Heavy rain
രണ്ട് ഡാമുകള്‍ തുറക്കും; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.86 അടി
ഇടുക്കി | മഴ കനത്തതോടെ കക്കി ആനത്തോട് ഡാമും ഷോളയാര്‍ ഡാമും തുറക്കും. രാവിലെ 11 മണിക്കാണ് കക്കി ആനത്തോട് ഡാം തുറക്കുക. നാല് ഷട്ടറുകളില്‍ രണ്ട് എണ്ണമാണ് തുറക്കുക. 100 മുതല്‍ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയില്‍ 10-15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കി. തെന്‍മല ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. ചാലരക്കുടി പുഴ, അച്ചന്‍കോവില്‍ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് അലേര്‍ട്ട്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ഇപ്പോള്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയര്‍ന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.





