Connect with us

Prathivaram

ശീലങ്ങളുടെ ശക്തി

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.

Published

|

Last Updated

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല. നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്.

“ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്. “ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ.

പോഷക സമൃദ്ധമായ ഭക്ഷണം ശാരീരിക വളർച്ചക്ക് കാരണമാകുന്നു. എന്നാൽ ഒരാളുടെ ശരിയായ ആരോഗ്യത്തിന് കൃത്യമായ ജീവിത ശൈലി തന്നെ വേണം. ആരോഗ്യകരമായ ജീവിതശൈലിയും ശീലങ്ങളും പ്രായത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു. ഭക്ഷണത്തിലെ കൃത്യതയില്ലായ്മയും വൈകിയുള്ള ഉറക്കവും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും അകാല വാർധക്യത്തിനും കാരണമാകുന്നു.
പഠന സാമഗ്രികൾ ക്രമപ്പെടുത്തി വെക്കുക, ശയനോപകരണങ്ങൾ അടുക്കും ചിട്ടയിലും ഒതുക്കിവെക്കുക, കളി കഴിഞ്ഞാലുടൻ കളിപ്പാട്ടങ്ങൾ വൃത്തിയാക്കിവെക്കുക, ശുഭ ചിന്ത, നല്ല ബന്ധങ്ങൾ, സത്യസന്ധമായ സംസാരം, മാന്യമായ വസ്ത്രധാരണം തുടങ്ങിയവയെല്ലാം ഏതൊരാളും ചെറുപ്പം മുതൽ ശീലിക്കേണ്ട നല്ല കാര്യങ്ങളാണ്. കാരണം, ജീവിത വിജയം നേടിയവരെല്ലാം ചെറുപ്രായം മുതൽ തന്നെ അനേകം നല്ല ശീലങ്ങളുള്ളവരാണ്.
ശാരീരിക, മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ് ശീലിക്കേണ്ടത്. അല്ലാത്തവ അറിയാതെയാണ് ശീലിക്കുന്നതെങ്കിൽ പോലും അത് വരുത്തുന്ന വിനാശങ്ങളും ആരോഗ്യപ്രശ്നങ്ങളും ഗുരുതരമായിരിക്കും. ആകയാൽ ഒരു കാര്യം ശീലിക്കുന്നതിന് മുമ്പ് അതിന്റെ ഗുണവും ദോഷവും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

ശീലങ്ങളാണ് ഒരാളുടെ ഭാവി നിർണയിക്കുന്നത്. പുതു തലമുറയെ സ്വ‍പ്‍നം കാണാന്‍ പഠിപ്പിച്ച എ പി ജെ അബ്‍ദുൽ കലാമിന്റെ വാക്കുകൾ ഇങ്ങനെ: “നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍, നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും.’

തുടർച്ചയായി ചെയ്യുമ്പോഴോണ് ഒരു പ്രവൃത്തി ശീലമായി മാറുന്നത്. സദ്ശീലങ്ങൾക്ക് നിരന്തര പരിശ്രമം വേണം. നിരന്തര പ്രവർത്തനങ്ങൾ ഉപബോധ മനസ്സിനെ സ്വാധീനിക്കുന്നു. ഉപബോധ മനസ്സിനെ ഉണർത്തിയെടുത്താൽ അത്ഭുതങ്ങൾ പലതും സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് മൈന്‍ഡ് പവർ തിയറി വ്യക്തമാക്കുന്നത്. ദീർഘകാലം ഒരിടത്ത് താമസിച്ച ഒരാൾ ഇടക്ക് താമസം മറ്റൊരിടത്തേക്ക് മാറ്റിയാൽ അറിയാതെ ആദ്യ സ്ഥലത്തേക്ക് തന്നെ എത്തിപ്പെടുന്ന സംഭവങ്ങൾ സർവസാധാരണമാണ്. ഇത് ഉപബോധ മനസ്സിന്റെ പ്രവർത്തന ഫലമായാണുണ്ടാകുന്നത്.
തെറ്റ് ശീലിക്കാൻ എളുപ്പമാണ്. എന്നാൽ തെറ്റായ ശീലം ഉപേക്ഷിക്കാൻ വലിയ പ്രയാസമാണ് താനും. ദുശ്ശീലങ്ങൾ തനിയെ വളരും. കള വളരുന്നതുപോലെ വിള വളരില്ലല്ലോ. നല്ല സ്നേഹവും ആദരവും വ്യക്തിത്വവുമുള്ള വ്യക്തിയാണെങ്കിൽ പോലും മദ്യപാനം, ലഹരി, ലൈംഗികത തുടങ്ങിയ തിന്മകളുടെ ഉപാസകനായി മാറിയാൽ അത് ഒഴിവാക്കാൻ ബോധ മനസ്സിൽ പലതവണ പ്രതിജ്ഞയെടുത്താലും ഉപബോധ മനസ്സിന്റെ ദുഃസ്വാധീനം അവനെ അറിയാതെ അതിൽ ചെന്ന് വീഴ്ത്തുന്നത് സർവസാധാരണമാണ്.

