Connect with us

Articles

ഗവര്‍ണറെ ഭരണഘടനാവത്കരിക്കണം

ഗവര്‍ണര്‍മാരുടെ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ വ്യവഹാരങ്ങള്‍ പല ഭരണഘടനാ കോടതികളിലും നടക്കുന്നുണ്ട്. ഭരണഘടനയുടെ സംരക്ഷണ ദൗത്യം നിര്‍വഹിക്കുന്ന സുപ്രീം കോടതിക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ നമ്മുടെ സംസ്ഥാനങ്ങളിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസരം ഇതാണ്.

Published

|

Last Updated

പഴമയുടെ സൗന്ദര്യവും പ്രതാപവും തുളുമ്പുന്ന ഗംഭീര സൗധങ്ങളാണ് നമ്മുടെ രാജ്ഭവനുകളില്‍ പലതും. അതിനാല്‍ രാജ്ഭവനിലേത് സുഖവാസമാണ്. ഭൗതിക സുഖസൗകര്യങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാറുകളില്‍ രാജ്ഭവനുകള്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യം ലളിതവും സുഖകരവുമാണ്. എപ്പോഴും തിരക്കിലമരുന്ന വിധമുള്ള കടമകളൊന്നും ഗവര്‍ണര്‍ക്ക് ഭരണഘടന നിര്‍ണയിച്ച് നല്‍കിയിട്ടില്ല. സ്വാതന്ത്ര്യാനന്തരം സംസ്ഥാനങ്ങളുടെ രൂപവത്കരണവും ഏകീകരണവും നടന്നുകൊണ്ടിരിക്കെ ഗവര്‍ണര്‍ പദവികളിലെത്തിയവരില്‍ പലരും മുന്‍ രാജകുടുംബ അംഗങ്ങളായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. വലിയ അധ്വാന ഭാരമില്ലാതെ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി മന്ദിരങ്ങളിലെ സുഖാഡംബരങ്ങള്‍ക്ക് സമാനമായി സര്‍ക്കാര്‍ ചെലവില്‍ കഴിയാന്‍ പറ്റുമെങ്കില്‍ അതിന് കൂടുതല്‍’ യോഗ്യര്‍’ പഴയ നാട്ടുപ്രമാണിമാര്‍ തന്നെയാണെന്ന് കരുതിക്കാണണം. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ ഗവര്‍ണര്‍ പദവിക്ക് നല്‍കിയ ഭരണഘടനാപരമായ വിശദീകരണം മാറ്റിവെച്ചാല്‍ പ്രയോഗതലത്തില്‍ പലപ്പോഴും സംഭവിക്കുന്നത് ജനാധിപത്യവിരുദ്ധമായ ചട്ടമ്പിത്തരമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകള്‍ക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ ഗവര്‍ണര്‍ പദവിയിലെത്തുന്നവര്‍ തങ്ങള്‍ക്കില്ലാത്ത അധികാരം ഉപയോഗിച്ച് സര്‍ക്കാറുകളെ പ്രതിസന്ധിയിലാക്കുന്നതിന് സ്വാതന്ത്ര്യാനന്തരം ഗവര്‍ണര്‍ പദവിയുടെ പിറവിയോളം പഴക്കമുണ്ട്. പില്‍ക്കാലത്ത് ധിഷണാശാലികളായ പ്രഗത്ഭര്‍ ഗവര്‍ണര്‍മാരായപ്പോള്‍ അതിന് മാറ്റമുണ്ടായി എന്നത് വിസ്മരിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ചട്ടുകങ്ങളായി സംസ്ഥാന ഗവര്‍ണര്‍മാര്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത് ഭരണഘടനക്ക് നേരേയുള്ള വെല്ലുവിളിയായിത്തന്നെ വേണം മനസ്സിലാക്കാന്‍. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് ഗവര്‍ണര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ അവഗണിച്ചുകൊണ്ട് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. അതുവഴി ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കളഞ്ഞുകുളിച്ച് പക്കാ രാഷ്ട്രീയക്കാരായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍ പദവിയിലിരിക്കുന്നവര്‍.
സംസ്ഥാന സര്‍ക്കാറുകളോട് ഏറ്റുമുട്ടുന്ന ഗവര്‍ണര്‍മാര്‍ വലിയ വായില്‍ ഉന്നയിക്കുന്ന അവകാശവാദം ഗവര്‍ണര്‍മാര്‍ക്ക് തീരുമാനങ്ങളില്‍ വിവേചനാധികാരമുണ്ട് എന്നതാണ്. സംസ്ഥാന മന്ത്രിസഭയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനയുടെ 163ാം അനുഛേദ പ്രകാരം പൊതുവായ വിവേചനാധികാരം ഇല്ല തന്നെ. അഥവാ ഭരണഘടനാപരമായി ഗവര്‍ണര്‍ നിര്‍വഹിക്കേണ്ട കടമകളില്‍ മാത്രമേ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുള്ളൂ. അത് തന്നെയും അമിതാധികാര പ്രവൃത്തിയും സ്വേച്ഛാപരവുമാകരുത്. ഇക്കാര്യം ഭരണഘടനാ നിര്‍മാണ സഭയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ വിശദീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി പല വിധികളിലും ഊന്നിപ്പറഞ്ഞിട്ടുമുണ്ട്.

സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അവസരം നല്‍കുന്ന ഭരണഘടനയുടെ 356ാം അനുഛേദം ഉപയോഗിച്ച് നാളിതുവരെ നൂറിലേറെ തവണയാണ് രാജ്ഭവനുകള്‍ സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തിയത്. അത്തരം ശ്രമങ്ങളില്‍ പലതിലും മുഴച്ചുനിന്നിരുന്ന നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ നമ്മുടെ നീതിപീഠങ്ങളെ ഭരണഘടനാപരമായ പരിശോധനകള്‍ക്ക് നിര്‍ബന്ധിതരാക്കുകയും മറ്റു ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 2016ല്‍ മാത്രം കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സര്‍ക്കാറുകളെ കേന്ദ്ര സര്‍ക്കാര്‍ നോമിനികളായ ഗവര്‍ണര്‍മാര്‍ പിരിച്ചുവിട്ടത് ഇവിടെ പ്രസ്താവ്യമാണ്. അതില്‍ ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭ പിരിച്ചുവിട്ട നടപടി ഒരു മാസത്തിനകം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അക്ഷരംപ്രതി അനുസരണയുള്ള അടിമകളായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു അമിതാധികാര പ്രവണതയെന്ന് നീതിപീഠങ്ങള്‍ വിലയിരുത്തിയ ആ രണ്ട് പിരിച്ചുവിടലുകളും.

വലിയ അധികാര ദുര്‍വിനിയോഗം ഗവര്‍ണര്‍മാര്‍ നടത്തുമ്പോഴും ഗവര്‍ണര്‍ പദവിയിലെ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറെ ഉത്തരവാദിയാക്കുന്ന മാന്‍ഡേറ്റ് ഭരണഘടനയില്‍ ഇല്ലാത്തത് പഴുതായി നിലനില്‍ക്കുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും രാജ്യത്തോട് കണക്ക് പറയേണ്ടതായി വരികയോ ഇംപീച്ച് ചെയ്യപ്പെടുകയോ സംഭവിക്കുമ്പോഴും അവ്വിധമൊരു സ്ഥിതിവിശേഷം ഭരണഘടനാപരമായി ഗവര്‍ണര്‍ക്കില്ലാത്തത് ഗൗരവതരമാണ്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി തുടരണോ എന്ന ചര്‍ച്ച ഇടക്കിടെ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നു വരുന്നതിന് പിന്നിലെ കാരണവും ഇതൊക്കെ തന്നെയാണ്. ഗവര്‍ണര്‍ പദവിയിലേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നതിലെ സ്വേച്ഛാപ്രവൃത്തി പരിശോധിക്കാനും ഭരണഘടനയില്‍ വകുപ്പില്ല.

