Connect with us

Articles

മുന്നൊരുക്കങ്ങളോടെ പുണ്യ ഭൂമിയിലേക്ക്

മനുഷ്യര്‍ക്കായി മക്കയില്‍ സ്ഥാപിച്ച ആദ്യ വീടെന്ന് (അവ്വലബൈത്ത്) ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅ്ബയെ എല്ലാ പ്രവാചകന്മാരും പ്രദക്ഷിണം ചെയ്തതായി പ്രമാണങ്ങള്‍ പറയുന്നു. അഞ്ച് നേരവും പ്രാര്‍ഥനക്ക് തിരിയുന്ന പുണ്യ ഗേഹത്തിലേക്കും സമീപസ്ഥലങ്ങളിലേക്കുമുള്ള തീര്‍ഥാടനത്തിന് ലോകം ഒരുങ്ങിക്കഴിഞ്ഞു.

Published

|

Last Updated

ചരിത്രത്തിലെ ഏറ്റവും പുരാതനമായ തീര്‍ഥാടന കേന്ദ്രമാണ് മക്ക. പ്രപഞ്ചത്തിന്റെ പ്രാരംഭത്തോടെ തന്നെ ലോകത്തിന്റെ കേന്ദ്രമായി പടച്ച തമ്പുരാന്‍ നിര്‍ണയിച്ച ഉമ്മുല്‍ഖുറാ. മനുഷ്യര്‍ക്കായി മക്കയില്‍ സ്ഥാപിച്ച ആദ്യ വീടെന്ന് (അവ്വലബൈത്ത്) ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅ്ബയെ എല്ലാ പ്രവാചകന്മാരും പ്രദക്ഷിണം ചെയ്തതായി പ്രമാണങ്ങള്‍ പറയുന്നു. അഞ്ച് നേരവും പ്രാര്‍ഥനക്ക് തിരിയുന്ന പുണ്യ ഗേഹത്തിലേക്കും സമീപസ്ഥലങ്ങളിലേക്കുമുള്ള തീര്‍ഥാടനത്തിന് ലോകം ഒരുങ്ങിക്കഴിഞ്ഞു.

ഹജ്ജ് തീര്‍ഥാടനത്തിന് ലോകം നല്‍കുന്ന പ്രാധാന്യം വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. സഊദിയില്‍ മാത്രമല്ല, ലോക രാജ്യങ്ങളൊന്നാകെ മാസങ്ങള്‍ക്ക് മുന്നേ ഒരുക്കങ്ങള്‍ തുടങ്ങുന്നു. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനുള്ള സഊദിയുടെ സജ്ജീകരണങ്ങളും ഔല്‍സുക്യവും പറയുകയും വേണ്ട.

