Connect with us

Editorial

ഈ നീക്കത്തില്‍ ദുരുദ്ദേശ്യമുണ്ട്

തിരഞ്ഞെടുപ്പ് രംഗം ശുദ്ധീകരണമെന്നൊക്കെയുള്ള ബി ജെ പിയുടെ ന്യായം എത്ര പരിഹാസ്യമാണ്. വെളുത്തതും കറുത്തതുമായ പണമിറക്കി തിരഞ്ഞെടുപ്പില്‍ ജനാഭിലാഷങ്ങളെ അട്ടിമറിക്കുന്ന ചരിത്രമാണ് ബി ജെ പിക്കുള്ളത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മറ്റു പാര്‍ട്ടികളിലെ ജനപ്രതിനിധികളെ വിലക്കെടുത്ത് സര്‍ക്കാറുകള്‍ രൂപവത്കരിക്കുന്ന ഓപറേഷന്‍ ലോട്ടസ് പാര്‍ട്ടിയാണ് മോദിയുടെയും അമിത് ഷായുടെയും ബി ജെ പി. അവരുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് ശുദ്ധീകരണമോ ജനാധിപത്യമോ ഒന്നുമല്ല. പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്ക് ഇന്ത്യയെ പരിവര്‍ത്തിപ്പിക്കലാണ് ലക്ഷ്യം.

Published

|

Last Updated

ഏകാത്മക ഭരണകൂട ഘടനയിലേക്ക് അതിവേഗം നീങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭൂപരിപക്ഷ – മത മേധാവിത്വ ബോധത്തിലധിഷ്ഠിതമായ സാമൂഹിക രാഷ്ടീയ നിലപാടുകളില്‍ നിന്നുള്ള നിയമ നിര്‍മാണങ്ങളും തീരുമാനങ്ങളുമാണ് ഒന്നിന് പിറകേ ഒന്നായി എടുത്തിട്ടുള്ളത്. രാജ്യത്തിന്റെ ബഹുത്വത്തെയും ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളെയും മറികടന്നു കൊണ്ടുള്ള വണ്‍ നേഷന്‍ സങ്കല്‍പ്പമാണ് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാജ്യഭരണം നടത്തുന്ന മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍.

തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍ 2021 കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തത്. പാര്‍ലിമെന്റി നടപടി ക്രമങ്ങളെ അപ്രസക്തമാക്കി, കാര്യമായ ചര്‍ച്ച അനുവദിക്കാതെ തിടുക്കത്തില്‍ പാസ്സാക്കിയെടുക്കുകയാണുണ്ടായത്. സര്‍ക്കാര്‍ തന്നെ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചാണ് ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ കൊണ്ടുവന്നത്. എന്‍ ഡി എക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലാകട്ടെ കൗശലപൂര്‍ണമായ നീക്കങ്ങളിലൂടെ ബില്‍ പാസ്സാക്കിയെടുക്കുകയായിരുന്നു. അന്യായമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തത് അവസരമാക്കി ശബ്ദവോട്ടോടെ ചൊവ്വാഴ്ച പാസ്സാക്കിയെടുത്തു. ഫാസിസ്റ്റുകള്‍ ഇത്തരം കുടില നീക്കങ്ങളിലൂടെയാണല്ലോ തങ്ങളുടെ ജനാധിപത്യവിരുദ്ധ അജന്‍ഡക്ക് അംഗീകാരമുണ്ടാക്കിയെടുക്കുന്നത്. നിയമനിര്‍മാണത്തില്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളും നടപടിക്രമങ്ങളും അനുസരിക്കാതെയുള്ള അസാധാരണ തിടുക്കം തന്നെ ഇതിനു പിന്നിലെ കുടിലതയും ദുരുദ്ദേശ്യവും വ്യക്തമാക്കുന്നതാണ്..

വിശ്വസിക്കാനാകില്ല
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഭേദഗതിയാണ് കൗശലപൂര്‍വം ഹിന്ദുത്വവാദികളുടെ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. ഈ നിയമത്തിലൂടെ, പട്ടികയിലെ ഇരട്ടിപ്പുകളും മറ്റും മൂലമുള്ള കുഴപ്പങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പുരംഗം ശുദ്ധീകരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് രംഗം ശുദ്ധീകരണമെന്നൊക്കെയുള്ള ബി ജെ പിയുടെ ന്യായം എത്ര പരിഹാസ്യമാണ്. വെളുത്തതും കറുത്തതുമായ പണമിറക്കി തിരഞ്ഞെടുപ്പില്‍ ജനാഭിലാഷങ്ങളെ അട്ടിമറിക്കുന്ന ചരിത്രമാണ് ബി ജെ പിക്കുള്ളത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മറ്റു പാര്‍ട്ടികളിലെ ജനപ്രതിനിധികളെ വിലക്കെടുത്ത് സര്‍ക്കാറുകള്‍ രൂപവത്കരിക്കുന്ന ഓപറേഷന്‍ ലോട്ടസ് പാര്‍ട്ടിയാണ് മോദിയുടെയും അമിത് ഷായുടെയും ബി ജെ പി. അവരുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് ശുദ്ധീകരണമോ ജനാധിപത്യമോ ഒന്നുമല്ല. പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്ക് ഇന്ത്യയെ പരിവര്‍ത്തിപ്പിക്കലാണ് ലക്ഷ്യം.

