Connect with us

interview

കഥാകാരന് മുകളിലെ കാക്കി

Published

|

Last Updated

? ഒന്നൊന്നര കഥ എന്നൊക്കെ നാം പൊതുവേ പറയാറുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട ആഴ്ചപ്പതിപ്പുകളിൽ പടക്കം പോലുള്ള നാലഞ്ച് കഥകൾ മാത്രമെഴുതി വായനക്കാരെ അമ്പരപ്പിക്കുകയും അവരുടെ ഹൃദയത്തിൽ പെട്ടെന്ന് സ്ഥാനം പിടിക്കുകയും ചെയ്ത എഴുത്തുകാരനാണ് എൻ ഹരി. ഒരു പക്ഷേ ഭാഷയിൽ മറ്റൊരെഴുത്തുകാരനും കിട്ടാത്ത സൗഭാഗ്യമാകുമോ ഇത്?

വളരെ സന്തോഷമുണ്ടാക്കുന്ന ഒരു ചോദ്യമാണിത്. ധാരാളമായി എഴുതിയിട്ടുള്ള ഒരാളല്ല ഞാൻ. എന്റേതായി അഞ്ച് കഥകളാണ് അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിൽ, 2020 ഡിസംബറിൽ സമകാലിക മലയാളത്തിൽ വന്ന “പാശി’ എന്ന കഥയാണ് ആദ്യത്തേത്. തുടർന്ന്, മാധ്യമത്തിൽ ഝാൻസി റാണിയുടെ കുതിരകൾ, ദേശാഭിമാനിയിൽ അപസർപ്പകൻ, താരയുദ്ധം, പ്രസാധകനിൽ ശുചീന്ദ്രം കൈമുക്ക് എന്നീ കഥകൾ വന്നു. 2021 ഡിസംബറിലാണ് ദേശാഭിമാനിയിൽ താര യുദ്ധം പ്രസിദ്ധീകരിച്ചത്. അതായത് ഒരു വർഷക്കാലത്തിനുള്ളിൽ അഞ്ച് കഥകൾ. ശരിക്കും പറഞ്ഞാൽ ഈ അഞ്ച് കഥകൾ ഞാൻ 2017 മുതൽ 2020 വരെയുള്ള കാലത്തായി എഴുതി സൂക്ഷിച്ചിരുന്നതാണ്. ചില പ്രിയപ്പെട്ട സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി പാശി സമകാലിക മലയാളത്തിന് അയച്ചുകൊടുത്തതും അത് സ്വീകരിക്കപ്പെട്ടതുമാണ് മറ്റു കഥകൾ അയച്ചു കൊടുക്കുന്നതിനും പ്രസിദ്ധീകരിക്കപ്പെടുന്നതിനും ഇടയാക്കിയത്. എല്ലാ കഥകളും പ്രസിദ്ധീകരിച്ചുവന്നപ്പോൾ സോഷ്യൽ മീഡിയകളിലും മറ്റും ആ കഥകളെക്കുറിച്ച് ധാരാളം ആൾക്കാർ എഴുതുകയും ചർച്ച ചെയ്യുകയും ചെയ്തു. അവരിൽ ബഹുഭൂരിപക്ഷവും എന്റെ പരിചയക്കാർ ആയിരുന്നില്ലെന്നത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്.