ആയിരം വിശ്വാസികള്‍ക്ക് ഒരു ഹാജി
നമ്മുടെ രാജ്യത്തെ ഹാജിമാരും തീര്‍ഥാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഓരോ മത വിശ്വാസിക്കും അവരവരുടെ വിശ്വാസ, ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം മുന്നോട്ടുവെക്കുന്നുണ്ടല്ലോ ഇന്ത്യാ മഹാരാജ്യം. മാത്രമല്ല, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. ആ നിലയില്‍ ഹജ്ജിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഭരണ സംവിധാനങ്ങളില്‍ പ്രത്യേക വകുപ്പുകളും കമ്മിറ്റികളും ഇവിടെയുണ്ട്. 2002ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ഹജ്ജ് ആക്ടും അനുബന്ധ നടപടികളും ഈ പ്രവര്‍ത്തനങ്ങളെ ഔദ്യോഗിക സ്വഭാവത്തിലാക്കാന്‍ ഏറെ സഹായകരമായി.
ഇന്ത്യയില്‍ നിന്ന് ആയിരം വിശ്വാസികള്‍ക്ക് ഒരു ഹാജി എന്ന അനുപാതത്തിലാണ് സഊദി ഭരണകൂടം അനുവാദം നല്‍കുന്നത്. ഇപ്രാവശ്യം ഒന്നേമുക്കാല്‍ ലക്ഷം പേരെ അവര്‍ ക്ഷണിച്ചു. പതിനേഴര കോടി മുസ്്ലിംകള്‍ ഉണ്ടാകുമ്പോഴാണ് ഇത്രയും പേര്‍ക്ക് അവസരം ലഭിക്കുന്നത്. ഈ പതിനേഴര കോടിയെന്ന കണക്ക് വളരെ മുമ്പുള്ളതാണ് എന്നത് മറ്റൊരു കാര്യം. 70 വയസ്സുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഒരു സഹായിയോടൊപ്പം ഹജ്ജിന് അവസരം ലഭിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 22 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് ഹാജിമാര്‍ യാത്ര പുറപ്പെടുന്നു. അവരുടെ യാത്ര, ബാഗേജ്, മറ്റു കാര്യങ്ങള്‍ എല്ലാം വ്യവസ്ഥാപിതമായി ക്രമീകരിക്കുന്നത് സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റിയും അതിന് കീഴിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമാണ്. അവ പരസ്പരം ബന്ധപ്പെട്ടും ഒത്താശകള്‍ ചെയ്തും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു.
മറ്റൊരു രാഷ്ട്രത്തിലേക്കുള്ള യാത്ര ആയതുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാറും സഊദി സര്‍ക്കാറും വളരെ സഹകരിച്ച് നയതന്ത്രപരവും ഔദ്യോഗികവുമായ സന്നാഹങ്ങളൊരുക്കുന്നു. ഓരോ സ്ഥലത്തും തീര്‍ഥാടകര്‍ എത്തുമ്പോള്‍ അവര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സൗകര്യങ്ങള്‍ സഊദി ഭരണകൂടം തയ്യാറാക്കി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഹാജിമാര്‍ പുറപ്പെടുന്നത്. ആരോഗ്യം, ഭക്ഷണം, വൃത്തി, ചികിത്സ, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയാണ് സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കൂടെ പുരുഷന്മാരില്ലാത്ത സ്ത്രീകള്‍ നാല് പേരുണ്ടെങ്കില്‍ പുറപ്പെടാമെന്ന പ്രത്യേക ആനുകൂല്യം 2018 മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സ്ത്രീകള്‍ക്ക് ഏറെ സഹായകമായി.

നിയന്ത്രണങ്ങള്‍ നീക്കിയ ഹജ്ജ്
നമ്മുടെ നാട്ടില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും മറ്റു ഏജന്‍സികളും കൃത്യമായ പ്ലാനോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. പുറപ്പെടുന്നതിന്റെ ഏതാണ്ട് നാല് മാസം മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അവ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് 300ലധികം ട്രൈനര്‍മാര്‍ പരിശീലനം നല്‍കിയതിന് ശേഷമാണ് ഹാജിമാര്‍ ഹജ്ജിന് പുറപ്പെടുന്നത്. അവിടുത്തെ സേവനത്തിനായി പ്രത്യേക വളണ്ടിയര്‍മാരെ സര്‍ക്കാര്‍ തിരഞ്ഞെടുത്ത് കൂടെ അയക്കുന്നുമുണ്ട്. 400 തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന അനുപാതത്തിലാണ് ഉണ്ടാകുക. സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലെയും ഹജ്ജ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിന് ഹജ്ജ് കാര്യ മന്ത്രി വി അബ്ദുര്‍റഹ്‌മാന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മൂന്നിലധികം യോഗങ്ങളും തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ വിവിധ സമയങ്ങളിലായി പല യോഗങ്ങളും ചേരുകയുണ്ടായി. സംസ്ഥാന സര്‍ക്കാറും വകുപ്പ് മന്ത്രിയും ഹാജിമാരുടെ കാര്യത്തില്‍ കാണിക്കുന്ന ഹൃദ്യമായ സമീപനം ഹജ്ജ് കമ്മിറ്റിയെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാക്കുന്നുണ്ട്.
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള രണ്ടാമത്തെ ഹജ്ജാണ് ഇത്തവണത്തേത്. നിയന്ത്രണങ്ങള്‍ നീക്കിയ ആദ്യ ഹജ്ജ്. കഴിഞ്ഞ വര്‍ഷം (2022) വയസ്സ് പരിധി, ഹജ്ജ് ക്വാട്ട എണ്ണം കുറവ് ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെ ആയിരുന്നു ഹജ്ജ്. കേരളത്തില്‍ നിന്ന് 2,062 പുരുഷന്മാരും 3,704 സ്ത്രീകളും ഉള്‍പ്പെടെ 5,766 തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെട്ടത്. കൊച്ചി മാത്രമായിരുന്നു അന്ന് പുറപ്പെടല്‍ കേന്ദ്രം.

