Connect with us

Kerala

പതിമൂന്നുകാരിക്ക് ലഹരി നല്‍കിയ ശേഷം കാരിയറായി ഉപയോഗിച്ച സംഭവം; സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്

എ ഇ ഒ, സ്‌കൂള്‍ അധികൃതര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക.

Published

|

Last Updated

കോഴിക്കോട് | വടകരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ലഹരി നല്‍കിയ ശേഷം കാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്. എ ഇ ഒ, സ്‌കൂള്‍ അധികൃതര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. ലഹരി മാഫിയ കെണിയില്‍ വീഴ്ത്തിയതായി പരാതിപ്പെട്ടിട്ടും പോലീസ് ഇടപെട്ടില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.

അതിനിടെ, പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. നിലവില്‍ പോക്സോ വകുപ്പ് മാത്രം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരിചയക്കാരനായ വ്യക്തിയാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് ലഹരി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി എം ഡി എം എ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമാവുകയായിരുന്നു.