Connect with us

interview

സാഹിത്യത്തിലുമുണ്ട് ജാതി-ലിംഗ വിവേചനം

സാഹിത്യകാരന്റെ/ കാരിയുടെ വളര്‍ച്ചയെയും പ്രശസ്തിയെയും സ്വീകാര്യതയെയും അവാര്‍ഡുകള്‍ ഗുണപരമായി സ്വാധീനിക്കാറുണ്ട്. മൊത്തത്തിലത് സാഹിത്യത്തിന്റെ വളര്‍ച്ചക്കും കാരണമായേക്കാം. സാഹിത്യം താരതമ്യേന ദുര്‍ബലമായൊരു ഭാഷയില്‍ എഴുതുന്ന ഒരാള്‍ക്ക് ശ്രദ്ധേയമായ ഒരു അവാര്‍ഡ് ലഭിച്ചാല്‍ അതുവഴി അയാളും അയാളുടെ ഭാഷയും ഭാഷയിലെ സാഹിത്യവും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുമല്ലോ.| എം ആര്‍ രേണുകുമാര്‍ / സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? എം ആർ രേണുകുമാർ തന്റെ കുട്ടിക്കാലത്ത് വായിച്ചിരുന്ന പുസ്തകങ്ങൾ എന്തൊക്കെയായിരുന്നു? പിന്നീടെപ്പോഴാണ് ഗൗരവമായ ഒരു വായനയിലേക്ക് വരുന്നത്?

കുട്ടിക്കാലത്ത് പുസ്തകങ്ങളൊന്നും അങ്ങനെ വായിച്ചിട്ടില്ല. അപൂര്‍വമായി കിട്ടിയിരുന്ന ബാലപ്രസിദ്ധീകരണങ്ങളിലും കോമിക്സുകളിലും മറ്റും ഒതുങ്ങിയിരുന്നു വായന. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഒ വി വിജയന്റെയും എം മുകുന്ദന്റെയും ചില പുസ്തകങ്ങള്‍ പരിചിതമായിരുന്നു. ഗ്രന്ഥശാലയില്‍നിന്ന് ചേച്ചി വായിക്കാനെടുത്തുകൊണ്ട് വന്നതായിരിക്കണം അവ. പ്രീഡിഗ്രിക്കാലത്താണ് വായന സജീവമാകുന്നത്. എസ് കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികളിലായിരുന്നു തുടക്കം. അദ്ദേഹത്തോടുള്ള ആരാധന മൂത്ത് തുടര്‍ന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മുഴുവനും വായിച്ചു. എസ് കെക്ക് പുറകെ കാരൂരും ബഷീറും തകഴിയും കേശവദേവും കെ സുരേന്ദ്രനും എം ടി വാസുദേവന്‍ നായരും കാക്കനാടനും ഒ വി വിജയനും എം മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ആനന്ദും സേതുവും സഖറിയയും കടന്നുവന്നു. വിവര്‍ത്തനങ്ങളിലൂടെ വിക്ടര്‍ ഹ്യൂഗോ, ദസ്തയേവ്സ്കി, ടോള്‍സ്റ്റോയി, എമിലി സോള, മിഖായില്‍ ഷോളോഖോവ്, ഹെര്‍മന്‍ മെല്‍വില്‍, യാസുനരി കവാബത്ത, ഹെമിംഗ് വെ, വില്യം ഗോള്‍ഡിംഗ്, വി.എസ് ഖാണ്ഡേക്കര്‍, ശിവരാമ കാരന്ത്, അഖിലന്‍, രാമപാദ ചൗധരി തുടങ്ങിയവരും വായനയെ ധന്യമാക്കി.

? താങ്കൾ ഒരു കവിയാണെന്നും കവിതയാണ് മാധ്യമമെന്നും തിരിച്ചറിഞ്ഞത് എപ്പോഴാണ് ?

കോളജില്‍ പഠിക്കുന്ന കാലത്ത് കവിതാമത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. എങ്കിലും തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് അങ്ങനെയൊരു തിരിച്ചറിവുണ്ടാകുന്നതും കവിതയില്‍ ഞാന്‍ സജീവമാകുന്നതും.

