Connect with us

Articles

ഈ രാജ്യദ്രോഹം വിചാരണ ചെയ്യപ്പെടണം

ഒരു വിദേശ സര്‍ക്കാര്‍ ലോകത്തേറ്റവും സാങ്കേതിക മികവുള്ള ആയുധം ഉപയോഗിച്ച് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നു. മോദി സര്‍ക്കാര്‍ ഇത് തടയാന്‍ എന്തുചെയ്തു? ആരാണ് ഈ ചാരവൃത്തിക്ക് പിന്നില്‍? രാജ്യസുരക്ഷയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇത്രവലിയ വീഴ്ച സംഭവിച്ചു? എന്നീ ചോദ്യങ്ങള്‍ സര്‍ക്കാറിന് നേരെ ഉയരും. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണത്തിനിടെ മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അനേകം പ്രതിരോധ-സുരക്ഷാ വീഴ്ചകളില്‍ ഏറെ ഗൗരവമേറിയ ഒന്നാണ് പെഗാസസ്.

Published

|

Last Updated

പെഗാസസ് വിഷയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പാര്‍ലിമെന്റിന്റെ ഒരു മണ്‍സൂണ്‍ സെഷന്‍ മുഴുവന്‍ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. മോദി- ഷാ- സംഘ്പരിവാര്‍ നെറികേടുകള്‍ക്ക് വിധേയപ്പെടാന്‍ ഇടയില്ലാത്ത പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ന്യായാധിപന്മാരും ആക്ടിവിസ്റ്റുകളുമടക്കം പെഗാസസ് എന്ന ചാര സോഫ്ട്്വെയറിനാല്‍ നിരീക്ഷിക്കപ്പെട്ടു എന്ന വിവാദം രാജ്യത്ത് വലിയ ഓളങ്ങളാണുണ്ടാക്കിയത്. സര്‍ക്കാറിന്റെ ഭാഗമായ ചില മന്ത്രിമാരുടെ വരെ പേരുകള്‍ ചാര നോട്ടത്തിന് വിധേയമായവരുടെ ലിസ്റ്റില്‍ വന്നതോടെ ഭരണചക്രം തിരിക്കുന്ന കൈകളുടെ അരക്ഷിതബോധം നാട്ടില്‍ പരസ്യപ്പാട്ടായി.

ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഈ വിഷയം 2021ല്‍ വിവിധ രാജ്യങ്ങളില്‍ വലിയ കോലാഹലങ്ങളുണ്ടാക്കി. 2013ല്‍ യു എ ഇയിലാണ് പെഗാസസിന്റെ സാന്നിധ്യം ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. ഇന്ന് അനേകം രാജ്യങ്ങളില്‍ പെഗാസസ് സജീവമാണ് എന്ന വസ്തുതയാണ് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. വിവിധ രാജ്യങ്ങളില്‍ ആഭ്യന്തരമായി സര്‍ക്കാറുകള്‍ ഈ സ്‌പൈവെയര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ പുറമെനിന്ന് ശത്രുക്കളാണ് ഈ അത്യാധുനിക ആയുധം പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ ഈ രണ്ട് സാധ്യതകളും മോദി സര്‍ക്കാറിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ്.

സര്‍ക്കാറുകള്‍ക്ക് മാത്രം, അതും ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ശിപാര്‍ശയില്‍, വില്‍ക്കപ്പെടുന്ന ചാര സോഫ്ട്്വെയറാണ് പെഗാസസ് എന്ന് എന്‍ എസ് ഒ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഒരു വിദേശ സര്‍ക്കാര്‍ ലോകത്തേറ്റവും സാങ്കേതിക മികവുള്ള ആയുധം ഉപയോഗിച്ച് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നു. മോദി സര്‍ക്കാര്‍ ഇത് തടയാന്‍ എന്തുചെയ്തു? ആരാണ് ഈ ചാരവൃത്തിക്ക് പിന്നില്‍? രാജ്യസുരക്ഷയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇത്രവലിയ വീഴ്ച സംഭവിച്ചു? എന്നീ ചോദ്യങ്ങള്‍ സര്‍ക്കാറിന് നേരെ ഉയരും. ഇനി മറ്റൊരു സാധ്യത സര്‍ക്കാര്‍ പെഗാസസ് വാങ്ങി ഉപയോഗിക്കുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷം വിവാദമുണ്ടായപ്പോള്‍ ഇങ്ങനെയൊരു സംഗതിയേയില്ല എന്ന മട്ടില്‍ തലപൂഴ്ത്തിയ സര്‍ക്കാറിന് തലവേദനയാകുകയാണ് ന്യൂയോര്‍ക്ക് ടൈംസിലെ അന്വേഷണ റിപോര്‍ട്ട്. ഇന്ത്യ ഏകദേശം 13,000 കോടി രൂപ മുടക്കി പെഗാസസ് വാങ്ങിച്ചു എന്നാണ് ലേഖനം പറയുന്നത്.

