Editorial
മുസ്‌ലിം വിരുദ്ധതയുടെ രാഷ്ട്രീയ വിപണികൾ
അധമരും വെറുക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് മുസ്‌ലിംകളെ ഒറ്റപ്പെടുത്തുകയും സാമ്പത്തികമായി തകർക്കുകയും കൂടുതൽ അപരവത്കരിക്കുകയുമാണ് വിദ്വേഷ, വർഗീയ പ്രചാരണങ്ങളിലൂടെ സംഘ്പരിവാർ സംഘടനകളുടെ ലക്ഷ്യം.
പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണ് ഇന്ത്യയിൽ മുസ്‌ലിംവിരുദ്ധത. പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല, ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കൽ, മദ്റസകൾ അടച്ചുപൂട്ടൽ, വ്യാജ അവകാശവാദം ഉന്നയിച്ച് മസ്ജിദ് കൈയേറ്റം, മുസ്്ലിംകൾക്ക് ലോഡ്ജുകളിൽ വിലക്ക്, വർഗീയ വിദ്വേഷ പരാമർശങ്ങൾ എന്നിങ്ങനെ നീളുന്നു രാജ്യത്തെ മുസ്‌ലിംവിരുദ്ധത. കുംഭമേളയിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. ജനുവരി 13ന് പ്രയാഗ്്രാജിൽ ആരംഭിക്കുകയും ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുകയും ചെയ്യുന്ന കുംഭമേള കടന്നുപോകുന്ന സ്ഥലങ്ങളിലൊന്നും മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്നാണ് ഹിന്ദുത്വ തീവ്രവാദി സംഘടനയായ അഖില ഭാരതീയ അഖാര പരിഷത്തിന്റെ പ്രഖ്യാപനം. ഹിന്ദു, സിഖ്, ജൈന, ബുദ്ധ മതസ്ഥരെ മാത്രമേ വ്യാപാരം നടത്താൻ അനുവദിക്കുകയുള്ളൂവെന്നാണ് അഖാര പരിഷത്ത് അധ്യക്ഷൻ മഹന്ദ് രവീന്ദ്രപുരി പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തേ കർണാടകയിലും സമാനമായ വർഗീയ നീക്കം നടന്നിട്ടുണ്ട്. 2022 മാർച്ചിൽ കർണാടക ഉടുപ്പിയിലെ ഹൊസ മാർഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്‌ലിംകളെ കച്ചവടം ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന വിദ്വേഷ പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ ഫാസിസ്റ്റ് സംഘടനകളാണ് അന്ന് വിലക്ക് പ്രഖ്യാപിച്ചത്. അതേത്തുടർന്ന് ക്ഷേത്ര കമ്മിറ്റി സ്റ്റാളുകൾ ലേലത്തിൽ നൽകിയത് ഹിന്ദു കച്ചവടക്കാർക്ക് മാത്രമായിരുന്നു. 2023 ഡിസംബറിൽ മംഗളൂരു നഗരത്തിലെ കടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിലും മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാറിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. കർണാടകയിൽ ക്ഷേത്രോത്സവങ്ങളും ഹൈന്ദവ ആഘോഷങ്ങളും നടക്കുന്നയിടങ്ങളിൽ വ്യാപാരികളുടെ മതം തിരക്കാൻ ക്രിമിനൽ സ്വഭാവമുള്ള സംഘ്പരിവാർ പ്രവർത്തകർ രംഗത്തിറ
ങ്ങിയിരുന്നു.
ഫാസിസ്റ്റ് സംഘടനകളുടെ ഈ നീക്കത്തിനെതിരെ ബി ജെ പി നേതാവും അന്നത്തെ ബി ജെ പി നിയമസഭാംഗവുമായ എ എച്ച് വിശ്വനാഥ് തന്നെ രംഗത്തുവന്നു. വ്യാപാരമേഖലയിൽ വർഗീയതയും മതപരമായ ചേരിതിരിവും സൃഷ്ടിക്കുന്നത് തനി ഭ്രാന്താണെന്നും ഒരു മതവും ദൈവവും ഇതംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നു. മുസ്‌ലിം രാഷ്ട്രങ്ങളിൽ എത്രയോ ഇന്ത്യക്കാരുണ്ട്. ഈ രാജ്യങ്ങളൊക്കെ ഇന്ത്യക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചാൽ എന്താകും സ്ഥിതി? വിഭജനാനന്തരം പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചവരാണ് നിലവിൽ രാജ്യത്തുള്ള മുസ്‌ലിംകൾ. അവരൊക്കെയും ഇന്ത്യക്കാരാണ്. എന്തടിസ്ഥാനത്തിലാണ് ചിലർ മുസ്്ലിം വ്യാപാരികളെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തീർത്തും ഖേദകരമാണ് ഈ നീക്കം’ എ എച്ച് വിശ്വനാഥ് തുടർന്നു.
