Connect with us

Ongoing News

തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബേങ്ക്; വോട്ടു ചെയ്തവരുടെ വിധിയെ മാനിക്കാന്‍ യു ഡി എഫ് ഇനിയെങ്കിലും തയാറാകണം: സഹകരണ സംരക്ഷണ മുന്നണി

Published

|

Last Updated

തിരുവല്ല | തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബേങ്കില്‍ വോട്ടുചെയ്ത അംഗങ്ങളുടെ വിധിയെ മാനിക്കാന്‍ യു ഡി എഫ് ഇനിയെങ്കിലും തയാറാകണമെന്ന് സഹകരണ സംരക്ഷണ മുന്നണി ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസും കണ്‍വീനര്‍ ജി അജയകുമാറും അഭ്യര്‍ഥിച്ചു. വോട്ടു ചെയ്ത 8,094 അംഗങ്ങളില്‍ 4,200 മുതല്‍ 4,300 വരെ വോട്ടുകള്‍ നേടിയാണ് എല്‍ ഡി എഫിന്റെ 13 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിന്റെ ശരാശരി വോട്ട് 2,600-2,700 മാത്രവും. 1,600 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഓരോ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കും ലഭിച്ചു. വോട്ടിംഗിലെ മഹാഭൂരിപക്ഷത്തെ കള്ളവോട്ടെന്ന പേരില്‍ വിജയത്തിന്റെ ശോഭ കെടുത്താനാണ് യു ഡി എഫിന്റെ ശ്രമം. നിരന്തരം കേസുകളിലൂടെ യഥാര്‍ഥ ജനവിധിയെ അട്ടിമറിക്കാന്‍ യു ഡി എഫ് എല്ലാകാലത്തും ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബേങ്കില്‍ ശ്രമിച്ചിട്ടുണ്ട്. 2016-ല്‍ 70,000 അംഗങ്ങളുടെ വോട്ടവകാശം 300-ല്‍ താഴെ വോട്ടര്‍മാരിലേക്ക് പരിമിതപ്പെടുത്തി കബില്‍ സിബലിനെ പോലെയുള്ള സീനിയര്‍ അഭിഭാഷകരുടെ സേവനം തേടി അനധികൃത വിജയത്തെ സാധൂകരിച്ചാണ് ഇത്രകാലവും യു ഡി എഫ് ഭരണത്തില്‍ തുടര്‍ന്നത്. ഇപ്പോഴത്തെ ജനവിധി സ്വാഭാവികവും ആധികാരികവുമാണെന്നത് സഹകരണ ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്നവര്‍ക്ക് സമ്മതിക്കേണ്ടിവരും.

ഓഹരി തുക ഇരട്ടിയാക്കി അംഗസംഖ്യ പരിമിതപ്പെടുത്താന്‍ യു ഡി എഫ് ഭരണസമിതി നടത്തിയ ശ്രമം ഹൈക്കോടതിയാണ് തടഞ്ഞത്. എല്ലാവര്‍ക്കും വോട്ടവകാശം ഹൈക്കോടതി ഉറപ്പാക്കി. വീഡിയോ കാമറ വെക്കാന്‍ കോടതിയില്‍ അനുമതി നേടിയവര്‍ പണം അടയ്ക്കാതെ അതില്‍ നിന്ന് പിന്മാറിയപ്പോള്‍ തന്നെ യു ഡി എഫ് പരാജയം അംഗീകരിച്ചു. തങ്ങളുടെ തകര്‍ച്ചയെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ യു ഡി എഫ് നേതാക്കള്‍ക്ക് ഇതുപോലെ പല വേഷങ്ങളും കെട്ടേണ്ടിവരും. 58,000 ത്തിലേറെ പേരുകള്‍ വോട്ടേഴ്സ് ലിസ്റ്റിലുണ്ടായിട്ടും 8,094 പേര്‍ മാത്രമേ വോട്ടുചെയ്യാന്‍ എത്തിയുള്ളുവെന്നത് യഥാര്‍ഥ അംഗങ്ങള്‍ മാത്രമാണ് വോട്ടുചെയ്തതെന്ന് തെളിയിച്ചു. 30 ബൂത്തുകളിലും യു ഡി എഫ് ഏജന്റുമാരും സ്ഥാനാര്‍ഥികളും സന്നിഹിതരായിരുന്നുവെന്നും സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസും കണ്‍വീനര്‍ ജി അജയകുമാറും ചൂണ്ടിക്കാട്ടി.