും എല്ലാം വീണ്ടുംകാണണം.. അയാളുടെ കണ്ണുകൾ ആ കുട്ടികളെ പിന്തുടർന്നതും ലൈറ്റുകളെല്ലാം അണഞ്ഞു..ശബ്ദം നിലച്ചു. മൈതാനത്തെ ഇരുട്ട് പൊതിഞ്ഞിരിക്കുന്നു..ഒന്നും കാണാനാവുന്നില്ല.. ഭാഗ്യം ആരോ ഇടക്ക് ടോർച്ചടിക്കുന്നുണ്ട്.. ആ നുറുങ്ങുവെട്ടത്തിൽ എന്താണ് നടക്കുന്നതെന്ന് ബുദ്ധിമുട്ടി കണ്ടുപിടിച്ചു.. അന്നത്തെ ക്രിക്കറ്റ് ടീമിലെ മിക്കവരേയും അവിടെ കണ്ടു. അപ്പൊ എന്തായാലും താനുമുണ്ടാവും.. കുറച്ചു പേർ റോഡിനായി കൊണ്ടുവന്ന ചുവന്ന കൽപ്പൊടി ഉന്തുവണ്ടിയിൽ മൈതാനത്തിന്റെ നടുവിലായി ഇട്ട് അടിച്ചുനിരത്തുന്നുണ്ട്.കൊള്ളാലോ.. താനടക്കമുള്ള ചെറുപ്പക്കാർ പാതിരാത്രിയിൽ “ക്രിക്കറ്റ് പിച്ച് ‘ ഉണ്ടാക്കുകയാണ്.കപിൽദേവിനെപ്പോലെ ആവാനുള്ള ശ്രമത്തിലാണവർ..ആദ്യമായി ഇന്ത്യക്ക്‌ വേൾഡ്കപ്പ് കിട്ടിയ ആവേശത്തിലാണ് എല്ലാവരും.
പിന്നിൽനിന്ന് ഒരാൾ തട്ടിവിളിച്ചപ്പോഴാണ് അയാൾക്ക് പരിസരബോധമുണ്ടായത്.
“അല്ലിഷ്ടാ..കൊറേ നേരയല്ലോ അകത്തേക്ക് നോക്കി നിക്കുന്നു..ഇടക്ക് ചിരിക്കുന്നതും കണ്ടു..പ്രശ്നെന്തെങ്കിലും.’
“ഇതൊക്കെയാണ് പ്രശ്നം ചങ്ങാതി.’ എന്നു പറയാനാണ് ഉദ്ദേശിച്ചതെങ്കിലും മറുപടി ഒരു പുഞ്ചിരിയിലൊതുക്കിനിർത്തി അയാൾ മുന്നോട്ട് നടന്നു.

Latest