Connect with us

Editorial

നാലക്ക ഉയരത്തില്‍ പാചക വാതക വില

2021 ജനുവരിക്കു ശേഷം 250 രൂപയാണ് ഗാര്‍ഹിക സിലിന്‍ഡറിന് വര്‍ധിച്ചത്. നിലവില്‍ 958.57 രൂപയാണ് പാചക വാതകത്തിന്റെ അടിസ്ഥാന വില. കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ചേരുമ്പോഴാണ് ആയിരത്തിനു മുകളിലെത്തുന്നത്.

Published

|

Last Updated

ഗാര്‍ഹിക പാചക വാതക സിലിന്‍ഡര്‍ വില ആയിരം കടന്നിരിക്കുന്നു. 14.2 കി.ഗ്രാം വരുന്ന സിലിന്‍ഡറിന് ശനിയാഴ്ച അമ്പത് രൂപ കൂടി വര്‍ധിപ്പിച്ചതോടെ വില 1006.50 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഇതാദ്യമായാണ് രാജ്യത്ത് ഗാര്‍ഹിക സിലിന്‍ഡര്‍ വില നാലക്കത്തില്‍ എത്തുന്നത്. ഒന്നര മാസം മുമ്പ്- മാര്‍ച്ച് 22ന് ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയും കഴിഞ്ഞ വാരത്തില്‍ വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന് 103 രൂപയും വര്‍ധിപ്പിച്ചിരുന്നു കമ്പനികള്‍. നാല് മാസത്തിനിടെ 365 രൂപയാണ് ഈ വിഭാഗം സിലിന്‍ഡറുകള്‍ക്ക് കൂടിയത്. 19 കിലോ വാണിജ്യ സിലിന്‍ഡറിന്റെ വില ഇപ്പോള്‍ 2,253 രൂപയാണ്. പൈപ്പ് വഴി വീടുകളിലെത്തുന്ന പ്രകൃതി വാതകത്തിന്റെ വിലയും യൂനിറ്റിന് 4.25 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 2013 ഡിസംബറില്‍ യു പി എ ഭരണകാലത്ത് 414 രൂപയായിരുന്നു ഗാര്‍ഹിക സിലിന്‍ഡറിന്റെ വില. അക്കാലത്ത് പാചക വാതക സിലിന്‍ഡറുമായി തെരുവില്‍ സമരം ചെയ്യുക മാത്രമല്ല, തങ്ങള്‍ അധികാരത്തിലേറിയാല്‍ വില ഗണ്യമായി കുറക്കുമെന്ന് വാഗ്ദത്തവും നല്‍കിയിരുന്നു ബി ജെ പി. അന്ന് പറഞ്ഞതെല്ലാം വിഴുങ്ങി യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് പാചക വാതകത്തിനുള്‍പ്പെടെ ഇന്ധനങ്ങള്‍ക്കെല്ലാം കുത്തനെ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടര്‍ന്നാല്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് പറയപ്പെടുന്നത്.

സാധാരണക്കാര്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് ഗാര്‍ഹിക സിലിന്‍ഡറിന്റെ വില വര്‍ധന. നേരത്തേ ഇന്ധനാവശ്യത്തിനു വിറകായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വിറകിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നാടാകെ കാടുകള്‍ വെട്ടിത്തെളിയിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയും നഗരവത്കരണം ശക്തിപ്പെടുകയും ചെയ്തതോടെ വിറകിന്റെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തു. ഇതോടെ പാവപ്പെട്ട കുടുംബങ്ങള്‍ മിക്കതും ഇന്ധനാവശ്യത്തിന് എല്‍ പി ജി ഉപയോഗിക്കാന്‍ തുടങ്ങി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ ഉപയോഗത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഒരു വര്‍ഷം മുമ്പത്തെ റിപോര്‍ട്ടനുസരിച്ച് 27.76 കോടിയാണ് രാജ്യത്ത് ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളുടെ എണ്ണം.