? ഉള്ളിൽ തോന്നുന്നത് (ഉറവയെടുക്കുന്നത് എന്ന് അർഥമില്ല.) വാരിവലിച്ചെഴുതിയിട്ട് ഇത് കവിതയാണ് എന്നു പറയുന്നവരുടെയും അത് , മഹത്തരം, ഗംഭീരം, സൂപ്പർ എന്ന് ഉദ്ഘോഷിക്കുന്നവരുടെയും എണ്ണം കൂടി വരുന്നത് ഭാഷക്ക് എന്തു സംഭാവനയാണ് ചെയ്യുന്നത്. കഥ നടക്കുന്നുണ്ട് , കവിതക്കെന്താ നടന്നാൽ എന്ന് താങ്കൾ അടുത്ത കാലത്ത് പറഞ്ഞത്, കവിതയിൽ ഇങ്ങനെ ഒരു ദുരവസ്ഥ ഉള്ളതിനാലാകുമോ?

“കഥ നടക്കുന്നുണ്ട് കവിതക്കെന്താ നടന്നാൽ’ എന്ന ചോദ്യം ഭാഷയില്‍ വാക്കുകളുടെ അർഥം/ പ്രയോഗം മാറിമറിയുന്നതിന്റെ സാധ്യതകളെ/ സന്ദര്‍ഭങ്ങളെ സൂചിപ്പിക്കാന്‍ അൽപ്പം പോയറ്റിക്കായി ചോദിച്ചതാണ്. അല്ലാതെ ചോദ്യത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും വ്യംഗ്യേന സൂചിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. “കവിത’യെന്നത് ഒരാളുടെ പേരുകൂടി ആകാമെങ്കിലും “കഥ’ അങ്ങനെയായ ചരിത്രം കേട്ടിട്ടില്ല. ഒരാളെ “കഥയില്ലാ’ത്തവന്‍ എന്നു പറയുമെങ്കിലും ഒരാളെ “കവിതയില്ലാ’ത്തവന്‍ (കവി അല്ലെങ്കില്‍) എന്നുപറയാറില്ലല്ലോ.

? കേരളം ദൈവത്തിന്റെ നാടല്ല , ജാതിയുടെ സ്വന്തം നാടാണെന്ന് താങ്കൾ മുമ്പ് പറഞ്ഞതായി ഓർക്കുന്നു. എന്താകാം അങ്ങനെ തോന്നാൻ കാരണം?
കവി എന്ന നിലയിൽ എം ആറിന് ജാതി ഒരു പ്രശ്നമായി തീർന്നിരുന്നോ? ഇപ്പോഴും അതുണ്ടെന്നാണോ പറയുന്നത്?

കുട്ടിക്കാലത്തും പ്രീഡിഗ്രി പഠനകാലത്തും പലതരത്തിലുള്ള ജാതീയ അനുഭവങ്ങളും അപമാനങ്ങളും ഉണ്ടായിട്ടുണ്ട്. ജാതി പിന്നീടതിന്റെ തേറ്റകളങ്ങനെ പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലും പലരുടെയും ഉള്ളിലവ ഞെരിഞ്ഞുകണ്ടിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ്പദത്തിലെത്തിയാലും സവർണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കീഴാളര്‍ കീഴാളര്‍ തന്നെയാണ്. കേരള മുഖ്യമന്ത്രി പോലും ജാതീയമായി അപമാനിക്കപ്പെടുന്ന നാടിന് ജാതിയുടെ സ്വന്തം നാടെന്നല്ലാതെ പിന്നെന്ത് വിശേഷണമാണ് നല്‍കേണ്ടത്. പ്രകടമായ ഉച്ചനീചത്വങ്ങളെ ഉള്ളിലൊളിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ സകല മേഖലകളിലും ജാതി സൂക്ഷ്മമായി നിലനില്‍ക്കുന്നുണ്ട്‌. യാതൊരു ഉളുപ്പുമില്ലാതെ ജാതിതിരിച്ച് വിവാഹപ്പരസ്യങ്ങള്‍ കൊടുക്കുന്ന സവർണ മലയാളി അവകാശപ്പെടുന്നത് തങ്ങള്‍ക്ക് ജാതിയില്ലെന്നാണ്. ജാതിയെ മനപ്പൂര്‍വം ജാതിവിവേചനവും പീഡനവും മാത്രമായി ചുരുക്കിക്കൊണ്ടാണ് ഇവര്‍ “പുരോഗമനകാരി’കളാകുന്നത്. ബ്രാഹ്മണ്യകേന്ദ്രിത ഉച്ചനീച സാമൂഹികാവസ്ഥയാണ് ജാതി. അതിനെ സൗകര്യാർഥം ലളിതവത്കരിക്കുന്നതും, സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിഗുഢവത്കരിക്കുന്നതും ഭരണഘടനാവിരുദ്ധവും മാനുഷിക വിരുദ്ധവുമാണ്. ചാതുർവര്‍ണ്യവ്യവസ്ഥയുടെ ഭൂതംപിടിച്ച ഉപരി/മധ്യമ ജാതിസമൂഹങ്ങള്‍ക്ക് മേൽക്കൈയുള്ള കേരളത്തിന്റെ സാമൂഹിക മനസ്സില്‍ ജാതിവിചാരം ഇപ്പോഴും പ്രബലമായി/സൂക്ഷ്മമായി നിലനില്‍ക്കുന്നുണ്ട്.