ശീലങ്ങളെ വളർത്തിയെടുക്കുന്നതിൽ സഹവാസങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. മോശമായ ശീലങ്ങളെ പോലെ തന്നെ നല്ല ശീലങ്ങളും സാംക്രമികമാണ്‌. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ നഷ്ടപ്പെടുത്തുന്നതു പോലെതന്നെ നല്ല വ്യക്തികളുമായുള്ള സഹവാസം അവരുടെ നല്ല ശീലങ്ങൾ പകർത്തിയെടുക്കാൻ അവസരങ്ങളുണ്ടാക്കുന്നു. നല്ല ശീലക്കാരുടെ കൂടെ ജീവിക്കുമ്പോള്‍ പോസിറ്റീവ്‌ എനര്‍ജിയും ദുഷ് ചങ്ങാത്തം നെഗറ്റീവ്‌ എനര്‍ജിയും നൽകുന്നു. ഒരാളിൽ രൂഢമൂലമായ സ്വഭാവം അറിഞ്ഞോ അറിയാതെയോ അയാളിൽ നിന്ന് പ്രകടമായിക്കൊണ്ടേയിരിക്കും. അറബി കാവ്യസാഹിത്യത്തിലെ അത്യുജ്ജ്വല താരമായ സുഹൈര്‍ ബിന്‍ അബീ സുല്‍മയുടെ വരികളിൽ ഇങ്ങനെ കാണാം: ഒരാളിലൊളിഞ്ഞിരിപ്പുള്ളൊരു സ്വഭാവം, ജനങ്ങളിൽ നിന്നതിനെ ഗോപ്യമാക്കാൻ അവൻ എത്ര ശ്രമിച്ചാലും അത് വെളിപ്പെടുക തന്നെ ചെയ്യും. (മുഅല്ലഖ)

മാറ്റങ്ങൾ ആരംഭിക്കേണ്ടത് സ്വന്തത്തിൽ നിന്നാണ്. വ്യക്തികളുടെ മാറ്റങ്ങളാണ് സാമൂഹിക പരിവർത്തനമായി മാറുന്നത്. ഉൾപ്രേരണയാലുണ്ടാകുന്ന മാറ്റങ്ങളേ ശാശ്വതമാകുകയുള്ളൂ. അല്ലാഹു പറയുന്നു: സ്വയം മാറ്റത്തിന് സന്നദ്ധരാകാത്തോളം കാലം അല്ലാഹു ഒരു ജനതയുടെയും അവസ്ഥയിൽ പരിവർത്തനമുണ്ടാക്കുകയില്ല. (അൽ റഅദ് : 11)

തിന്മയോടുള്ള മനുഷ്യന്റെ ആസക്തിയും ദുശ്ശീലങ്ങളുമകറ്റാൻ കൃത്യമായ പരിചരണവും നിയന്ത്രണവും വേണം. പല വിധത്തിലുള്ള ദുശ്ശീലങ്ങള്‍ മനുഷ്യനെ പിടികൂടാറുണ്ട്. അത്തരം ദുശ്ശീലങ്ങള്‍ അവസാനിപ്പിക്കണമെന്ന് പലപ്പോഴും ആലോചിക്കുമെങ്കിലും അത്രയെളുപ്പം അത് സാധിക്കാറില്ല. പ്രവാചകസ്‌നേഹ പ്രകീർത്തനത്തിൽ വിശ്വ പ്രശസ്തി നേടിയ ഇമാം ബൂസ്വൂരി(റ) മനുഷ്യന്റെ ശാരീരികാസക്തി നിയന്ത്രിക്കുന്നതിനെ ഉപമിച്ചത് എത്ര മനോഹരം. “ശരീരം ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ്. മുല കുടിപ്രായത്തിൽ ആ കുഞ്ഞിനെ അതിന്റെ ഇംഗിതത്തിനൊത്ത് വിട്ടാൽ മുലകുടിയോടുള്ള ആർത്തിയാൽ അവൻ വളർന്ന് വലുതാകും. എന്നാൽ മുലയൂട്ടുന്നത് നിശ്ചിത സമയത്ത് നിർത്തിയാൽ അവൻ സ്വയം മുലകുടി നിർത്തുകയും ചെയ്യും. അതുപോലെ ശരീരത്തെ അതിന്റെ ആഗ്രഹത്തിന് വിട്ടാൽ തിന്മയിൽ മുഴുകും. നിയന്ത്രണം വരുത്തിയാൽ നിയന്ത്രണ വിധേയമാകുകയും ചെയ്യും. (ഖസീദതുൽ ബുർദ)

Latest