എല്ലാ അവകാശവാദങ്ങളും തങ്ങളുടെ ഫാസിസ്റ്റ് നീക്കങ്ങളെ മറച്ചു പിടിക്കല്‍ മാത്രമാണ്. വ്യാജ വോട്ടര്‍മാരെ കണ്ടെത്തി പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച നിയമ മന്ത്രി കിരണ്‍ റിജിജു പറയുന്നുണ്ട്. എന്നാല്‍, അതായിരിക്കില്ല സംഭവിക്കാന്‍ പോകുന്നതെന്നാണ് ആര്‍ എസ് എസിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കുന്ന സര്‍ക്കാറില്‍ നിന്നുള്ള മുന്നനുഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. വോട്ടര്‍ രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ മറിച്ചാകും സംഭവിക്കുകയെന്ന ആശങ്ക പല കോണില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കാരണം, രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാം. യഥാര്‍ഥ വോട്ടര്‍മാര്‍ അപ്പോള്‍ വോട്ടര്‍പട്ടികക്ക് പുറത്തായേക്കാം.

2014ല്‍ മോദി അധികാരത്തില്‍ വന്ന ഉടനെ ഈ നീക്കമാരംഭിച്ചതാണ്. 2015ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ആ വര്‍ഷം ആഗസ്റ്റില്‍ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. നാല് മാസത്തിനിടെ 30 കോടി വോട്ടര്‍മാരെ ആധാറുമായി ബന്ധിപ്പിച്ചു. പിന്നീട് തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ രണ്ടിടത്തുമായി 50 ലക്ഷം പേര്‍ പട്ടികക്ക് പുറത്തായി. ഇതില്‍ നല്ല പങ്കും യഥാര്‍ഥ വോട്ടര്‍മാരായിരുന്നുവെന്നത് വലിയ വിവാദമായതാണ്. ഭരണ കേന്ദ്രീകരണത്തിലേക്കും ബി ജെ പി വിഭാവനം ചെയ്യുന്ന പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്കും നീങ്ങുന്ന സ്വേച്ഛാധിപത്യ പ്രയോഗങ്ങളുടെ ചുവടാണ് തിരഞ്ഞെടുപ്പ് നിയമത്തിലെ ഈ ഭേദഗതിയെന്ന് കാണണം.

എന്തിനാണിത്ര തിടുക്കം?
പല കാരണങ്ങള്‍ കൊണ്ട് രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാര്‍ ആധാര്‍ കാര്‍ഡില്ലാത്തവരായുണ്ട്. തത്വാധിഷ്ഠിതമായി എതിര്‍ക്കുന്ന പലരും രാജ്യത്ത് ഇനിയും ആധാര്‍ കാര്‍ഡ് ഇല്ലാത്തവരായി തുടരുന്നുണ്ട്. വോട്ടര്‍ പ്രായത്തില്‍ ഉള്ളവരില്‍ 99 ശതമാനം പേര്‍ക്കും ആധാര്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍, ഒന്നിലധികം കാര്‍ഡുകള്‍ സംഘടിപ്പിച്ചിട്ടുള്ളവര്‍ ഉണ്ടാകാമെന്നതിനാല്‍ ഇത് എത്രമാത്രം ആധികാരികമാണെന്ന് പറയാനാകില്ല. ബി ജെ പി ഭരിക്കുന്ന കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവയടക്കം മൂന്നിലൊന്നോളം സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരേക്കാള്‍ കുറവാണ് ആധാര്‍ കാര്‍ഡ് ഉള്ളവരുടെ എണ്ണമെന്ന വിചിത്ര വസ്തുതയും മുന്നിലുണ്ട്. എന്നാല്‍, കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മറിച്ചാണ് അവസ്ഥ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കര്‍ണാടകയില്‍ ആധാര്‍ കാര്‍ഡ് ഉടമകളേക്കാള്‍ 40 ലക്ഷത്തിലധികമാണ് വോട്ടര്‍മാര്‍. കേരളത്തിലാകട്ടെ വോട്ടര്‍മാരുടെ എണ്ണം 30 ലക്ഷത്തോളം കുറവാണ്. ഈ സങ്കീര്‍ണതകളൊന്നും കാണാതെയാണ് തിടുക്കപ്പെട്ട നിയമനിര്‍മാണം.

ഇത്തരമൊരു സാഹചര്യത്തില്‍ പൗരത്വരേഖയല്ലാത്ത ആധാര്‍ കാര്‍ഡിനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബന്ധിപ്പിക്കുന്നത് ഇരട്ടവോട്ട് തടയാനാണെന്ന വാദം യുക്തിരഹിതവും മിതമായ ഭാഷയില്‍ അസംബന്ധവുമാണ്. ആധാര്‍ ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി മൂന്ന് വര്‍ഷംമുമ്പ് വിധിച്ചിട്ടുണ്ടെങ്കിലും അതിനെ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതില്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല. അതിനാല്‍ ഇത്തരമൊരു നിയമനിര്‍മാണം പരമോന്നത ജനാധിപത്യവേദിയില്‍ വിശദമായ ചര്‍ച്ചക്കും പഠനത്തിനും ശേഷം ആകണമായിരുന്നു. എന്നാല്‍, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ മിതമായ ആവശ്യം പോലും അംഗീകരിച്ചില്ല. ഉത്തര്‍ പ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാറിന്റെ ഉദ്ദേശ്യവും ഗൂഢതാത്പര്യവും സുവ്യക്തമാണ്.

ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നതിന്റെ ജാള്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍കൂടിയാണ് തിരഞ്ഞെടുപ്പ് നിയമഭേദഗതിയിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിലും മറ്റും പ്രകടിപ്പിച്ച തിടുക്കമെന്ന് കാര്യ വിവരമുള്ള ആര്‍ക്കും മനസ്സിലാകും.

 

 

Latest