tiger
പത്തനംതിട്ട വടശേരിക്കരയിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ; ആടിനെ പിടിച്ചെന്ന് പരാതി
കടുവയെ നേരില്‍ കണ്ടുവെന്നും ആടിന്റെ ഉടമ വനപാലകരെ അറിയിച്ചു.

പത്തനംതിട്ട | വടശേരിക്കര ബൗണ്ടറി ഭാഗത്ത് ആടിനെ കടുവ പിടിച്ചെന്ന് നാട്ടുകാരുടെ പരാതി. ഇന്നലെ വൈകിട്ടാണ് കടുവ ആടിനെ പിടിച്ചതെന്നും കടുവയെ നേരില്‍ കണ്ടുവെന്നും ആടിന്റെ ഉടമ വനപാലകരെ അറിയിച്ചു. മൂന്ന് ആടുകളെയാണ് കാണാതായത്.
ഇതിനെ തുടര്‍ന്ന് രാത്രി വൈകീയും വടശേരിക്കര റേഞ്ച് ഓഫിസര്‍ രതീഷ്‌കുമാര്‍ കെ വിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് നിരീക്ഷിച്ചു. ഇന്നും തിരച്ചില്‍ തുടരും. മാസങ്ങള്‍ക്ക് മുമ്പ് തണ്ണിത്തോട്ടില്‍ ഒരാളെ കൊലപ്പെടുത്തിയ കടുവയെ ബൗണ്ടറിക്ക് സമീപമുള്ള അരീക്കകാവില്‍ അവശനിലയില്‍ കാണുകയും തുടര്‍ന്ന് ചാവുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ പെരുനാട്ടില്‍ കണ്ട കടുവക്കായുളള തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു. ഇതോടെ വടശേരിക്കര, പെരുനാട്, ചിറ്റാര്‍ വില്ലേജുകളില്‍ നാട്ടുകാര്‍ ഭീതിയിലാണ്.