ഊര്‍ജിതമായി ഒരുക്കങ്ങള്‍
ഇത്തവണ കേരളത്തില്‍ നിന്നാകെ 11,010 പേരാണ് പോകുന്നത്. കോഴിക്കോട്ട് നിന്ന് 2,584 പുരുഷന്മാരും 4,272 സ്ത്രീകളും അടക്കം ആകെ 6,856 പേര്‍. കണ്ണൂരില്‍ നിന്ന് 745 പുരുഷന്മാരും 1,162 സ്ത്രീകളുമായി 1,907 പേര്‍ പോകുന്നു. കൊച്ചിയില്‍ നിന്ന് 903 പുരുഷന്മാരും 1,344 സ്ത്രീകളുമായി 2,247 പേരാണ് പോകുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള 164 തീര്‍ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് പുറപ്പെടുക.
ജൂണ്‍ നാലാം തീയതിയാണ് കോഴിക്കോട്, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. ആദ്യ ഹജ്ജ് സംഘം പുറപ്പെടുന്നത് കണ്ണൂരില്‍ നിന്ന്. ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45നുള്ള വിമാനത്തില്‍ 145 പേരാണ് ആദ്യ സംഘത്തിലുണ്ടാകുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് കോഴിക്കോട് നിന്ന് പുറപ്പെടും. കൊച്ചിയില്‍ നിന്ന് ജൂണ്‍ ഏഴിന് യാത്ര ആരംഭിക്കും. കോഴിക്കോട്, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുക. പതിവുപോലെ ഇത്തവണയും കോഴിക്കോട് വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ യാത്രയാകുന്നത്. ഇതുസംബന്ധിച്ചുള്ള ഫ്ളൈറ്റ് ഷെഡ്യൂള്‍ ലഭിച്ചുകഴിഞ്ഞു. ഹജ്ജ് ക്യാമ്പുകളുടെ ഒരുക്കങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്ണൂരില്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിര്‍വഹിക്കുക.
2019 ഹജ്ജ് ക്യാമ്പ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട ഹജ്ജ് ഹൗസിനോട് ചേര്‍ന്നുള്ള പ്രത്യേക വനിതാ ബ്ലോക്ക് പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. ഹജ്ജ്കാര്യ മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍ അടുത്ത ദിവസം കെട്ടിടം ഉദ്ഘാടനം ചെയ്യും. വനിതാ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായിരിക്കും ഈ സംരംഭം.

ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്
യാത്ര തിരിക്കുന്നവര്‍ ക്ലാസ്സുകളെയും പുസ്തകങ്ങളെയും ആശ്രയിച്ച് ഹജ്ജിനെക്കുറിച്ചുള്ള അറിവുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. ബന്ധുക്കളെയും പരിചയക്കാരെയും കണ്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയും യാത്ര പറയുകയും ചെയ്തു. ഒരു നിലക്ക് പറഞ്ഞാല്‍, മാനസികമായി അവര്‍ യാത്ര തുടങ്ങിക്കഴിഞ്ഞു. ഹജ്ജിന് പുറപ്പെടുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത്. ദീര്‍ഘമായ യാത്രകള്‍ ഇനിയുള്ള നാളുകളില്‍ ഒഴിവാക്കണം. സാഹസികമായ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പകര്‍ച്ച വ്യാധികളും മറ്റും ഉള്ളവരുമായി സഹവസിക്കുന്നത് ഒഴിവാക്കുക. യാത്രക്ക് തടസ്സമാകുന്നതോ പ്രതിസന്ധി സൃഷ്ടിക്കുന്നതോ ആയ സാഹചര്യങ്ങള്‍ വിളിച്ചുവരുത്തരുതല്ലോ. ശരീരത്തിനും മനസ്സിനും നല്ല വിശ്രമം നല്‍കുക. നാടും വീടും വിട്ടുള്ള കുറച്ചുനാളത്തെ യാത്രയും താമസവുമാണ്. പലര്‍ക്കും ഇത്തരമൊന്ന് ജീവിതത്തില്‍ ആദ്യവുമായിരിക്കണം. അതിനാല്‍ ആരോഗ്യം അതിപ്രധാനമാണ്. ഉന്‍മേഷവാനായി വേണം ഹജ്ജ് തീര്‍ഥാടനം. അതിന് ആരോഗ്യം പ്രധാനമെന്ന് പറയേണ്ടതില്ലല്ലോ. ഒരുക്കങ്ങളില്‍ ഓടിക്കിതച്ച് ശരീരവും മനസ്സും തളര്‍ന്നല്ല യാത്ര തിരിക്കേണ്ടത്.
അല്ലാഹുവിന്റെ അതിഥി എന്നാണ് ഹാജി വിളിക്കപ്പെടുന്നത്. വലിയൊരു പദവിയാണത്. അതോടൊപ്പം അതിഥിയുടെ ഉത്തരവാദിത്വവും ഉയരുന്നു. മാന്യന്മാരായ അതിഥികള്‍ പക്വതയും കുലീനതയും കാണിക്കും. ആതിഥേയനെ മുഷിപ്പിക്കില്ല. അതുപോലെയാകണം ഹാജിമാര്‍. പരിശുദ്ധ സ്ഥലങ്ങളുടെ പരിപാവനത പരിഗണിക്കണം. തദ്ദേശീയരോടും സേവന സന്നദ്ധരായ ഉദ്യോഗസ്ഥരോടും ഹൃദ്യമായി പെരുമാറണം. ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളാണ്. ചിലപ്പോള്‍ നമ്മുടെ വിചാരത്തിനൊത്ത വേഗത്തില്‍ കാര്യങ്ങള്‍ നടന്നില്ലെന്ന് വരാം. സ്വല്‍പ്പം വൈകിയാല്‍ മുഷിപ്പോ അസ്വസ്ഥതയോ പ്രകടിപ്പിക്കരുത്. അതെല്ലാം തീര്‍ഥാടനത്തിന്റെ ഭാഗമാണെന്നും പ്രയാസങ്ങളെല്ലാം ഹജ്ജിന്റെ മാറ്റ് കൂട്ടുമെന്നും കരുതണം. യാത്രയിലുടനീളം പ്രായമുള്ളവരെയും ദുര്‍ബലരെയും സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടാകണം.
പുണ്യ ഭൂമികളുടെ പവിത്രത പ്രധാനമാണ്. അതിന് ഭംഗം വരുന്ന ഒന്നും വന്നുകൂടാ. മക്ക; കഅ്ബ സ്ഥിതി ചെയ്യുന്ന പുണ്യ ഭൂമിയും പ്രവാചകന്മാരുടെയെല്ലാം കാല്‍പാദം പതിഞ്ഞ ഭൂമിയുമാണ്. മദീന തിരുനബിയുടെ നഗരമാണ്. അവിടുത്തേക്ക് തൃപ്തിയില്ലാത്തതൊന്നും പുണ്യ ഭൂമികളില്‍ വെച്ച് ചെയ്യരുത്. വിശേഷിച്ചും ഇടപഴക്കങ്ങളിലും സംസാരത്തിലും. ഹൃദയത്തിലെ അഹങ്കാരവും അസൂയയും നീക്കാനും നേരത്തേയുള്ളതിനേക്കാള്‍ നന്മകള്‍ വര്‍ധിപ്പിക്കാനും തെറ്റില്‍ നിന്ന് മാറിനില്‍ക്കാനുമൊക്കെയുള്ള പ്രതിജ്ഞ പുറപ്പെടുമ്പോള്‍ ഓരോ ഹാജിയുടെയും മനസ്സിലുണ്ടാകണം. ഒരു പരിപൂര്‍ണ ഹാജിയായി തിരിച്ചുവരാനുള്ള ഉതവി പടച്ചവന്‍ നല്‍കട്ടെ.

Latest