Articles
നോട്ട് പിന്‍വലിക്കുന്നതില്‍ ചില പരോക്ഷ പ്രശ്നങ്ങളുണ്ട്
തുടരെ തുടരെയുള്ള നോട്ട് നിരോധനം ജനങ്ങള്‍ക്ക് കറന്‍സിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ട്. നിക്ഷേപകരുടെ വിശ്വാസ്യതയാണ് കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ അപ്രതീക്ഷിതമായി കറന്‍സി അസാധുവാക്കുമ്പോള്‍ അത് കറന്‍സിയുടെ സ്ഥിരതയില്‍ സംശയമുളവാക്കും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മറ്റൊരു നോട്ട് പിന്‍വലിക്കലിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചത്. 2016 നവംബറില്‍ 500, 1000 രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സമ്പദ് വ്യവസ്ഥയില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന മൊത്തം കറന്‍സികളില്‍ ഏകദേശം 86 ശതമാനം 500, 1,000 രൂപയുടെ നോട്ടുകളായിരുന്നു. 86 ശതമാനം വരുന്ന നോട്ടുകള്‍ അപ്രതീക്ഷിതമായി സമ്പദ് വ്യവസ്ഥയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ പ്രയാസം ഇന്ത്യന്‍ ജനതയെ പറഞ്ഞറിയിക്കേണ്ട ആവശ്യകതയില്ല. ആ നോട്ട് നിരോധനത്തിന്റെ തുടര്‍ ആഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അതേസമയം 2,000 രൂപയുടെ നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കില്ല എന്നതാണ് വാസ്തവം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, പ്രചാരത്തിലുള്ള 2,000 രൂപയുടെ കറന്‍സികളുടെ എണ്ണം ആനുപാതികമായി കുറവാണ്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2018 മാര്‍ച്ച് 31ന് രണ്ടായിരം രൂപയുടെ 6.73 ലക്ഷം കോടി രൂപയായിരുന്നു സമ്പദ് വ്യവസ്ഥയില്‍ ആകെ പ്രചാരത്തിലുണ്ടായിരുന്നത്. അഥവാ 37.3 ശതമാനം. അതേസമയം നിലവില്‍ അത് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു. ശതമാനാടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ആകെ നോട്ടുകളുടെ വെറും 10.8 ശതമാനം മാത്രം.
രണ്ടാമതായി, ലോകത്ത് ഏറ്റവും അധികം ഡിജിറ്റല്‍ പെയ്മന്റുകള്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് നിലവില്‍ ഇന്ത്യ. 2016ലെ നോട്ട് നിരോധനവും കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളും രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റുകളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി എന്ന് വേണം കരുതാന്‍. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലുടനീളം ഏകദേശം 72 ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ പെയ്‌മെന്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ട് കാരണങ്ങളും ചേര്‍ത്ത് വായിക്കുകയാണെങ്കില്‍, രണ്ടായിരം രൂപയുടെ നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ വലിയ തോതില്‍ ആഘാതമുണ്ടാക്കില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്തുകൊണ്ട് 2,000 രൂപ പിന്‍വലിക്കുന്നു?
2016ല്‍ അധികാരത്തിലിരിക്കെ മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കുമ്പോള്‍ അന്ന് പ്രചാരത്തില്‍ ഉണ്ടായിരുന്ന ആകെ കറന്‍സിയുടെ 86 ശതമാനവും ഉപയോഗശൂന്യമായി മാറി. ഇത് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ ആഘാതം അതിഭീകരമായിരുന്നു. അതിവേഗം സമാനമായ മൂല്യം സമ്പദ് വ്യവസ്ഥയില്‍ വീണ്ടും പ്രചാരത്തില്‍ എത്തിക്കുക എന്നതായിരുന്നു കേന്ദ്ര ബേങ്കിന് മുന്നിലെ പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ ഒരു താത്കാലിക പരിഹാരമെന്നോണമായിരുന്നു രണ്ടായിരം രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്.