അതായത്, ഒരു ജനതയുടെ നികുതിപ്പണം ഉപയോഗിച്ച് അവരുടെ തന്നെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇങ്ങനെ തൊലിയും തുണിയുമുരിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് മോദി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണത്തിനിടെ മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അനേകം പ്രതിരോധ-സുരക്ഷാ വീഴ്ചകളില്‍ ഏറെ ഗൗരവമേറിയ ഒന്നാണ് പെഗാസസ്. പാര്‍ലിമെന്റില്‍ ഇതേകുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയിരുന്നു. സുബ്രഹ്‌മണ്യം സ്വാമിയെ പോലുള്ള ബി ജെ പി നേതാക്കളും ഇതേ ആവശ്യം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. തങ്ങളുടെ ഫോണുകള്‍ ആരോ കട്ടുകേള്‍ക്കുന്നു എന്ന പരാതി ചില ബി ജെ പി. എം പിമാരും മുതിര്‍ന്ന നേതാക്കളും ദേശീയ കമ്മിറ്റിയില്‍ തെല്ലരിശത്തോടെ തന്നെ ഉയര്‍ത്തിയ ആശങ്കയുമായിരുന്നു. ബി ജെ പിയുടെ ഐ ടി സെല്‍ ഒഴികെ ബാക്കിയുള്ളിടത്തെല്ലാം ഈ ആശങ്ക നിഴലിച്ചുകാണണം. പ്രജാപതി എപ്പോഴും തങ്ങളെ വീക്ഷിക്കുകയാണെന്ന തിരിച്ചറിവുണ്ടാകുമ്പോഴും പേടിച്ചരണ്ടിരിക്കുകയാകണം അവര്‍.

പെഗാസസ് വിഷയത്തില്‍ എങ്ങും തൊടാതെ ഒരു പ്രസ്താവന നടത്തിയ ഐ ടി മന്ത്രിയുടെ ഫോണ്‍ വരെ ചോര്‍ത്തപ്പെട്ടു എന്ന വെളിപ്പെടുത്തല്‍ ക്രൂരമായ തമാശയായി മാറുകയായിരുന്നു.
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം സച്ചിന്‍ റാവു തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അവരുടെ സഹായികളും നിരന്തരം ഫോണ്‍ ചോര്‍ത്തലിന് വിധേയമായി. കോണ്‍ഗ്രസ്സ് നേതാക്കളുടെ പേരുകള്‍ക്കൊപ്പം പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി തുടങ്ങിയവരുടെ പേരുകള്‍ കൂടി ഉയര്‍ന്നപ്പോള്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ്സ്- തൃണമൂല്‍ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വിശാല പ്രതിപക്ഷം രൂപം കൊണ്ടിരുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറിനെ ഒളിഞ്ഞു കേള്‍ക്കാന്‍ ബി ജെ പി ശ്രമിച്ചതില്‍ അതിശയിക്കാനില്ല എന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് വിധി പറഞ്ഞുതരുന്നുണ്ട്.

മോദിക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുടെ ഫോണ്‍ ചാര സോഫ്ട്്വെയര്‍ ഉപയോഗിച്ചു ചോര്‍ത്തുന്നതും ഫോണില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നതും മോദി സര്‍ക്കാറിന്റെ ഒരു സവിശേഷ സ്വഭാവത്തെയാണ് കുറിക്കുന്നത്. മുമ്പ് കരിങ്കുപ്പായക്കാരും എസ് എസുകളും ഇറ്റലിയിലും ജര്‍മനിയിലും അന്നത്തെ ഫാസിസ്റ്റ് ഭരണാധികാരികളായിരുന്ന മുസോളിനിക്കും ഹിറ്റ്ലറിനും വേണ്ടി കാതുകൂര്‍പ്പിച്ചും ഒളിഞ്ഞുനോക്കിയും മണം പിടിച്ചും തെരുവുകളില്‍ അലഞ്ഞിരുന്നു. ഏകാധിപതിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേല്‍ക്കുന്നവരെ അവര്‍ വകവരുത്തും. പൗരന്മാരുടെ ഒന്നും രഹസ്യമായിരുന്നില്ല അവരുടെ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍. കിടപ്പറയിലും കുളിമുറിയിലും അടുക്കളയിലും വരെ ചെന്നെത്തുന്ന ചാരക്കണ്ണുകളും കാതുകളും കാലാകാലങ്ങളില്‍ പുതിയ അവതാരങ്ങളെടുക്കുന്നതാണ് നമ്മള്‍ കാണുന്നത്. ലക്ഷണമൊത്ത ഫാസിസ്റ്റ് ഭരണമാണ് മോദി നടപ്പാക്കുന്നത്. മാധ്യമപ്രവര്‍ത്തകരോ, മാധ്യമങ്ങളോ സ്വതന്ത്രരല്ല. പ്രതിപക്ഷ നേതാക്കള്‍ക്ക് സ്വകാര്യത അനുവദിക്കില്ല. ചോദ്യങ്ങളെ ഇഷ്ടമേയല്ല. അപ്പോള്‍ പിന്നെ ചോദ്യങ്ങള്‍ ഉയരാനിടയുള്ള ഇടങ്ങളില്‍ പതിയിരുന്ന് പണികൂട്ടുകയാണ് ഭരണകൂടം.

