Connect with us

kerala police

"സെ ഹലോ റ്റു യുവര്‍ നെയ്ബര്‍' പദ്ധതി സ്വാഗതാര്‍ഹം

പൊതുസമൂഹവും മാധ്യമങ്ങളും ഉയര്‍ത്തിയ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് 2020 ഒക്‌ടോബറിലെ പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതു പോലെ "വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതിയും പോലീസിന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. പദ്ധതിയുടെ പേരും ലക്ഷ്യവും മാറ്റി തന്ത്രപരമായാണ് ഈ പിന്മാറ്റമെന്നു മാത്രം.

Published

|

Last Updated

കേരള പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സിന്റെ ഗതി തന്നെയാണ് കഴിഞ്ഞ ദിവസം ഡി ജി പി അനില്‍കാന്ത് പ്രഖ്യാപിച്ച “വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതിക്കും. പൊതുസമൂഹവും മാധ്യമങ്ങളും ഉയര്‍ത്തിയ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് 2020 ഒക്‌ടോബറിലെ പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതു പോലെ വാച്ച് യുവര്‍ നെയ്ബര്‍ പദ്ധതിയും പോലീസിന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. പദ്ധതിയുടെ പേരും ലക്ഷ്യവും മാറ്റി തന്ത്രപരമായാണ് ഈ പിന്മാറ്റമെന്നു മാത്രം. നാല് ദിവസം മുമ്പ് കൊച്ചിയില്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് “വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി നടപ്പാക്കുമെന്ന കാര്യം ഡി ജി പി അനില്‍കാന്ത് പ്രസ്താവിച്ചത്. അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പോലീസിനെ അറിയിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കിയിരുന്നത്. അങ്ങനെ വിളിച്ചറിയിച്ചാല്‍ ഏഴ് മിനുട്ടിനകം പ്രതികരണം ഉണ്ടാകുമെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ പദ്ധതി വലിയ ഗുണം ചെയ്യുമെന്നും ഡി ജി പി അവകാശപ്പെട്ടിരുന്നു.

പദ്ധതിക്കെതിരെ വ്യാപകമായ വിമര്‍ശമാണ് പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നത്. അയല്‍ക്കാര്‍ പരസ്പരം സംശയത്തോടെ നോക്കിക്കാണാനും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ധാരാളം കുടുംബങ്ങള്‍ തകര്‍ക്കാനും ഇടവരുത്തി വേണോ പോലീസിന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തെളിയിക്കാനുമെന്ന ചോദ്യമുയര്‍ന്നു. അയല്‍ സൗഹൃദങ്ങള്‍ ഇല്ലാതാക്കുകയായിരിക്കും ഇതിന്റെ അനന്തര ഫലമെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. വംശീയവും ലിംഗപരവുമായ മുന്‍വിധികള്‍ നിലനില്‍ക്കുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് നിലവിലുള്ളത്. അയല്‍വാസികളായ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ പലയിടങ്ങളിലും സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇത് മൂര്‍ച്ഛിക്കാനിടയാക്കുന്നതാണ് പദ്ധതി. അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന ചിലരുടെ മോശം ശീലത്തിന് പോലീസ് അനുമതി നല്‍കുകയാണ് പദ്ധതിയിലൂടെയെന്നും വിമര്‍ശിക്കപ്പെടുകയുണ്ടായി.

വാച്ച് യുവര്‍ നെയ്ബര്‍ എന്ന പേരില്‍ നിലവില്‍ പദ്ധതികള്‍ ഒന്നും നടപ്പാക്കുന്നില്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് “സെ ഹലോ റ്റു യുവര്‍ നെയ്ബര്‍’ പദ്ധതിയാണെന്നുമുള്ള വിശദീകരണവുമായി പോലീസ് വൃത്തങ്ങള്‍ രംഗത്തുവന്നത് ഈ വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ്. അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് “സെ ഹലോ റ്റു യുവര്‍ നെയ്ബറെ’ന്നും നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയൽപക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് പദ്ധതിക്ക് പ്രേരകമെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഇറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ധിപ്പിച്ച് അയല്‍പക്കങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേക്ക് ഒരുമിച്ചുള്ള യാത്ര, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ളത്.

