Connect with us

Kerala

കുറുക്കന്‍മൂലയില്‍ ഭീതി പരത്തുന്ന കടുവയെ ഇനിയും പിടികൂടാനായില്ല

മുതുമലയില്‍ നിന്നും 30 കാമറകള്‍ കൂടി എത്തിച്ച് ഇന്ന് പ്രദേശത്തെ വിവിധയിടങ്ങളില്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Published

|

Last Updated

വയനാട് | വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. 23 ദിവസമായി കുറക്കന്‍മൂലയില്‍ ഭീതിവിതക്കുന്ന കടുവക്കായി വനംവകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തിയെന്നും നിരീക്ഷിച്ച് വരികയാണെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം കടുവയെക്കുറിച്ച് വിവരമൊന്നുമില്ല.

അതേസമയം ഒരാഴ്ചയിലേറെയായി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയൊന്നും ആക്രമണം നടന്നിട്ടില്ലെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.

കഴുത്തിന് മുറിവേറ്റ കടുവ ക്ഷീണിതനായതിനാല്‍ നീക്കങ്ങള്‍ കുറഞ്ഞിരിക്കാം എന്ന അനുമാനവുമുണ്ട്. കടുവ ഭീതി നിലനില്‍ക്കുന്നതിനാല്‍ മാനന്തവാടി നഗരസഭയുടെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

ഇരുനൂറിലേറെ വനപാലകരും മൂന്ന് മയക്കുവെടി സംഘങ്ങളുമാണ് കടുവക്കായി തിരച്ചില്‍ നടത്തിവരുന്നത്. മുതുമലയില്‍ നിന്നും 30 കാമറകള്‍ കൂടി എത്തിച്ച് ഇന്ന് പ്രദേശത്തെ വിവിധയിടങ്ങളില്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.