രാഹുല്‍ ഗാന്ധിയെ പോലുള്ള രാഷ്ട്രീയ നേതാക്കളെയും സിദ്ധാര്‍ഥ് വരദരാജനെ പോലുള്ള മാധ്യമപ്രവര്‍ത്തകരെയും മാത്രമല്ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ പരാതി പറഞ്ഞ സുപ്രീം കോടതി ജീവനക്കാരിയുടെ, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവസ്യയുടെ, മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ, വളരെ പ്രധാനപ്പെട്ട സൈനിക മേധാവികളുടെ, അനേകം ആക്ടിവിസ്റ്റുകളുടെയൊക്കെ ഫോണില്‍ പെഗാസസ് കയറിയിട്ടുണ്ട്. പറക്കുന്ന ആയുധമെന്നാണത്രെ പെഗാസസ് അറിയപ്പെടുന്നത്. ഗ്രീക്ക് ഐതിഹ്യങ്ങളിലുള്ള ട്രോജന്‍ ഹോഴ്‌സ് എന്ന ആശയത്തില്‍ നിന്നാണ് പെഗാസസ് വരുന്നത്. ആരുമറിയാതെ നുഴഞ്ഞു കയറി ആക്രമിക്കുന്ന ‘വജ്രായുധം.’ സാധാരണ മാല്‍വെയറുകള്‍ പോലെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല പെഗാസസ്. മാത്രവുമല്ല, ഇത് കയറിക്കൂടിയ ഉപകരണത്തില്‍ നടക്കുന്ന എന്തും പെഗാസസിനെ അയച്ച ആളുടെ പക്കലെത്തിക്കാന്‍ കഴിവുള്ള ചാര സോഫ്ട്്വെയറാണിത്.

ലോകത്ത് തീവ്രവാദ ഗ്രൂപ്പുകളെ നിരീക്ഷിക്കാനും സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ഇത്തരത്തിലുള്ള സോഫ്ട്്വെയറുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പെഗാസസ് ആക്രമണത്തിന് വിധേയമായവരുടെ ലിസ്റ്റ് നോക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ഈ രാജ്യത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുകയാണ്. ചൈനീസ് അതിര്‍ത്തിയില്‍ നിരന്തരം കടന്നുകയറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തിലും ഇവിടെ പ്രജാപതിയുടെ ആശങ്ക തനിക്കു നേരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുള്ള സ്വന്തം പൗരന്മാരെ ഓര്‍ത്തിട്ടാണ്. അല്ലെങ്കിലും വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും നേരിടാന്‍ കെല്‍പ്പില്ലാത്ത, അതോര്‍ത്ത് ഉറക്കങ്ങളില്‍ നിന്ന് ഞെട്ടിയുണരുന്ന സ്വഭാവം ലോകത്തെല്ലായിടത്തുമുള്ള ഏകാധിപതികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിലാകട്ടെ, സ്വന്തം പാളയത്തിലെ തന്നെ മന്ത്രിമാരുടെയും (അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേല്‍) അവരുടെ കുടുംബത്തിന്റെയും ജീവനക്കാരുടെയും ഫോണുകളും പ്രവീണ്‍ തൊഗാഡിയ പോലുള്ള ഹിന്ദുത്വ വാദികളുടെ ഫോണുകളും പെഗാസസിനാല്‍ ചോര്‍ത്തപ്പെട്ടു.