? നട്ടുച്ചയിൽ കാർമേഘം നീങ്ങി കാണുന്ന സൂര്യനല്ല എൻ ഹരി എന്ന എഴുത്തുകാരൻ. താങ്കളിലെ ഉദയസൂര്യനെ ചിലർക്കെങ്കിലും അറിയാം. തൊണ്ണൂറുകളിൽ ധാരാളമായി കഥകളെഴുതിയിരുന്ന താങ്കളെ പിന്നീടെവിടെയും കേട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നോ? എന്തായിരുന്നു നിശ്ശബ്ദതക്ക് കാരണം ?
തൊണ്ണൂറുകൾ എന്റെ കോളജ് വിദ്യാഭ്യാസത്തിന്റെ കാലമായിരുന്നു. ഒപ്പം ഗംഭീരമായ വായനയുടെയും എഴുത്തിന്റെയും കാലംകൂടിയായിരുന്നു അത്. അന്ന് ധാരാളമായി എഴുതണമെന്ന മോഹം കൊണ്ട് ആഴ്ചയിൽ ഒരു കഥയെങ്കിലും എഴുതുമായിരുന്നു. ചിലതൊക്കെ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കും. ഏറെയും പോകുന്നതിനേക്കാൾ വേഗത്തിൽ തിരിച്ചു വരും. ചില കഥകൾ കുങ്കുമത്തിലും ജനയുഗത്തിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാല പംക്തിയിലും പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ എഴുത്തിന്റെ മറ്റൊരു പ്രധാന തട്ടകം എൻെറ നാട്ടിൽനിന്നും പ്രസിദ്ധീകരിക്കുന്ന “ഉൺമ’യായിരുന്നു. അതിൽ അക്കാലത്ത് സ്ഥിരമായി എഴുതിയിരുന്ന പുതിയ എഴുത്തുകാരുടെ പേരുകളൊക്കെ ഇപ്പോഴും നല്ല ഓർമയുണ്ട്. അതിൽ ഒരാളാണ് സജിത്തും. ഏതാണ്ട് കാൽനൂറ്റാണ്ടിനുശേഷം അന്നത്തെ എന്റെ ചില എഴുത്തുകളുടെ ഫോട്ടോകൾ എടുത്തു കഥാകൃത്ത് നിധീഷ്. ജി മുഖേന സജിത്ത് എനിക്ക് അയച്ചുതന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. നിരന്തരം ഓർമപ്പെടുത്താൻ ഇന്നത്തെ പോലെ സോഷ്യൽ മീഡിയകൾ ഒന്നുമില്ലാതിരുന്ന കാലത്തുനിന്നുമാണ് ആ ഓർമപ്പെടുത്തൽ ഉണ്ടാകുന്നതെന്നതാണ് വലിയ അതിശയം. പക്ഷേ, അക്കാലത്തെ ആ എഴുത്ത് സ്വപ്നത്തെ മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് വന്ന പാരലൽ കോളജിലെ അധ്യാപനകാലവും പോലീസ് ജീവിതവും എല്ലാംകൂടി എന്നിലെ എഴുത്തിനെ വിസ്മൃതിയിലാക്കിയിരുന്നു. അത് ഒരിക്കലും തിരിച്ചു വരുമെന്നും കരുതിയതല്ല. പക്ഷേ, 2015 ൽ പോലീസ് ജീവിതത്തിലുണ്ടായ, മനസ്സിനെ വല്ലാതെ നീറ്റിയ, ഒരനുഭവത്തെ “പേറ്റുപുര’ എന്ന പേരിൽ കഥയാക്കി അയച്ചത് ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചു വന്നതോടെ, കാലങ്ങൾക്കുശേഷം, എഴുത്തെന്ന കണ്ടുമറന്ന സ്വപ്നം വീണ്ടും കാണാൻ ഇടയായി. എന്നാൽ, കടലാസിൽ പകർത്താറില്ലായിരുന്നങ്കിലും ഒന്നും എഴുതാതെ നടന്ന ആ നീണ്ട വർഷങ്ങളിലും ഞാൻ ധാരാളം കഥകൾ മനസ്സിൽ എഴുതാറുണ്ടായിരുന്നു.

? ബാല്യകാല സ്മരണകൾ എന്തൊക്കെയാണ്? അക്കാലത്ത് വീട്ടിൽ വായിച്ചിരുന്നവർ ആരൊക്കെയാണ്?
താങ്കൾ ഒരെഴുത്തുകാരനാകണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ ? എങ്കിൽ ആദ്യം എഴുതിയ കഥയുടെ രചനാ വിശേഷങ്ങളും കൂടി പറയൂ….
എൺപതുകളിലെ ബാല്യത്തെയും തൊണ്ണൂറുകളിലെ കൗമാരത്തെയും കുറിച്ച് ചിന്തിക്കുമ്പോൾ തൊട്ടുപിന്നാലെ വന്നവർക്ക് ലഭിച്ചതിലും വലിയ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിഞ്ഞല്ലോ എന്ന ചിന്തയാണ് സുഖം തരുന്നത്. തൊണ്ണൂറുകളിലെ സാമ്പത്തിക പരിഷ്കാര ഫലമായി രണ്ടായിരത്തോടുകൂടി നാടാകെ പെട്ടെന്ന് ചെറുപ്പം വിട്ടെഴുന്നേറ്റ് നടക്കാൻ തുടങ്ങിയിരുന്നല്ലോ? അതോടെ വീടിനു പുറത്തു പോകുന്ന കുട്ടികളെക്കുറിച്ച് രക്ഷാകർത്താക്കൾ പണ്ടത്തേക്കാൾ വലിയ ടെൻഷൻ അനുഭവിക്കാൻ തുടങ്ങിയെന്നു തോന്നുന്നു. തീർച്ചയായും അത്ര ടെൻഷനില്ലാത്ത രക്ഷാകർത്താക്കൾ ആയതുകൊണ്ടുതന്നെ സ്വതന്ത്രരായി കൂട്ടുകാരുമൊന്നിച്ച് തോന്നുംപടി നടന്ന ആ കാലത്തെക്കുറിച്ച് ഒരുപാട് മധുരസ്മരണകളുണ്ട്. എന്നാൽ, എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ആരെങ്കിലും പുസ്തകങ്ങൾ വായിക്കുകയോ എന്നെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല. കുറഞ്ഞത് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം വരെ പാഠപുസ്തകങ്ങൾപോലും നേരാംവണ്ണം വായിച്ചു തീർത്ത ഒരു ഓർമ എനിക്കില്ല. എന്നാൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിന്ന കാലത്ത് ഒരു ദിവസം എന്റെ വീടിന് സമീപത്തുള്ള നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ വായനശാലയിലേക്ക് ഒരു സുഹൃത്ത് അവന് കൂട്ടായി എന്നെ വിളിച്ചു കൊണ്ടുപോയതാണ് വഴിത്തിരിവായത്. ആ ലൈബ്രറി അന്ന് ആലപ്പുഴ ജില്ലയിലെ തന്നെ മികച്ച ലൈബ്രറികളിൽ ഒന്നായിരുന്നു. അന്ന് അവിടെ അംഗത്വമെടുത്ത് രണ്ട് പുസ്തകങ്ങളുമായി മടങ്ങിയ ഞാൻ പിന്നീട് ലൈബ്രറിയിലെ നിത്യസന്ദർശകനായി മാറി. പിന്നീടുണ്ടായ എന്റെ ഏഴെട്ട് വർഷങ്ങളിലെ പഠനകാലമാകെ ലൈബ്രറികളിലെ പുസ്തകവായനക്കാലമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എം ടിയുടെ കഥകൾ തുടർച്ചയായി വായിക്കുമ്പോഴാണ് ആദ്യമായി എന്തെങ്കിലും എഴുതണം എന്ന തോന്നൽ ഉണ്ടാകുന്നത്. എം ടിയുടെ കഥകളിലെ അപ്പു എന്ന കഥാപാത്രത്തെ അനുകരിച്ച് ഒരു അപ്പുവിനെ സൃഷ്ടിച്ചാണ് ഞാൻ ആദ്യത്തെ കഥ എഴുതിയത്.

