Connect with us

evm in varanasi

ഉത്തര്‍ പ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ മോഷണം പോയതായി സമാജ്‌വാദി പാര്‍ട്ടി

ബി ജെ പിക്ക് തിരിച്ചടി നേരിടുന്ന ഇടങ്ങളില്‍ വോട്ടെണ്ണല്‍ സാവധാനത്തിലാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയതായുള്ള വിവരങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇ വി എം) മോഷണം പോയതായി സമാജ്‌വാദി പാര്‍ട്ടി (എസ് പി) ആരോപിച്ചു. വാരാണസിയിലാണ് സംഭവമെന്ന് വീഡിയോ സഹിതം എസ് പി ഉന്നയിക്കുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വാരാണസിയില്‍ മൂന്ന് ട്രക്കുകളില്‍ ഇ വി എമ്മുകള്‍ കൊണ്ടുപോയതായി എസ് പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സ്ഥാനാര്‍ഥികളുടെ സമ്മതമില്ലാതെ ഇ വി എമ്മുകള്‍ കൊണ്ടുപോകാന്‍ അധികാരമില്ല. ബി ജെ പിക്ക് തിരിച്ചടി നേരിടുന്ന ഇടങ്ങളില്‍ വോട്ടെണ്ണല്‍ സാവധാനത്തിലാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയതായുള്ള വിവരങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിശീലനത്തിന് ഉപയോഗിച്ച ഇ വി എമ്മുകളാണ് കൊണ്ടുപോയതെന്നും വോട്ടിംഗിന് ഉപയോഗിച്ചതല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. ചില പാര്‍ട്ടികള്‍ ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. വോട്ടിംഗിന് ഉപയോഗിച്ച മെഷീനുകള്‍ സീല്‍ ചെയ്ത് സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി ആര്‍ പി എഫ് കാവല്‍ നില്‍ക്കുന്നുണ്ട്. മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കാണാവുന്ന തരത്തില്‍ സി സി ടി വി നിരീക്ഷണത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് യു പിയിലെ വോട്ടെണ്ണല്‍.