1934- ആര്‍ ബി ഐ നിയമത്തിലെ സെക്ഷന്‍ 24 (1) പ്രകാരമായിരുന്നു 2016 നവംബറില്‍ പുതിയ 500, 2,000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ റിസര്‍വ് ബേങ്ക് പുതിയ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെക്കുകയും ചെയ്തു. പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യം 2018ല്‍ 6.73 ട്രില്യണായിരുന്നു. എന്നാല്‍ 2023 ആകുമ്പോഴേക്കും അത് 3.62 ട്രില്യണായി കുറഞ്ഞുവെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ 2016ലെ നോട്ട് അസാധുവാക്കല്‍, അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് കരകയറാന്‍ താത്കാലികമായി കേന്ദ്ര ബേങ്ക് അച്ചടിച്ച കറന്‍സിയായിരുന്നു രണ്ടായിരം രൂപ മൂല്യമുള്ള ഉയര്‍ന്ന നോട്ടുകള്‍. അതിന്റെ ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ ഏറെക്കുറെ മറികടന്നതിനാല്‍ 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്നതാണ് ഈ നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന യുക്തി.
ആര്‍ ബി ഐയുടെ ക്ലീന്‍ നോട്ട് നയം
രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണമായി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ മുന്‍നിര്‍ത്തുന്നത് ക്ലീന്‍ നോട്ട് നയമാണ്. സമ്പദ് വ്യവസ്ഥയില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ സമഗ്രതയും ഉപയോഗക്ഷമതയും ഗുണനിലവാരവും ഉറപ്പ് വരുത്തുക എന്നതാണ് ഈ നയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. രണ്ടായിരം രൂപ പിന്‍വലിക്കുന്നതിന് പിന്നില്‍ ഇങ്ങനെയൊരു കാരണവും കൂടിയുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമോ?
മേല്‍ സൂചിപ്പിച്ച പോലെ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യം 3.62 ട്രില്യണ്‍ ഇന്ത്യന്‍ രൂപയാണ്. ഇത് പ്രചാരത്തിലുള്ള കറന്‍സിയുടെ 10.8 ശതമാനം മാത്രമാണ്. കൂടാതെ ഡിജിറ്റല്‍ പെയ്മെന്റുകളിലെ വളര്‍ച്ചയും ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നുണ്ട്. അതിനര്‍ഥം സമ്പദ് ഘടനയെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയമല്ല ഇപ്പോഴത്തെ നോട്ട് നിരോധനം എന്ന് തന്നെയാണ്. എന്നാല്‍ നിരവധി കാരണങ്ങളാല്‍ സമ്പദ് വ്യവസ്ഥയെ പരോക്ഷമായി ബാധിക്കുന്നുണ്ട് ഈ നോട്ട് നിരോധനവും എന്ന കാര്യം വിസ്മരിക്കരുത്.
തുടരെ തുടരെയുള്ള നോട്ട് നിരോധനം ജനങ്ങള്‍ക്ക് കറന്‍സിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ട്. നിക്ഷേപകരുടെ വിശ്വാസ്യതയാണ് കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ അപ്രതീക്ഷിതമായി കറന്‍സി അസാധുവാക്കുമ്പോള്‍ അത് കറന്‍സിയുടെ സ്ഥിരതയില്‍ സംശയമുളവാക്കും. ഇത് നിക്ഷേപകരില്‍ തങ്ങളുടെ സമ്പത്ത് മറ്റിതര മൂല്യമുള്ള വസ്തുക്കളില്‍ മാറ്റി നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. വിദേശ കറന്‍സികള്‍, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് പോലുള്ള കൂടുതല്‍ സ്ഥിരതയും വിശ്വസനീയവുമായ ആസ്തികളിലേക്ക് അവര്‍ മാറി നിക്ഷേപിക്കും. ഇത് കറന്‍സിയുടെ വിനിമയ നിരക്ക് കുറയുന്നതിന് കാരണമാകും. ഒപ്പം പണപ്പെരുപ്പമുണ്ടാക്കും. സാമ്പത്തിക വളര്‍ച്ചയെയും സാരമായി ബാധിക്കും.