ജൂതന്മാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും നീക്കങ്ങളറിയാന്‍ ഹിറ്റ്്‌ലര്‍ നാടു നീളെയും വീടുകള്‍ പരക്കെയും ചാരന്മാരെ വിടുന്നതിലും അവര്‍ കയറി നിരങ്ങുന്നതിലും യാതൊരു കുഴപ്പവും വിചാരിക്കാതിരുന്ന ഒരു ജനത അന്നുണ്ടായതുപോലെ ഇവിടെയുമുണ്ട്. പെഗാസസ് ഉപയോഗിച്ച് സ്വന്തം രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതില്‍ എന്തെങ്കിലും ധാര്‍മിക പ്രശ്‌നങ്ങള്‍ അവര്‍ കാണുന്നേയില്ല. അതുകൊണ്ട് അപകടത്തിലാകുന്ന ജനാധിപത്യത്തെ ഓര്‍ത്ത് അവര്‍ക്ക് എന്തെങ്കിലും പ്രതിബദ്ധത ഇല്ലതന്നെ. മതത്തിന്റെയും ജാതിയുടെയും പേരില്‍ പൗരത്വം തീരുമാനിക്കുന്നതും കമ്പാര്‍ട്ട്‌മെന്റുകളുണ്ടാക്കുന്നതും പൗരത്വ പട്ടികകള്‍ വരുന്നതും ഫാസിസ്റ്റ് ഭരണകൂടത്തിന് പ്രജകളെ സൗകര്യപൂര്‍വം ‘നിരീക്ഷിക്കനാണ്.’ പെഗാസസ് വിഷയവും രാജ്യസുരക്ഷയുടെ കള്ളിയില്‍ ചേര്‍ത്ത് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സി ബി ഐ മേധാവികളും സൈനിക മേധാവികളും ശാസ്ത്രജ്ഞരും സ്വന്തം ഭരണകൂടത്താല്‍ ചാരപ്രവര്‍ത്തനത്തിന് ഇരയാകുന്ന ദയനീയ സാഹചര്യം എത്ര തേയ്ച്ചു മായ്ച്ചാലും പോകാതെ ഇവിടെ ബാക്കിയുണ്ടാകും.

പെഗാസസ് വിഷയം രാജ്യദ്രോഹത്തില്‍ കുറഞ്ഞ ഒരു വിഷയമേയല്ല എന്നാണ് കഴിഞ്ഞ മണ്‍സൂണ്‍ സഭാ സമ്മേളനങ്ങളുടെ അവസാന ദിവസം പ്രതിപക്ഷ നേതാക്കന്മാരുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. ഇന്നലെ ആരംഭിച്ച ഈ ബജറ്റ് സമ്മേളനത്തിലും പെഗാസസ് ഒരു ചൂടേറിയ വിഷയമായി മാറിയേക്കും. ഈ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ അവകാശ ലംഘനത്തിന് കെ സി വേണുഗോപാല്‍ എം പി നോട്ടീസ് നല്‍കിക്കഴിഞ്ഞു. പ്രസ്തുത വിഷയത്തില്‍ പാര്‍ലിമെന്റിനെ സര്‍ക്കാര്‍ കബളിപ്പിച്ചു എന്നാണ് കോണ്‍ഗ്രസ്സ് ജന. സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. ഇതേ വിഷയം പാര്‍ലിമെന്റിന്റെ ഐ ടി വകുപ്പ് സ്ഥിരം സമിതി ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്നെങ്കിലും സമിതിയിലെ ബി ജെ പി. എം പിമാര്‍ സമിതി ചെയര്‍മാന്‍ ഡോ. ശശി തരൂരിനെയും പ്രതിപക്ഷ എം പിമാരെയും തടയുന്ന സാഹചര്യമുണ്ടായി. ചര്‍ച്ച ചെയ്താല്‍ കള്ളി വെളിച്ചത്താകും എന്ന ഭയമാണ് സര്‍ക്കാറിനെ പിന്തുടരുന്നത് എന്ന് വ്യക്തം. 2021 ഒക്ടോബറില്‍ തന്നെ ഈ വിഷയത്തില്‍ ഭരണഘടനാ സമിതി അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തില്‍ കണ്ണടച്ചു നില്‍ക്കുകയായിരുന്നു. ഈ വിഷയത്തില്‍ കോടതി മുന്പാകെ സത്യവാങ്മൂലം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന പുതിയ വെളിപ്പെടുത്തലുകള്‍ കൂടി കോടതി കയറുന്നതോടെ പാര്‍ലിമെന്റില്‍ ഒളിച്ചുകളി തുടര്‍ന്നാലും കോടതിയും ജനതയും തെരുവുകളില്‍ ഈ രാജ്യദ്രോഹം വിചാരണ ചെയ്യും.

 

Latest