Connect with us

Kerala

പോലീസ് ചമഞ്ഞ് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍

പോലീസുകാരന്‍ എന്ന് പറഞ്ഞ് സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തിയശേഷം, പോക്കറ്റില്‍ നിന്നും 5,000 രൂപയും വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വര്‍ണ കമ്മലുമാണ് കവര്‍ന്നത്.

Published

|

Last Updated

തിരുവല്ല | പോലീസ് ചമഞ്ഞ് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ പി ബി (36) ആണ് കവര്‍ച്ച നടത്തിയത്. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടില്‍ വിജയനാണ് കവര്‍ച്ചയ്ക്കിരയായത്. പോലീസുകാരന്‍ എന്ന് പറഞ്ഞ് സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തിയശേഷം, പോക്കറ്റില്‍ നിന്നും 5,000 രൂപയും വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വര്‍ണ കമ്മലുമാണ് കവര്‍ന്നത്. ഞായര്‍ രാവിലെ 10.30ന് വളഞ്ഞവട്ടം ബീവറേജിന് സമീപം അച്ഛന്‍പടി റോഡിലാണ് സംഭവം.

വിജയന്റെ മൊഴി പ്രകാരം കേസെടുത്ത പോലീസ്, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും ഇരുമല്ലിക്കരയില്‍ നിന്നും പ്രതിയെ കുടുക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല എസ് സി എസ് ജംഗ്ഷനിലുള്ള സ്ഥാപനത്തില്‍ സ്വര്‍ണകമ്മല്‍ വിറ്റ് 2,100 രൂപ വാങ്ങിയതായും കവര്‍ന്നെടുത്ത 5,000 രൂപ പേഴ്‌സില്‍ ഉണ്ടെന്നും സമാന രീതിയില്‍ മുമ്പും കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.

പണം പേഴ്‌സില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കമ്മല്‍ വിറ്റ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയപ്പോള്‍, അത് ഉരുക്കിയതായി വ്യക്തമായി. അതും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ ഡി ബിജുവിനൊപ്പം എസ് ഐ കവിരാജന്‍, എ എസ് ഐ പ്രകാശ്, പ്രസാദ്, എസ് സി പി ഓമാരായ പ്യാരിലാല്‍, അഖിലേഷ്, പ്രദീപ്, സി പി ഓ രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.