Connect with us

ksrtc bus

ഡ്രൈവര്‍ ഡ്യൂട്ടിക്ക് എത്തിയില്ല; കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഒരു മണിക്കൂറോളം വൈകി

യൂനിയന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി പോകാന്‍ പ്രമോദ് തയാറായില്ല.

Published

|

Last Updated

പത്തനംതിട്ട | ഡ്രൈവര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് റാന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ രണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ ചൊവാഴ്ച ഒരു മണിക്കൂറോളം വൈകി. ഡ്യൂട്ടിക്ക് വരാതിരുന്ന ഡ്രൈവര്‍ക്കും പകരം പോകാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ച ഡ്രൈവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. ചൊവ്വാഴ്ച പുലര്‍ച്ചെ 4.10നുള്ള കുടിയാന്മല, 4.30നുള്ള അമൃത ആശുപത്രി എന്നീ സര്‍വീസുകളാണ് വൈകിയത്.

ഡിപ്പോയില്‍ നിന്നുള്ള ആദ്യ സര്‍വീസാണ് കുടിയാന്മല സൂപ്പര്‍ ഫാസ്റ്റ്. ഇതില്‍ പോകേണ്ടിയിരുന്നത് വി പി സന്തോഷ് എന്ന ഡ്രൈവറായിരുന്നു. ഒപ്പം പോകാനുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ പി എ നവാസ് കൃത്യസമയത്ത് വരികയും ചെയ്തു. ഈ സര്‍വീസിലേക്കുള്ള സീറ്റ് മുഴുവന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആണ്. ഇതില്‍ പോകേണ്ട ധാരാളം യാത്രക്കാരും ഡിപ്പോയില്‍ വന്നിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ഡ്രൈവര്‍ സന്തോഷ് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. 4.30ന് പുറപ്പെടേണ്ട അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന്റെ ഡ്രൈവര്‍ കെ എം പ്രമോദ് 4.15ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാര്‍ ബഹളം ഉണ്ടാക്കുമെന്നതിനാല്‍ കുടിയാന്മല സര്‍വീസില്‍ പ്രമോദിനെ അയയ്ക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള ഡ്യൂട്ടി കാര്‍ഡും എഴുതി നല്‍കി.

എന്നാല്‍, ബുധനാഴ്ചത്തെ യൂനിയന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി പോകാന്‍ പ്രമോദ് തയാറായില്ല. കാര്‍ഡ് സ്‌റ്റേഷന്‍ മാസ്റ്ററുടെ മേശപ്പുറത്ത് വച്ച് ഇയാള്‍ ഇറങ്ങിപ്പോയി. ഇതിനിടെ രണ്ട് ബസിലും പോകേണ്ട യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ എത്തി ബഹളം തുടങ്ങി. യാത്രക്കാരുടെ ബഹളം അതിരു കടന്നപ്പോള്‍ പിന്നാലെ ഡ്യൂട്ടികള്‍ക്ക് വരേണ്ട ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ച് കുടിയാന്മല സര്‍വീസില്‍ പോകുന്നതിന് തയാറായി വരാന്‍ ആവശ്യപ്പെട്ടു. വീണ്ടും കാലതാമസം നേരിടുമെന്ന് വന്നതിനാല്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഡ്രൈവര്‍മാരുടെ വിശ്രമമുറിയില്‍ ചെന്ന് കഴിഞ്ഞ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ എം കെ കേശവനെ വിളിച്ചുണര്‍ത്തി കുടിയാന്മല സര്‍വീസിന് അയയ്ക്കുകയായിരുന്നു.

ഡബിള്‍ ഡ്യൂട്ടി കഴിഞ്ഞ് കിടന്നുറങ്ങിയ കേശവന്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കി സര്‍വീസിന് പോകാന്‍ തയ്യാറാകുയായിരുന്നു. ഒരു മണിക്കൂര്‍ വൈകി 5.20 ന് ഈ സര്‍വീസ് പുറപ്പെട്ടു. ഇതിനിടെ മുക്കാല്‍ മണിക്കൂറോളം വൈകി 5.20ന് ഡ്രൈവര്‍ പ്രമോദ് തന്നെ അമൃത ആശുപത്രി സര്‍വീസില്‍ പോവുകയും ചെയ്തു. വി പി സന്തോഷ്, എം കെ പ്രമോദ് എന്നിവരെ ആബ്‌സന്റായി കണക്കാക്കിയുള്ള റിപ്പോര്‍ട്ട് ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ വി വി റോബിന്‍സണ്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജിന് കൈമാറി. സംഭവം സംബന്ധിച്ച് കെ എസ് ആര്‍ ടി സി വിജിലന്‍സും അന്വേഷണം നടത്തി.

Latest