Connect with us

book review

അതിജീവനത്തിന്റെ അകംപൊരുളുകൾ

യഥാർഥത്തിൽ വലിയ മനക്കരുത്തിന്റെയും ആത്മധൈര്യത്തിന്റെയും പ്രതിബിംബമാണ് നുജൂദ്. നുജൂദിന്റെ തുറന്നു പറച്ചിലുകളും നിയമ പോരാട്ടങ്ങളും ഇതുപോലെ ജീവിതം ഹോമിക്കപ്പെട്ടവർക്ക് വലിയ രീതിയിലുള്ള ധൈര്യം പകർന്നു നൽകുമെന്നത് തീർച്ചയാണ്.

Published

|

Last Updated

വളരെ അവിചാരിതമായിട്ടാണ് “ഞാൻ നുജൂദ് വയസ്സ് 10 വിവാഹ മോചിത ‘ എന്ന പുസ്തകം കൈയിലെത്തുന്നത്. രമാ മേനോൻ വിവർത്തനം ചെയ്ത് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച 145 പേജുള്ള നൂറ് രൂപയുടെ ഒരു പുസ്തകമാണിത്.
വളരെ ചെറു പ്രായത്തിൽ വിവാഹിതയാവുകയും പത്താം വയസ്സിൽ വിവാഹ മോചിതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളൊക്കെയും വളരെ കൃത്യമായിട്ട് തന്നെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

നന്നായി പഠിച്ച് സമൂഹത്തിൽ നല്ല നിലയിൽ എത്തണമെന്ന് ചെറിയ പ്രായത്തിൽ തന്നെ ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നവളാണ് നുജൂദ്. എന്നാൽ കുടുംബത്തിന്റെ ദാരിദ്ര്യ പാശ്ചാത്തലം ചെറിയ പ്രായത്തിലേ നുജൂദിന്റെയും അവളുടെ സഹോദരിയുടെയും വിവാഹത്തിലേക്ക് വഴി വെക്കുന്നതാണ് അവളുടെ ജീവിതത്തെ തകിടം മറിക്കുന്നത്.

മുമ്പൊരിക്കലും ഉമ്മയേയോ ഉപ്പയേയോ വിട്ട് മറ്റൊരിടത്തേക്കും പോയിട്ടില്ലാത്ത നുജൂദ് കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ഖാർഡ്ജിയിലേക്ക് പോകുമ്പോൾ അവളുടെ മാനസികാവസ്ഥ വായനക്കാരിലും മനോവിഷമം നിറയ്ക്കുന്നുണ്ട്. ഭർതൃ വീട്ടിൽ അവർക്ക് നേരിടേണ്ടി വന്ന പീഡനങ്ങളും അക്രമങ്ങളും ഭീകരവും അതിഭയാനകവുമായിരുന്നു.

കല്യാണ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും ആദ്യമായി സ്വന്തം വീട്ടിൽ തിരിച്ചെത്തി തന്റെ വിഷമങ്ങളും പ്രയാസങ്ങളും വീട്ടുകാരോട് പറഞ്ഞ ശേഷവും ഇത് കുടുംബക്കാർ അറിഞ്ഞാൽ നമ്മുടെ അഭിമാനം നഷ്ടപ്പെടും എന്ന് പറഞ്ഞ് സ്വന്തം മകളെ പിന്നെയും ക്രൂരനായ ഭർത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ വായനക്കാരിൽ വല്ലാത്തൊരു അമർഷവും പ്രതിഷേധവും സൃഷ്ടിക്കുന്നുണ്ട്.

ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ അവൾ പല വാതിലുകളിലും മുട്ടുന്നുണ്ടെങ്കിലും ഒന്നും തുറക്കപ്പെടുന്നില്ല. അവസാനം അവൾ സ്വന്തം ഉപ്പയുടെ രണ്ടാമത്തെ ഭാര്യയിൽ നിന്നാണ് കോടതിക്ക് തന്നെ രക്ഷിക്കാൻ പറ്റുമെന്നും അവിടെ എത്തിയാൽ തനിക്ക് വിവാഹ മോചനം കിട്ടുമെന്നൊക്കെ അറിയുന്നത്.
അങ്ങനെ ഒരു ദിവസം കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയാണ് അവൾ കോടതിയിലേക്ക് പുറപ്പെടുന്നത്. യാത്രക്കിടയിൽ തന്നെ ആരെങ്കിലും കാണുമോ എന്നും കണ്ടാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയും അവൾ വല്ലാതെ ആകുലപ്പെടുന്നുണ്ട്.

വളരെയേറെ പേടിച്ചും ആശങ്കയോടെയുമാണ് അവർ കോടതിയിൽ എത്തുന്നത്. അന്നേരവും നുജൂദിന് വിവാഹ മോചനവും നീതിയും വളരെ വിദൂരത്തായിരുന്നു. കോടതിക്ക് മുന്നിലൂടെ ഒന്നുമറിയാതെ അവൾ കുറെ അലഞ്ഞുനടന്നു. അങ്ങനെയിരിക്കെയാണ് അവളുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി എല്ലാവിധ സഹായങ്ങളുമായി ഷാദാ എന്ന വക്കീൽ വരുന്നത്. ഷാദാ എന്ന സഹോദരി വായനക്കാരുടെ ഓർമയിൽ സ്നേഹത്തിന്റെയും കരുണയുടെയും ബിംബമായി എന്നും അവശേഷിക്കും.

ഷാദയുടെ കൃത്യമായ രീതിയിലുള്ള ഇടപെടലുകളും അനുബന്ധ പ്രവർത്തനങ്ങളുമാണ് ഒടുവിൽ നുജൂദിന് പുതുജീവിതത്തിലേക്കുള്ള വഴി തുറക്കുന്നതും പഴയത് പോലെ സ്കൂളിലേക്കുള്ള യാത്ര പുനരാരംഭിക്കാനാകുന്നതും.
യഥാർഥത്തിൽ വലിയ മനക്കരുത്തിന്റെയും ആത്മധൈര്യത്തിന്റെയും പ്രതിബിംബമാണ് നുജൂദ്. നുജൂദിന്റെ തുറന്നു പറച്ചിലുകളും നിയമ പോരാട്ടങ്ങളും ഇതുപോലെ ജീവിതം ഹോമിക്കപ്പെട്ടവർക്ക് വലിയ രീതിയിലുള്ള ധൈര്യം പകർന്നു നൽകുമെന്നത് തീർച്ചയാണ്.

Latest