വേണ്ടത്ര കൂടിയാലോചനകളും പഠനങ്ങളും നടത്താതെ പദ്ധതി പ്രഖ്യാപിച്ചതാണ് പോലീസ് മേധാവികള്‍ക്ക് പറ്റിയ അബദ്ധം. യു എസ് അടക്കമുള്ള രാജ്യങ്ങളില്‍ നിലവിലുള്ള നെയ്ബര്‍ഹുഡ് ക്രൈം വാച്ച് പദ്ധതിയുടെയും 1930കളിലും 40കളിലും ജര്‍മനിയില്‍ ഉണ്ടായിരുന്ന വാച്ച് ഗ്രൂപ്പുകളുടെയും അനുകരണമാണ് ഡി ജി പി അനില്‍കാന്ത് ആദ്യം പ്രഖ്യാപിച്ച “വാച്ച് യുവര്‍ നെയ്ബര്‍’ എന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെ പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തക്ക സമയത്ത് പോലീസിന് വിവരം ലഭ്യമാക്കാനുമാണ് യു എസ് നെയ്ബര്‍ഹുഡ് ക്രൈം വാച്ച് പദ്ധതി ആരംഭിച്ചത്. അയല്‍പക്കത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ പോലീസിനെ വിവരം അറിയിക്കുകയെന്നതാണ് യു എസിലെ നെയ്ബര്‍ഹുഡ് വാച്ച് സംഘങ്ങളുടെ ചുമതല. എന്നാല്‍ ഈ പദ്ധതി പിന്നീട് വിവാദങ്ങള്‍ക്കിടയാകുകയും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷടിക്കുകയുമുണ്ടായി. നെയ്ബര്‍ഹുഡ് വാച്ച് സംഘത്തിലെ ചിലര്‍ ആയുധമെടുത്ത് സ്വയം പോലീസ് ചമയുകയും വംശീയാക്രമണം നടത്തുകയും ചെയ്തു. ആളുകളെ ചാരപ്പണിക്ക് നിയോഗിക്കുന്നത് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കാവുന്ന സദാചാര പോലീസിംഗിലേക്കും ആള്‍ക്കൂട്ട വിചാരണയിലേക്കും വഴിമാറാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ ഈ പാഠം വിരല്‍ ചൂണ്ടുന്നത്.

ഒളിഞ്ഞു നോട്ടം പദ്ധതിയില്‍ നിന്ന് “സെ ഹലോ റ്റു യുവര്‍ നെയ്ബര്‍’ പദ്ധതിയിലേക്കുള്ള കേരള പോലീസിന്റെ ചുവടുമാറ്റം സ്വാഗതാര്‍ഹമാണ്. ഇന്ന് ഒരുതരം ഒറ്റപ്പെട്ട ജീവിതമാണ് ഓരോ കുടുംബവും നയിച്ചു കൊണ്ടിരിക്കുന്നത്. വിശേഷിച്ചും ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും താമസിക്കുന്നവര്‍. ഒരു ചുമരിന്റെ അകലമേയുള്ളൂവെങ്കിലും തൊട്ടടുത്ത റൂമുകളില്‍ താമസിക്കുന്നവരോട് ആഴത്തിലുള്ള ബന്ധവും സൗഹൃദവും കുറവാണ്. പരസ്പരം കണ്ടുമുട്ടിയാല്‍ ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങുന്ന ഔപചാരിക സൗഹൃദം മാത്രം. മനസ്സ് തുറന്നുള്ള സംസാരങ്ങളോ ഇടപെടലുകളോ ഇല്ല. സാമൂഹിക ജീവിതത്തില്‍ അവര്‍ വേണ്ടത്ര സന്തുഷ്ടരല്ല. അതേസമയം മനസ്സറിഞ്ഞുള്ള അയല്‍പക്ക ബന്ധങ്ങള്‍ക്ക് ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാനാകും. ഓരോ വ്യക്തിക്കും അവനവന്റെ അയല്‍വാസി കാവലാളാണ്. അയല്‍പക്കബന്ധം ഊഷ്മളമാകുന്നത് ഇരുവിഭാഗത്തിന്റെ ജീവിതത്തിനും കൂടുതല്‍ അര്‍ഥവും സന്തോഷവും പ്രദാനം ചെയ്യും. അയല്‍ക്കാര്‍ തമ്മിലുള്ള നല്ല സൗഹൃദത്തിലൂടെയും, പരസ്പരം അടുത്തറിഞ്ഞ് കൈത്താങ്ങാകുന്നതിലൂടെയും ഫ്ലാറ്റുകളിലും മറ്റും ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.