Connect with us

Educational News

ചിക്കാഗോ സർവകലാശാലയിൽ നിന്ന് ആറ് കോടി രൂപയുടെ ഫെല്ലോഷിപ്പ് നേടിയ ഇഫ്തിസാം യു എസിലേക്ക് തിരിച്ചു

എസ് എസ് എഫ് ജെഎന്‍യു യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു ഇഹ്സാനുല്‍ ഇഫ്തിസാം

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ആത്മീയ നഭസില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന സൂഫി ആത്മീയ ശബ്ദങ്ങള്‍ വീണ്ടെടുക്കാനുള്ള മലപ്പുറത്തു കാരന്‍ ഇഹ്സാനുല്‍ ഇഫ്തിസാമിന്റെ യാത്രക്ക് തുടക്കമായി. ഡല്‍ഹിയില്‍ നിന്ന് അവന്‍ അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലേക്കു ബുധനാഴ്ച വൈകീട്ടു വിമാനം കയറി.

അറബ് മലയാളത്തിലും പേര്‍ഷ്യനിലും തമിഴിലും മുഴങ്ങുന്ന സൂഫി ശബ്ദങ്ങളുടെ വീണ്ടെടുപ്പെന്ന ഗവേഷണത്തിനാണ് മലപ്പുറം തൃക്കലങ്ങോട് ഹാജിയാര്‍പടി സ്വദേശിയായ ഇഹ്തിസാമിന് പി എച്ച് ഡി ഫെലോഷിപ്പ് ലഭിച്ചത്. എഴുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണത്തിന് ആറുകോടി രൂപയുടെ ഫെലോഷിപ്പാണ് ലഭിച്ചതെന്ന് ഇഹ്സാന്‍ സിറാജ് ലൈവിനോടു പറഞ്ഞു. ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ ലാംഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ വകുപ്പില്‍ മലയാളിയായ ഈ വിദ്യാര്‍ഥിക്കു പുറമെ ഒരു അമേരിക്കക്കാരനും ഈ വര്‍ഷം ഫെലോഷിപ്പ ്ലഭിച്ചിട്ടുണ്ട്.

ഇറാഖില്‍ നിന്ന് ഇന്ത്യാ സമുദ്രം കടന്നു വന്ന റാത്തീബ്, മൗലൂദ് തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ശേഖരിച്ചുവച്ചിട്ടുള്ള സൂഫി ശബ്ദങ്ങള്‍ തേടിയുള്ള ഗവേഷണമാണ് 24കാരന്‍ നിര്‍വഹിക്കുക. പി എച്ച് ഡി പ്രോഗ്രാമിനിടെ ഒരുവര്‍ഷം ഫീല്‍ഡ് വര്‍ക്കിനായി ഇന്ത്യയില്‍ ചെലവഴിക്കും. നാട്ടിന്‍ പുറത്തു ചായക്കട നടത്തുന്ന സുലൈമാന്‍- സുഹറ ദമ്പതികളുടെ മകന്റെ പഠന മികനവിനുള്ള അംഗീകാരം കൂടിയാണ് ഈ ഫെലോഷിപ്പ്. ചെറുപ്പത്തിലെ പ്രസംഗത്തിലും കവിതയിലും എഴുത്തിലുമെല്ലാം ഇഹ്സാനുല്‍ മികവു തെളിയിച്ചിട്ടുണ്ട്.

കാരക്കുന്ന് അല്‍ഫലാഹില്‍ നിന്നായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി എസ് എസ് എഫിന് കീഴിലുള്ള വേങ്ങര വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമിയില്‍ എത്തി. ഡല്‍ഹി ജാമിയ മില്ലിയയില്‍ ബി എ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹി ജെ എന്‍ യു വില്‍ നിന്ന് ആധുനിക ചരിത്രത്തില്‍ എം എയും കരസ്ഥമാക്കി.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ അധ്യാപനം നടത്തിയിരുന്ന ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ ലാംഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ വകുപ്പിലാണ് ഇഹ്സാനുലിനു പ്രവേശനം ലഭിച്ചിരിക്കുന്നത്.

എസ് എസ് എഫ് ജെഎന്‍യു യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു ഇഹ്സാനുല്‍ ഇഫ്തിസാം. ഷബീബ്, റനീം എന്നിവര്‍ സഹോദരങ്ങളാണ്.

 

Latest