? സാഹിത്യത്തിന്റെ വളർച്ചക്ക് അവാർഡുകൾ ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്യുന്നുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? അവാർഡുകൾ തീരുമാനിക്കുന്നതിൽ കൃത്യമായ വിവേചനം ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട് എന്നു പറഞ്ഞാൽ?

സാഹിത്യകാരന്റെ/ കാരിയുടെ വളര്‍ച്ചയെയും പ്രശസ്തിയെയും സ്വീകാര്യതയെയും അവാര്‍ഡുകള്‍ ഗുണപരമായി സ്വാധീനിക്കാറുണ്ട്. മൊത്തത്തിലത് സാഹിത്യത്തിന്റെ വളര്‍ച്ചക്കും കാരണമായേക്കാം. സാഹിത്യം താരതമ്യേന ദുര്‍ബലമായൊരു ഭാഷയില്‍ എഴുതുന്ന ഒരാള്‍ക്ക് ശ്രദ്ധേയമായ ഒരു അവാര്‍ഡ് ലഭിച്ചാല്‍ അതുവഴി അയാളും അയാളുടെ ഭാഷയും ഭാഷയിലെ സാഹിത്യവും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുമല്ലോ. അവാര്‍ഡുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറമെനിന്ന് ഇടപെടലുകള്‍ ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും എല്ലാ അവാര്‍ഡുകളും അങ്ങനെയാണെന്ന് കരുതാന്‍ ന്യായമില്ല. അവാര്‍ഡിന് പരിഗണിക്കാനും പരിഗണിക്കാതിരിക്കാനും പലപ്പോഴും സാഹിത്യേതര ഘടകങ്ങളും കാരണമാകാറുണ്ടെന്ന് ഏനിക്ക് തോന്നിയിട്ടുണ്ട്.

? 2019ൽ താങ്കളുടെ കൊതിയൻ എന്ന പുസ്തകത്തിനും പി രാമൻ മാഷുടെ കവിതാ പുസ്തകത്തിനും സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തുല്യമായി ഇങ്ങനെ പങ്കു

വെക്കേണ്ടി വന്നത് അക്കാദമിയുടെ കഴിവുകേടായിട്ട് വിലയിരുത്താമോ?
ഒരിക്കലുമില്ല. സാങ്കേതികമായി തുല്യനിലയിലെത്തിയ രണ്ട് പുസ്തകങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയെന്നേയുള്ളൂ. അത് സത്യസന്ധമായ തീരുമാനമായിരുന്നു. അതുതന്നെയായിരുന്നു അതിന്റെ നീതിയും ജനാധിപത്യവും.

? ദളിത് സാഹിത്യം, പെണ്ണെഴുത്ത് തുടങ്ങിയ രീതികളോട് താങ്കളുടെ സമീപനം എങ്ങനെയാണ്?

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളൊെക്ക നമ്മുടെ സാഹിത്യത്തിലും ഉണ്ടാവുക സ്വാഭാവികമാണ്. ജാതിവിവേചനവും ലിംഗവിവേചനവും നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഭാഷയിലും സാഹിത്യത്തിലും അതുണ്ടാകും. സാഹിത്യം ഇതൊന്നും തീണ്ടാത്ത പരിപാവനമായ ഒരിടമാണ് എന്നൊക്കെ കരുതുന്നവര്‍ ഉണ്ടാകാം. അവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല. ഒരു സമൂഹത്തില്‍/ഭാഷയില്‍/രാജ്യത്ത് വിവേചനങ്ങളും ഹിംസകളും നേരിടുന്ന കര്‍തൃത്വങ്ങള്‍ അവരുടെ തനിമയില്‍ അധിഷ്ഠിതമായ കലയും സാഹിത്യവും ആവിഷ്കാരങ്ങളും വിയോജിപ്പുകളും ചെറുത്തുനില്‍പ്പുകളുമായി രംഗത്തുവരേണ്ടതുണ്ട്. അത് സാമൂഹികനീതിയുടെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിനും വികാസത്തിനും അത്യന്താപേക്ഷിതമാണ്.

Latest