? എൻ ഹരി എന്ന എഴുത്തുകാരൻ ഹരി എന്ന പോലീസുകാരനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? കാക്കിക്കുള്ളിലെ കഥാഹൃദയം എഴുത്തിൽ, ഇന്ത്യയിൽ എത്രമാത്രം സുരക്ഷിതമാണ്?
കാക്കിക്കുള്ളിലെ കഥാകാരൻ എന്നതിനേക്കാൾ ശരിയാകുന്നത് കഥാകാരന് മുകളിലെ കാക്കി എന്ന് പറയുന്നതാണെന്ന് തോന്നുന്നു. കഥയാണല്ലോ ആദ്യം വന്നത്. കാക്കി ഊരുമ്പോഴും കഥാകാരൻ അവശേഷിക്കണം. അടിസ്ഥാനപരമായി ഞാൻ കഥ പറയാൻ ആഗ്രഹിക്കുന്ന ആളാണ്. മറ്റൊരു പ്രധാന കാര്യം കാക്കി തരുന്ന ജീവിതാനുഭവങ്ങളാണ്. വൈവിധ്യമാർന്ന ജീവിതങ്ങളെ, അവരുടെ പ്രശ്നങ്ങളെ ഇത്രത്തോളം ദിനംപ്രതി കണ്ടുമുട്ടുന്ന ഒരു വിഭാഗം വേറെ കാണില്ലെന്നു തന്നെ പറയാം. അതൊക്കെ ഒരുപക്ഷേ എഴുത്തിൽ സഹായിച്ചേക്കുമെന്ന് ഞാൻ കരുതുന്നു. പിന്നെ, ക്ലിപ്തതയില്ലാത്ത ജോലി സമയം എഴുത്തിന്റെ സമയങ്ങളെ വല്ലാതെ പിശിക്കിക്കളയുന്നു എന്നതാണ് ഒരു പ്രശ്നം. കാക്കിക്കുള്ളിലെ കഥാഹൃദയം എഴുത്തിൽ / ഇന്ത്യയിൽ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ജനാധിപത്യം എന്ന മഹത്തായ ഭരണക്രമമുള്ള സ്റ്റേറ്റിലെ പോലീസിന്റെ ഭാഗമാണെന്നുള്ളതുതന്നെയാണ് വലിയ ആശ്വാസം. കഥാകാരൻ എന്ന നിലയിൽ നമുക്ക് പല കാര്യങ്ങളെക്കുറിച്ചും പ്രതിഷേധങ്ങളും ദുഃഖങ്ങളുമൊക്കെ ഉണ്ടാകാം. വലിയ അച്ചടക്കം പാലിക്കേണ്ടയാൾ എന്ന നിലയിൽ ചിലപ്പോൾ അത് പ്രകടിപ്പിക്കാൻ കഴിഞ്ഞെന്നു വരികയുമില്ല. അവിടെയാണ് കലയുടെ മഹത്വം കടന്നുവരുന്നത്. ചിന്തക്കും ചേഷ്ടക്കും മധ്യേ ഒന്നിനെ തിരഞ്ഞെടുക്കേണ്ട സമയം സമാഗതമാകുമ്പോൾ മനുഷ്യനാകാനേ നമുക്ക് കഴിയൂ എന്ന അൽബേർ കാമുവിന്റെ വാചകം ഞാൻ മിക്കപ്പോഴും ഓർക്കാറുണ്ടെന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

എൻ ഹരി /
സജിത് കെ കൊടക്കാട്ട്
sajithkkodakkatt@gmail.com

Latest