Connect with us

Kerala

ദുബൈയില്‍ മരിച്ച ജയകുമാറിന്റെ മൃതദേഹം സുഹൃത്തിന് വിട്ടുനല്‍കി കുടുംബം

പോലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം സുഹൃത്തിന് തന്നെ വിട്ടുനല്‍കാന്‍ ജയകുമാറിന്റെ ബന്ധുക്കള്‍ തീരുമാനിച്ചത്.

Published

|

Last Updated

നെടുമ്പാശ്ശേരി | ദുബൈയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം നീണ്ട ചര്‍ച്ചക്കൊടുവില്‍ സംസ്‌കരിക്കുന്നതിന് സുഹൃത്ത് സഫിയക്ക് വിട്ടുനല്‍കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പോലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ഏറ്റുവാങ്ങിയ സഫിയക്ക് തന്നെ വിട്ടുനല്‍കാന്‍ ജയകുമാറിന്റെ ബന്ധുക്കള്‍ തീരുമാനിച്ചത്. തന്നെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന്റെ മൃതദേഹം വേണ്ടെന്ന നിലപാടിലായിരുന്നു ഭാര്യ. തുടര്‍ന്ന് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച ധാരണാപത്രം പോലീസ് മധ്യസ്ഥതയില്‍ തയ്യാറാക്കി.
ഇതില്‍ ജയകുമാറിന്റെ മാതാവും ഭാര്യയും ഒപ്പിട്ടു. മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് ധാരണയായത്.

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കള്‍ എട്ട് മണിക്കൂറിലധികമായി സംസ്‌കരിക്കാതെ കാത്തിരിക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിന് പോലീസിന്റെ എന്‍ ഒ സി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കള്‍ ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെ നിന്ന് എന്‍ ഒ സി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കള്‍ ഏറ്റുമാനൂരിലേക്ക് തിരിച്ചു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചതിന് കാരണമെന്നാണ് വിവരം. ഭാര്യയുമായി അകല്‍ച്ചയിലായിരുന്ന ജയകുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയക്കൊപ്പമാണ് ജീവിച്ചിരുന്നത്.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ മൃതദേഹം എത്തിച്ചതിനു പിന്നാലെ പോലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാര്‍ മരിച്ചതെന്ന് വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവര്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതാണ് നല്ലതെന്നും ബന്ധുക്കള്‍ നിലപാടെടുത്തു.

ഈ മാസം 19ന് ദുബൈയില്‍ വെച്ചാണ് ഏറ്റുമാനൂര്‍ സ്വദേശി ജയകുമാര്‍ ജീവനൊടുക്കിയത്. വീടുമായി യാതൊരു ബന്ധവും വര്‍ഷങ്ങളായി സൂക്ഷിക്കാത്തയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ പോലീസിന്റെ എന്‍ ഒ സി ലഭിക്കാതെ സുഹൃത്തുക്കള്‍ക്ക് മൃതദേഹം സംസ്‌കരിക്കാനും നിര്‍വാഹമില്ലായിരുന്നു.