നേരത്തേ ഗാര്‍ഹിക പാചക വാതകത്തിന് കേന്ദ്രം സബ്സിഡി നല്‍കിവന്നിരുന്നു. സിലിന്‍ഡര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് വില പൂര്‍ണമായും നല്‍കുകയും സബ്സിഡി അവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയുമായിരുന്നു ചെയ്തിരുന്നത്. വലിയൊരളവോളം സാധാരണക്കാര്‍ വിറകടുപ്പില്‍ നിന്ന് എല്‍ പി ജിയിലേക്ക് മാറുന്നതിന് ഇതൊരു പ്രചോദനമായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യത്തോടെ പാചക വാതക സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ജനങ്ങള്‍ക്ക് സബ്സിഡിയില്‍ താത്പര്യമില്ലെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടാണ് അതെടുത്തു കളഞ്ഞത്. പ്രതിഷേധം ഉയരാതിരിക്കാന്‍ കമ്പനികള്‍ ആസൂത്രണം ചെയ്ത ഒരു തെറ്റായ പ്രചാരണമായിരുന്നു അത്. 2021 ജനുവരിക്കു ശേഷം 250 രൂപയാണ് ഗാര്‍ഹിക സിലിന്‍ഡറിന് വര്‍ധിച്ചത്. നിലവില്‍ 958.57 രൂപയാണ് പാചക വാതകത്തിന്റെ അടിസ്ഥാന വില. കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ചേരുമ്പോഴാണ് ആയിരത്തിനു മുകളിലെത്തുന്നത്. 2014 ജനുവരിയില്‍ പാചക വാതക വില 1241 രൂപയില്‍ എത്തിയിരുന്നു. അന്ന് പക്ഷേ, 600 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കി അവരുടെ ഭാരം കുറച്ചിരുന്നു യു പി എ സര്‍ക്കാര്‍. ഇപ്പോള്‍ സര്‍ക്കാര്‍ സബ്സിഡി പാടേ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നികുതി ഒഴിവാക്കിയിരുന്നെങ്കില്‍ ഉപഭോക്താവിന് അത്രയെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചതാണ് പാചക വാതകത്തിന്റെ വില വര്‍ധനവിനു കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലേതിനേക്കാളും കുറഞ്ഞ നിരക്കിലാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. എന്നിട്ടും അന്താരാഷ്ട്ര വിപണിവില കണക്കാക്കി പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് കടുത്ത ജനദ്രോഹമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭ്യമാക്കാത്ത സര്‍ക്കാര്‍, വിലയില്‍ ചെറിയ വര്‍ധനവുണ്ടാകുമ്പോഴേക്ക് ഇന്ധനങ്ങളുടെ വില വന്‍തോതില്‍ കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലാക്കുകയാണ്. ‘ഉജ്വല’ പദ്ധതിയിലൂടെ ഒരു കോടി സൗജന്യ സിലിന്‍ഡറുകള്‍ ഈ വര്‍ഷം നല്‍കിയിട്ടുണ്ടെന്നും ഇതുണ്ടാക്കുന്ന ചെലവും വില വര്‍ധനവിന് കാരണമാണെന്നു കമ്പനികള്‍ ന്യായീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതിയായി പ്രഖ്യാപിച്ച ‘ഉജ്വല’യുടെ സാമ്പത്തിക ഭാരം ജനങ്ങളുടെ തലയില്‍ തന്നെ വെച്ചുകെട്ടുന്നത് കടുത്ത അന്യായമാണ്.

വാണിജ്യ സിലിന്‍ഡറിന് തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണ വിലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ബസ്, ഓട്ടോ ചാര്‍ജുകള്‍ കഴിഞ്ഞ ദിവസം കുത്തനെ വര്‍ധിപ്പിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് തൊഴില്‍ നഷ്ടമായവര്‍ നിരവധിയാണ്. തൊഴിലും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാര്‍, ലോട്ടറി തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, തൊഴിലുറപ്പുകാര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, സ്വകാര്യ ബസ് ജീവനക്കാര്‍ തുടങ്ങിയവര്‍ കുടുംബം പുലര്‍ത്താന്‍ പാടുപെടുകയാണ്. സര്‍വ മേഖലയിലും നികുതി വര്‍ധനവും നിരക്കു വര്‍ധനവും വരുത്തി സര്‍ക്കാര്‍ അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. കറവപ്പശുവിനു തുല്യം പണം പിഴിഞ്ഞെടുക്കാനുള്ള ഉപകരണത്തെ പോലെയാണ് ജനങ്ങളെ സര്‍ക്കാറുകള്‍ കാണുന്നത്. സാധാരണക്കാരന് താങ്ങും തണലുമാകേണ്ടവര്‍ അവരെ ഊറ്റിക്കുടിക്കുന്നു. നേരത്തേ കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളക്കെതിരായ പ്രതിഷേധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന ഇടതുപക്ഷം സംസ്ഥാനത്ത് ഭരണത്തിലേറിയതോടെ ഇന്ധന വില വര്‍ധനവില്‍ മൗനം പാലിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് നികുതിയിനത്തിലും അധിക വരുമാനമുണ്ടാകുമല്ലോ.

 

Latest