Ongoing News
റാന്നി വന ഡിവിഷന്‍ പരിധിയില്‍ കടുവാ ഭീതി; കുമ്പളത്താമണ്ണില്‍ ആടിനെ പിടിച്ചുകൊണ്ടുപോയി
കുമ്പളാത്താമണ്‍ മണപ്പാട്ട് വീട്ടില്‍ മോനി എന്ന രാമചന്ദ്രന്‍ നായരുടെ ആട്ടിന്‍കൂട്ടില്‍ നിന്നുമാണ് തള്ളയാടിനെ കടുവ പിടിച്ചത്.

പത്തനംതിട്ട | റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ആടിനെ കടുവ പിടിച്ചു. കുമ്പളാത്താമണ്‍ മണപ്പാട്ട് വീട്ടില്‍ മോനി എന്ന രാമചന്ദ്രന്‍ നായരുടെ ആട്ടിന്‍കൂട്ടില്‍ നിന്നുമാണ് തള്ളയാടിനെ കടുവ പിടിച്ചത്. ആടിന്റെ അവശിഷ്ടം കൂടിന് 100 മീറ്റര്‍ അകലെ കണ്ടെത്തി.
പെരുനാട് പഞ്ചായത്ത് പരിധിയിലെ കൂനംകര-കോളാമല റോഡില്‍ കടുവയെ കണ്ടതായി പരിസരവാസിയായ ശശി പറഞ്ഞു. പമ്പാവാലി എയ്ഞ്ചല്‍ വാലിക്ക് സമീപം കേരപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ടാപ്പിങ് തൊഴിലാളി ശിവന്‍ പിള്ളക്ക് നേരെയാണ് കടുവ ചാടിയടുത്തത്. ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വടശ്ശേരിക്കര ചെമ്പരത്തിന്‍മൂട് ഭാഗത്തിറങ്ങിയ കടുവ ബൗണ്ടറി വലിയമണ്ണില്‍ പി ടി സദാനന്ദന്റെ ആറു മാസം പ്രായമുള്ള ആട്ടിന്‍ കുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. കടുവ ഭക്ഷിച്ച ആട്ടിന്‍കുട്ടിയുടെ അവശിഷ്ടങ്ങള്‍ സദാനന്ദന്റെ വീടിന് ഏകദേശം 200 മീറ്റര്‍ അകലെ കഴിഞ്ഞ് ദിവസം രാവിലെ കണ്ടെത്തി.
ഇന്നലെ രാവിലെ കടുവയെ കണ്ടെന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും ഒളികല്ല് മണിമലേത്ത് എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ ചുരയ്ക്കാട് റജി ജോണ്‍ പറഞ്ഞു. ടാപ്പിങ് തുടങ്ങുന്നതിനു മുന്നോടിയായി കുരങ്ങുകളെ ഓടിക്കാന്‍ പടക്കം പൊട്ടിക്കാന്‍ തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു റജി. കുരങ്ങുകളുടെ അസാധാരണമായ കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് 10 മീറ്റര്‍ അകലെയായി കടുവയെ കണ്ടത്. പരിഭ്രമത്തിനിടെ തൊട്ടടുത്ത റബര്‍ മരത്തില്‍ വലിഞ്ഞു കയറാന്‍ ശ്രമിച്ചെങ്കിലും റജി താഴെ വീണു. അവിടെനിന്ന് എഴുന്നേറ്റോടി വീടിനു പുറത്തെ ശുചിമുറിയില്‍ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്.
പത്തനംതിട്ട പെരുനാട്ടില്‍ ഒരുമാസം മുമ്പാണ് കടുവയെ ആദ്യമായി കാണുന്നത്. അവിടെ മൂന്ന് പശുക്കളെ പല ദിവസങ്ങളിലായി കൊന്നു. അതിനെ തുടര്‍ന്ന് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആട്ടിന്‍കുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം ബൗണ്ടറിയിലും കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശത്തെ ജനങ്ങള്‍ കടുവാ ഭീതിയിലാണ്. പെരുനാട്ടില്‍ കണ്ട കടുവ തന്നെയാണ് ബൗണ്ടറിയിലും സമീപത്തും എത്തിയിരിക്കുന്നതെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ആനകള്‍ പലപ്പോഴും ഈ മേഖലയില്‍ ഇറങ്ങാറുണ്ടെങ്കിലും കടുവയെ കാണുന്നത് ആദ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ വി രതീഷിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.