ഹിന്ദുത്വരുടെ വർഗീയ-വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമാണ് രാജ്യത്ത് മുസ്‌ലിംവിരുദ്ധത ശക്തിപ്പെടാൻ കാരണം. സമീപകാലത്ത് വർഗീയ പ്രസംഗങ്ങളും പ്രചാരണങ്ങളും വൻതോതിൽ വർധിച്ചിട്ടുണ്ട് രാജ്യത്ത്. ഇതിൽ ബഹുഭൂരിപക്ഷവും മുസ്‌ലിംകൾക്കും ഇസ്്ലാമിനുമെതിരെയാണെന്ന് ഇന്ത്യ ഹേറ്റ് ലാബ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2023ൽ 668 മുസ്‌ലിംവിരുദ്ധ പ്രസംഗങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടു. പ്രതിദിനം ശരാശരി രണ്ട് വീതം. ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്ന് റിപോർട്ട് വെളിപ്പെടുത്തുന്നു. ലോകമെമ്പാടും ട്വിറ്ററിലൂടെ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെ കണ്ടന്റുകളും ഇന്ത്യയിൽ നിന്നാണെന്ന് ആസ്ത്രേലിയയിലെ വിക്ടോറിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയ നടത്തിയ പഠനത്തിൽ കണ്ടെത്തി. 2017നും 2019നുമിടിയിൽ ഏകദേശം നാൽപത് ലക്ഷം മുസ്‌ലിംവിരുദ്ധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും പഠനത്തിൽ വ്യക്തമായി. വിഖ്യാത ചിന്തകനും പണ്ഡിതനുമായ നോം ചോസ്‌കി ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയിൽ ഇസ്്ലാം വിരുദ്ധത ഏറ്റവും മാരകരൂപം പ്രാപിച്ചുകൊണ്ടിരിക്കയാണ്.
അധമരും വെറുക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് മുസ്‌ലിംകളെ ഒറ്റപ്പെടുത്തുകയും സാമ്പത്തികമായി തകർക്കുകയും കൂടുതൽ അപരവത്കരിക്കുകയുമാണ് വിദ്വേഷ, വർഗീയ പ്രചാരണങ്ങളിലൂടെ സംഘ്പരിവാർ സംഘടനകളുടെ ലക്ഷ്യം. ക്രിയാത്മകവും ജനനന്മക്ക് സഹായകവുമായ പദ്ധതികളോ നയപരിപാടികളോ ഇല്ല സമൂഹത്തിന്റെ മുമ്പിൽ വെക്കാൻ അവർക്ക്. മുസ്‌ലിം-ഇസ്്ലാമിക വിരുദ്ധതയാണ് അവർക്ക് ഊർജം പകരുന്നത്.
വിവിധ കാലങ്ങളിൽ രാജ്യത്ത് അധികാരത്തിലുണ്ടായിരുന്ന മുസ്‌ലിം ഭരണാധികാരികൾക്കെതിരായ വ്യാജ പ്രചാരണമുൾപ്പെടെ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് രാഷ്ട്രീയ അടിത്തറ ബലപ്പെടുത്തുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. മുസ്‌ലിംവിരുദ്ധത മുൻനിർത്തിയുള്ള വർഗീയ പ്രചാരണങ്ങളിലൂടെ ജനാധിപത്യ-മതേതരത്വ വ്യവസ്ഥയെ തന്നെ തകിടം മറിക്കുകയാണവർ. ഇന്ത്യയിൽ മുസ്‌ലിംകൾ അധികാരം പിടിച്ചെടുക്കാൻ “ജനസംഖ്യാ ജിഹാദ്’ നടത്തുകയാണെന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണം പോലും ഉന്നയിക്കുന്നുണ്ട് സംഘ്പരിവാർ. ലക്ഷ്യം ഇതര മതസ്ഥരിൽ ഇസ്്ലാം ഭീതി
വളർത്തുക തന്നെ.
രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും മാധ്യമങ്ങളും ഇതൊന്നും തിരിച്ചറിയുന്നില്ല. അഥവാ അറിയാത്ത ഭാവം നടിക്കുന്നുവെന്നതാണ് ഏറെ വേദനാജനകം. ഹിന്ദുത്വ ഫാസിസത്തിന്റെ ഇത്തരം നീക്കങ്ങൾ രാഷ്ട്രമൂല്യങ്ങൾക്ക് കടകവിരുദ്ധവും സാമൂഹിക ഐക്യത്തിന് ഹാനികരവുമാണെന്ന് തുറന്നുപറയാനുള്ള ആർജവം മതേതര പാർട്ടി നേതൃത്വങ്ങൾ കാണിക്കുന്നില്ല. പകരം മതേതരത്വം വെടിഞ്ഞ് മൃദു ഹിന്ദുത്വത്തിലേക്ക് വഴുതിക്കൊണ്ടിരിക്കയാണ് അവർ.