റിപ്പബ്ലിക്കിന്റെ 72 വര്‍ഷങ്ങള്‍ക്കിടെ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി റദ്ദ് ചെയ്തതിനൊടുവില്‍ ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ അനുയോജ്യനല്ലെന്ന് വിധിക്കപ്പെട്ട് ഒരു ഗവര്‍ണറും രാജിവെച്ചിട്ടില്ല. ഗവര്‍ണര്‍ പദവിയിലെ പരിമിതമായ അവകാശങ്ങളെക്കുറിച്ച് മാത്രമുള്ള ഭരണഘടനാ പ്രതിപാദ്യം പദവിയുടെ ദുരുപയോഗത്തിലേക്കാണ് നയിച്ചത്. അതുകൊണ്ടാണ് സംസ്ഥാനങ്ങളിലെ ജനഹിതത്തെ മാനിക്കാതെ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര അജന്‍ഡകളുടെ വാഹകരായ ഗവര്‍ണര്‍മാര്‍ ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2014 മുതല്‍ രാജ്ഭവനുകളുടെ രാഷ്ട്രീയക്കളി മറയില്ലാതെ പുറത്തുവന്നത് ഒരു ഡസനോളം സംസ്ഥാനങ്ങളിലാണ്. നേരത്തേ മണിപ്പൂരിലും ഗോവയിലും ജനവിധി മറികടന്ന് ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ വഴിയൊരുക്കിയത്, രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം, മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാറിന്റെ അധികാരാരോഹണത്തിന് അവസാന നിമിഷം വരെ വിലങ്ങുതടിയായി നിന്നതടക്കം ഉന്നതമായ ഭരണഘടനാ പദവിയോടുള്ള തികഞ്ഞ അവഹേളനമാണ് ഡല്‍ഹി നോമിനികള്‍ കാട്ടിക്കൂട്ടിയത്.

ഗവര്‍ണര്‍ പദവിയുടെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടില്ലെന്ന ആത്മവിശ്വാസം തന്നെയാണ് ഒരു പരിധി വരെ കേന്ദ്ര സര്‍ക്കാര്‍ ദാസ്യത്തിന് ഗവര്‍ണര്‍മാരെ പ്രേരിപ്പിക്കുന്നത്. ഏതെങ്കിലും ഗവര്‍ണര്‍ രാജി സമര്‍പ്പിച്ചതിന് ശേഷമോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമോ നേരത്തേ പദവിയിലിരുന്നപ്പോള്‍ നടത്തിയ സത്യപ്രതിജ്ഞാ ലംഘനത്തിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവന്ന ചരിത്രം നമ്മുടെ രാജ്യത്തില്ല. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ രാജ്യത്തെ ഭരണഘടനാ കോടതി കണ്ടെത്തിയതിന് ശേഷം ഭരണഘടനയോടുള്ള അവഹേളനത്തിന് ക്രിമിനല്‍ നടപടി നേരിടേണ്ടി വന്ന വൃത്താന്തവും രാജ്യചരിത്രത്തിലില്ല. അങ്ങനെയിരിക്കെ ഗവര്‍ണര്‍ പദവിയെ ഭരണഘടനാവത്കരിക്കാനുള്ള വേഗമുള്ള നടപടികള്‍ ആവശ്യമാണ്. അതിന് ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ സന്നദ്ധരാകുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. ഗവര്‍ണര്‍മാരുടെ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ വ്യവഹാരങ്ങള്‍ പല ഭരണഘടനാ കോടതികളിലും നടക്കുന്നുണ്ട്. ഭരണഘടനയുടെ സംരക്ഷണ ദൗത്യം നിര്‍വഹിക്കുന്ന സുപ്രീം കോടതിക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ നമ്മുടെ സംസ്ഥാനങ്ങളിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസരം ഇതാണ്. ഗവര്‍ണര്‍ പദവിയുടെ കാലോചിത പരിഷ്‌കരണം ലക്ഷ്യമാക്കി ജസ്റ്റിസ് മദന്‍മോഹന്‍ പൂഞ്ചി കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികളും ഉണ്ടാകണം. ഗവര്‍ണറെ നിയമിക്കുന്നതിലും ഒഴിവാക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ താത്പര്യം പ്രവര്‍ത്തിക്കുന്നത് മാറി ഭരണഘടനാ ലംഘനത്തിന്‍മേല്‍ സംസ്ഥാന നിയമസഭക്ക് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം നല്‍കുക, പ്രാദേശികമായിപ്പോലും സജീവ രാഷ്ട്രീയം സമീപ വര്‍ഷങ്ങളില്‍ ഇല്ലാത്ത യോഗ്യരെ മാത്രം ഗവര്‍ണര്‍മാരായി നിശ്ചയിക്കുക തുടങ്ങിയ പൂഞ്ചി കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയാല്‍ മാത്രമേ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ശരിയാം വിധം പുലരുകയുള്ളൂ.

 

Latest